Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

ദില്ലിയില്‍ ഞാന്‍ കാവല്‍ക്കാരനായി ഉളളപ്പോള്‍ കട്ടുമുടിക്കാന്‍ ഒരാള്‍ക്കും അവസരം നല്‍കില്ല പ്രധാനമന്ത്രി

തൃശ്ശൂര്‍:  ദില്ലിയില്‍ കാവല്‍ക്കാരനായി ഞാനുള്ള കാലത്തോളം അവരെ കട്ടുമുടിക്കാന്‍ അനുവദിക്കില്ല. രാജ്യത്തെ വിഭജിക്കാന്‍ ഈ കാവല്‍ക്കാരന്‍ അവരെ അനുവദിക്കില്ല. രാജ്യത്തെ പൗരന്‍മാരെ രാജ്യവികസനത്തിനായി ഒറ്റക്കെട്ടായി നിര്‍ത്താന്‍ ഒരുപാട് ചുവടുകള്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിക്കുന്നത്.

യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് തൃശ്ശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. ഒപ്പം തൃശൂരിന്‍റെ മണ്ണില്‍ നിന്ന് വളര്‍ന്ന് വന്ന സംസ്കാരിക സാഹിത്യ കലാ വിവിധ മേഖലകളിലുളള വിശിഷ്ട വ്യക്തിത്വങ്ങളെ ഓര്‍ക്കാനും അവരെ പറ്റി രണ്ട് വാക്ക് സംസാരിക്കാനും പ്രധാനമന്ത്രി മറന്നുപോയില്ല.

.കമലാസുരയ്യ, ബാലാമണി, വികെഎന്‍, സുകുമാര്‍ അഴീക്കോട്,എം ലീലാവതി ,. കലാഭവന്‍ മണി, ബഹദൂര്‍ എന്നിവരെയും അദ്ദേഹം ഓര്‍ത്തു. തൃശൂരുകാരുടെ ലഹരിയായ തൃശൂര്‍ പൂരത്തെപ്പറ്റിയും പ്രസംഗവേളയില്‍ അദ്ദേഹം സംസാരിച്ചു.

പ്രധാന മന്ത്രിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം

കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെത്തി ചേരാന്‍ സാധിച്ചതില്‍ സന്തോഷം. ഗുരുവായൂര്‍ ക്ഷേത്രവും തൃശ്ശൂര്‍ പൂരവും ആഗോളപ്രസിദ്ധമാണ്. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകമാണ് തൃശ്ശൂരില്‍ കാണുന്നത്. കമലാസുരയ്യ, ബാലാമണി, വികെഎന്‍, സുകുമാര്‍ അഴീക്കോട്,എം ലീലാവതി തുടങ്ങിയ മഹാന്‍മാര്‍ക്ക് ജന്മം നല്‍കിയ ഭൂമിയാണ് തൃശ്ശൂരിന്‍റേത്. കലാഭവന്‍ മണി, ബഹദൂര്‍ എന്നീ സിനിമനടന്‍മാരേയും ഞാനീ നിമിഷത്തില്‍ ഓര്‍ക്കുന്നു.
കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോള്‍ ഞാന്‍ കൊല്ലം ബൈപ്പാസ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.ഒരുപാട് വര്‍ഷം കൊണ്ടാണ് ആ പദ്ധതി പൂര്‍ത്തിയായത്. ഇപ്പോള്‍ ഞാന്‍ കേരളത്തിലെത്തിയത് കൊച്ചി റിഫൈനറിയുടെ ഉദ്ഘാടനത്തിനാണ്.കേരളത്തിലെ ജനങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് വലിയ മുതല്‍ക്കൂട്ടായിരിക്കും ഈ പദ്ധതി.

2014-ല്‍ രാജ്യത്തെ 54 ശതമാനം വീടുകളില്‍ മാത്രമേ പാചക വാതക കണക്ഷന്‍ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അത് 90 ശതമാനത്തിലേറെയായി. ആറ് കോടിയിലേറെ ദരിദ്രരായ വനിതകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി പാചക കണക്ഷന്‍ നല്‍കി. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണശാല ഇന്ത്യയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറിയാണ് ഇന്ന് കൊച്ചിയില്‍ ഉള്ളത്. കൊച്ചി-കൂറ്റനാട്-മംഗളൂര്‍- ബെംഗ ഗളൂര്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി 5000 കോടി ചിലവില്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഇത് ഉടന്‍ പൂര്‍ത്തിയാക്കും.

