തിരുവനന്തപുരം: ഡിസിപി ചുമതലയിലുണ്ടായിരുന്ന ചൈത്ര തെരേസ ജോണ്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം നാളെ ഡിജിപിക്ക് നല്‍കും. പോക്‌സോ കേസില്‍ പിടിയിലായ 2 സഹപ്രവര്‍ത്തകരെ കാണാന്‍ അനുവദിച്ചില്ലന്നാരോപിച്ച് അമ്പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതിലെ പ്രതികളെ തിരഞ്ഞാണ് ഡി സി പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം മേട്ടുക്കടയിലെ സി പി എം ജില്ലാ ഓഫീസില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ ആഭ്യന്തരവകുപ്പ് ചൈത്രയോട് വിശദീകരണം തേടിയിരുന്നു. പിന്നാലെ ചൈത്രയെ ഡിസിപി ചുമതലയില്‍ നിന്നൊഴിവാക്കി വനിതാ സെല്ലിലേക്ക് മടക്കി അയക്കുകയും ചെയ്തു.
എന്നാല്‍ പാര്‍ട്ടിയെ അപമാനിക്കാനും പ്രതിപക്ഷത്തെ സഹായിക്കാനുമാണ് ഡിസിപി റെയ്ഡ് നടത്തിയതെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ജില്ല കമ്മിറ്റി ഓഫീസ് റെയ്ഡ് മര്യാദകെട്ട നടപടിയെന്നും പ്രതിപക്ഷത്തിന് വടി നല്‍കലായിരുന്നു ചൈത്രയുടെ ലക്ഷ്യമെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചത്.ചൈത്രയ്ക്കെതിരെ കര്‍ശന നടപടി വേണമെന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം. ഇതേ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണത്തിന് ഡിജിപി നിര്‍ദേശം നല്‍കിയത്.എന്നാല്‍ വിഷയം ഏറെ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ ചൈത്രയ്ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉടനുണ്ടാകില്ലെന്നാണ് സൂചന. കൃത്യനിര്‍വഹണം മാത്രം ചെയ്ത ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തില്‍ ഐപിഎസ് ഓഫീസര്‍മാരുടെ സംഘം ഡി.ജി.പി.യെ അതൃപ്തി അറിയിച്ചതായും വിവരമുണ്ട്.
Post Your Comments