കോഴിക്കോട് : യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് നജീബാ കാന്തപുരത്തിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. നിരവധി കേസുകളില്‍ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവാണ് നജീബിനെതിരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതെന്ന് ഫിറോസ് ആരോപിച്ചു. നിരവധി കേസുകളില്‍ പ്രതിയായ ഈ ഡിവൈഎഫ്‌ഐ നേതാവ് എങ്ങനെയാണ് പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുന്നതെന്ന് ഫിറോസ് ചോദിക്കുന്നു.
പേരാമ്പ്രയിലെ മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പോസ്റ്റ് ഇട്ടെന്നാരോപിച്ചാണ് നജീബ് കാന്തപുരത്തിനെതിരെ പൊലീസ് കേസെടുത്തത്. ഡി വൈ എഫ് ഐ നേതാവ് എം എം ജിജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. പരാതി നല്‍കിയ ഡി വൈ എഫ് ഐ നേതാവ് എം എം ജിജേഷ് വിവിധ കേസുകളില്‍ പ്രതിയാണ്. ഡി വൈ എഫ് ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി കൂടിയായ ഇയാള്‍ക്ക് എതിരായ കേസിന്റെ എഫ് ഐ ആറിന്റെ കോപ്പി കൈവശമുണ്ട്. കേസുകളില്‍ പ്രതിയായ ഡി വൈ എഫ് ഐ നേതാവിന് എങ്ങനെയാണ് ഡി ജി പി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ഒക്കെ കയറിയിറങ്ങുന്നതെന്ന് ഫിറോസ് ചോദിക്കുന്നു.
സി പി എമ്മിനെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ കേസെടുക്കുക എന്ന സമീപനമാണ് പിണറായി വിജയന്റെ പൊലീസില്‍ നിന്നും ഇന്ന് കണ്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പൊലീസിന്റെ ഈ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ചൊവ്വാഴ്ച പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മണ്ഡലം മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഫിറോസ് അറിയിച്ചു.
Post Your Comments