പെട്രോളിന്‍റേയും ഡീസലിന്‍റേയും ഇറക്കുമതി ചിലവ് കുറയ്ക്കാനായി പ്രകൃതി സൗഹൃദ ഇന്ധനങ്ങളുടെ ഉത്പാദനം നമ്മള്‍ ശക്തമാക്കുകയാണ്. പെട്രോളോ, ഡീസലോ, എവിയേഷന്‍ ഫ്യുയലോ എന്തുമാവട്ടെ ഇങ്ങനെ പ്രധാന വാതകങ്ങളിലെല്ലാം പത്ത് ശതമാനം ജൈവഇന്ധനം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുകയാണ്. ഇത് 25 ശതമാനമായി വര്‍ധിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതുവഴി രാജ്യത്തെ എണ്ണ ഇറക്കുമതി പത്ത് ശതമാനം വരെ കുറയ്ക്കാനും ആയിരകണക്കിന് കോടി രൂപ ലാഭിക്കാനും നമ്മുക്ക് സാധിക്കും. 2021-ഓടെ ഈ ലക്ഷ്യം നേടാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഭരണസംവിധാനത്തില്‍ കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് വിപ്ലവകരമായ മാറ്റം കൊണ്ടു വരാന്‍ നമ്മുക്കായി. നമ്മുടെ ലക്ഷ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉതകുന്ന രീതിയിലുള്ള സന്പദ് വ്യവസ്ഥയെ വളര്‍ത്തുക എന്നതാണ്. കൊച്ചി ബിപിസിഎല്ലിന്‍റെ പെട്രോ കെമിക്കല്‍ കോപ്ലക്സ് ഉള്‍പ്പടെയുള്ള പദ്ധതികളിലൂടെ കേരളത്തിലെ ആയിരക്കണക്കകിന് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും. ഇന്ന് ലോകത്ത് ഏറ്റവും വേഗതയില്‍ വളരുടെ സന്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. അഞ്ച് വര്‍ഷം മുന്‍പ് ലോകം ഇന്ത്യയെ ഉപേക്ഷിച്ച മട്ടായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു.

നമ്മുടെ കാഴ്ച്ചപ്പാടും നമ്മളോടുള്ള അവരുടെ കാഴ്ച്ചപ്പാടും മാറിയിരിക്കുന്നു. വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 142-ല്‍ നിന്നും 79-ലേക്ക് നമ്മള്‍ ഉയര്‍ത്തപ്പെട്ടു. ചൈനയേക്കാള്‍ കൂടുതല്‍ വിദേശനിക്ഷേപം കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാണ് എത്തിയത്. രണ്ട് മൊബൈല്‍ നിര്‍മ്മാണശാലകള്‍ മാത്രം ഉണ്ടായിരുന്ന ഇന്ത്യയില്‍ 120-ലേറെ മൊബൈല്‍ നിര്‍മ്മാണഫാക്ടറികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെറും നാല് വര്‍ഷം കൊണ്ടുണ്ടായ ഈ മാറ്റം ഈ സര്‍ക്കാര്‍ ഇവിടെ കൊണ്ടു വന്ന ഉണര്‍വിന് ഉദാഹരമാണ്. ആയുഷ്മാന്‍ ഭാരത് എന്ന പേരില്‍ ലോകത്തെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി.

രാജ്യത്തെ പൊതുശുചിത്വം ഒരു മുഖ്യവിഷയമായി കണ്ട ആദ്യത്തെ സര്‍ക്കാരാണ് ഇത്. 2014-ല്‍ രാജ്യത്ത് 38 ശതമാനം സ്ഥലങ്ങളില്‍ മാത്രമേ ശൗചാലയങ്ങളുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് 98 ശതമാനം ജനവാസമേഖലകളിലും ശൗചാലയങ്ങളെത്തി. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കാന്‍ ഈ സര്‍ക്കാരിനായി. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റെ നയം. അതിനായാണ് ബിജെപിയും എന്‍ഡിഎയും കേന്ദ്രസര്‍ക്കാരും പരിശ്രമിക്കുന്നത്.

പരിതാപകരം എന്ന് പറയട്ടെ കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം വലിയ ആക്രമണം നേരിടുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് കേരളം ഭരിക്കുന്ന പാര്‍ട്ടിയാണ്. ശബരിമല വിഷയം രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും നേടിയ സംഭവമാണ്. കേരള സാംസ്കാരം എല്ലാ രീതിയിലും തകര്‍ക്കപ്പെടുന്ന അവസ്ഥയാണ് ശബരിമലയില്‍ ഉണ്ടായത്. എന്ത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സംസ്കാരത്തെ അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

ഇക്കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ അതേ നിലപാടാണ് കോണ്‍ഗ്രസിനും യുഡിഎഫിനും. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് ദില്ലിയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ്. അവരുടെ ഇരട്ടത്താപ്പ് ഇപ്പോള്‍ വെളിപ്പെട്ടു കഴിഞ്ഞു. അതൊന്നും ഇവിടെ വിലപോവില്ലെന്ന് അവര്‍ മനസ്സിലാക്കണം. സ്ത്രീ ശാക്തീകരണത്തിന്‍റെ കാര്യത്തില്‍ അവര്‍ക്കൊരു താത്പര്യവുമില്ല. ഉണ്ടായിരുന്നുവെങ്കില്‍ മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമത്തെ അവര്‍ എതിര്‍ക്കുമായിരുന്നില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനിതാ മുഖ്യമന്ത്രിമാരായിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്ത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുള്ള ചരിത്രമുണ്ടോ.

രാജ്യത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതിയുമായി സര്‍ക്കാര്‍ വരുന്പോള്‍ മോദിയെ വെറുക്കുക എന്ന അജന്‍ഡയുമായാണ് പ്രതിപക്ഷത്തുള്ള സുഹൃത്തുകള്‍ വരുന്നത്. അവര്‍ക്ക് മറ്റൊരു രാഷ്ട്രീയവും മുന്നോട്ട് വയ്ക്കാനില്ല. രാവിലെ എണീക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ മോദിയെ അപമാനിക്കല്‍ മാത്രമാണ് അവര്‍ക്ക് ചെയ്യാനുള്ളത്. നിങ്ങളെ കൊണ്ടാവും പോലെ എന്നെ അപമാനിച്ചോള്ളൂ പക്ഷേ ഇന്നാട്ടിലെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കരുത്. എന്നെ എങ്ങനെയും അധിക്ഷേപിച്ചോ പക്ഷേ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് തടയരുത്. എത്ര വേണമെങ്കിലും എന്നെ അപമാനിച്ചോ പക്ഷേ മഹത്തായ ഈ രാജ്യത്തെ നിങ്ങള്‍ അപമാനിക്കരുത്.

കോണ്‍ഗ്രസുകാരാവട്ടെ കമ്മ്യൂണിസ്റ്റുകാരാവട്ടെ അവര്‍ക്ക് ഒരു ഭരണഘടനാ സ്ഥാപനങ്ങളോട് ഒരു ബഹുമാനമില്ല. അവര്‍ക്ക് പൊലീസിനെ വിലയില്ല, സൈന്യത്തെ വിലയില്ല, സിബിഐയെ വിലയില്ല, സിഎജിയെ വിലയില്ല. ഇതെല്ലാം തെറ്റായ വഴിക്കാണ് പോകുന്നതെന്നാണ് അവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും അവര്‍ക്ക് അംഗീകരിക്കാന്‍ വയ്യ. ലണ്ടനില്‍ പോയി തിരഞ്ഞെടുപ്പ് സംവിധാനത്തെ അവര്‍ തള്ളിപ്പറഞ്ഞു. ആ പരിപാടിയില്‍ പങ്കെടുത്തതാവാട്ടെ ഒരു ഉന്നതകോണ്‍ഗ്രസ് നേതാവും.

കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ജനാധിപത്യത്തെക്കുറിച്ച്‌ പറയുന്നത് തന്നെ വലിയ തമാശയാണ്. ആശയഗതി മറ്റൊന്നാണ് എന്നതിന്‍റെ പേരില്‍ മാത്രം എത്രയേറെ പേരാണ് കേരളത്തില്‍ കൊലപ്പെട്ടത്. ഇതേ സംസ്കാരമാണ് ഇപ്പോള്‍ മധ്യപ്രദേശിലും വ്യാപിക്കുന്നത്. അവിടെയും ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ്. അടിയന്തരാവസ്ഥ കാലത്തെ മാനസികാവസ്ഥയിലാണ് ഇപ്പോഴും പല കോണ്‍ഗ്രസ് നേതാക്കളും ജീവിക്കുന്നത്.

ഇന്ത്യയുടെ കരുത്ത് ഇന്ത്യയുടെ ജനാധിപത്യമാണ്. രാജ്യം ശക്തമാണെങ്കില്‍ ഇവിടെ ജനാധിപത്യം ശക്തമായി നിലനില്‍ക്കണം. തെരഞ്ഞെടുപ്പ് വരും പോകും. പക്ഷേ രാജ്യം നിലനില്‍ക്കും. മോദിയോടുള്ള വെറുപ്പിന്‍റെ പേരില്‍ രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളേയും ജനാധിപത്യവ്യവസ്ഥയേയും അപമാനിക്കുന്നത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും നിലനിര്‍ത്തണം. ഇന്ത്യന്‍ സംസ്കാരത്തെ അപമാനിക്കുന്നതും ഇന്ത്യന്‍ ജനാധിപത്യത്തെ നശിപ്പിക്കാന്‍ നോക്കുന്നതും പോരാതെ അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒരേ മനസാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരുപാട് എല്‍ഡിഎഫ് മന്ത്രിമാര്‍ രാജിവച്ചു… എന്തുകൊണ്ട്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തുണ്ടായ സോളാര്‍ അഴിമതിയും ഏറെ കുപ്രസിദ്ധമാണ്.

‍നിങ്ങളില്‍ ഒരാള്‍ എന്ന നിലയില്‍ ഒന്നുകൂടെ എനിക്ക് ചോദിക്കാനുണ്ട്. നമ്മുടെ തന്ത്രപരമായ സംവിധാനങ്ങളേയും താത്പര്യങ്ങളേയും കോണ്‍ഗ്രസ് എങ്ങനെ ദുരുപയോഗം ചെയ്തു എന്ന് കൂടി നമ്മള്‍ ഓര്‍ക്കണം. രാജ്യസ്നേഹിയായ നന്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞനെ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളക്കേസില്‍ കുടുക്കി. നാടിന്‍റെ താത്പര്യങ്ങളും ഭാവിയും തകര്‍ത്തെറിഞ്ഞ് കഴിവുള്ള ഒരു ശാസ്ത്രജ്ഞനെ ഇരയാക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. അങ്ങനെയൊരു ശാസ്ത്രജ്ഞന് നാടിന്‍റെ സ്നേഹമറിയിച്ചു കൊണ്ട് പത്മബഹുമതി നല്‍കാന്‍ ഈ സര്‍ക്കാരിന് സാധിച്ചതില്‍ അഭിമാനമുണ്ട്.

നമ്മളെല്ലാവരും ഇന്ത്യ ശക്തമാവണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാല്‍ ശാസ്ത്രത്തെ ചാരപ്പണിയ്ക്കുള്ല അവസരമാക്കി മാറ്റുന്നവരാണ് അവര്‍. എന്നാല്‍ ശാസ്ത്രത്തെ രാജ്യപുരോഗതിക്ക് ഉപയോഗപ്പെടുത്തണം എന്നാഗ്രഹിക്കുന്നവരാണ് നമ്മള്‍. സോളാര്‍ അവര്‍ക്ക് കുംഭക്കോണമാണ് എന്നാല്‍ നമ്മുക്ക് അത് രാജ്യത്തിന്‍റെ ഭാവിയാണ്. ദില്ലിയില്‍ കാവല്‍ക്കാരനായി ഞാനുള്ള കാലത്തോളം അവരെ കട്ടുമുടിക്കാന്‍ അനുവദിക്കില്ല. രാജ്യത്തെ വിഭജിക്കാന്‍ ഈ കാവല്‍ക്കാരന്‍ അവരെ അനുവദിക്കില്ല. രാജ്യത്തെ പൗരന്‍മാരെ രാജ്യവികസനത്തിനായി ഒറ്റക്കെട്ടായി നിര്‍ത്താന്‍ ഒരുപാട് ചുവടുകള്‍ നാം എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കേരളത്തിന്‍റെ സംസ്കാരം സംരക്ഷിക്കാനും പുതിയൊരു ഭാരതം കെട്ടിപ്പടുക്കാനുമായി നമ്മുക്ക് ഒരുമിച്ച്‌ നിന്ന് പ്രയത്നിക്കാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button