കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്ബ്യന്‍ഷിപ്പില്‍ കേരളം വിജയകുതിപ്പ് തുടരുന്നു. സ്പോര്‍ട്സ് അതോറിട്ടി ഗുജറാത്തിനെ 5 -2 സ്കോറിന് ആതിഥേയര്‍ പരാജയപ്പെടുത്തി. കേരളത്തിന് വേണ്ടി സരിഗ വി.എച് മൂന്നു ഗോള്‍ നേടി കേരളത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചു, പതിനൊന്നാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണറിലൂടെയാണ് കേരളം ആദ്യ ഗോള്‍ നേടുന്നത്. അമയ കെ എം കേരളത്തിനു വേണ്ടി ആദ്യമായി ഗോള്‍ വല കുലുക്കി.പിന്നീട് മികച്ച ആക്രമണ ശൈലി ഗുജറാത്ത് പുറത്തെടുത്തുവെങ്കിലും ഭാഗ്യം പലപ്പോഴും കേരളത്തെ തുണച്ചു.എന്നാല്‍ ഇരുപത്തി ഒന്നാം മിനിറ്റിലെ പെനാല്‍റ്റി സ്‌ട്രോക്കിലൂടെ സ്പോര്‍ട്സ് അതോറിറ്റി ഗുജറാത്ത് സമനില പിടിച്ചു.
പിന്നീട് പകുതി സമയം അവസാനിക്കുന്നത് വരെ ഇരു ടീമുകളും പ്രതിരോധത്തില്‍ ഊന്നിയുള്ള കളിയാണ് പുറത്തെടുത്തത്.നാല്‍പത്തി ഒന്നാം മിനിറ്റില്‍ സ്പോര്‍ട്സ് അതോറിറ്റി ഗുജറാത്ത് ഗോള്‍ നില ഉയര്‍ത്തിയെങ്കിലും നാല്‍പത്തി നാലാം മിനിറ്റില്‍ കേരളം തിരിച്ചടിച്ചു സമനില പിടിച്ചു. ശേഷം പെനാല്‍റ്റി കോര്‍ണറിലൂടെ കേരളം ആധിപത്യം ഉറപ്പിച്ചു. പാസുകള്‍ മികച്ചതായിരുന്നുവെങ്കിലും അതിനെ ഗോളാക്കി മാറ്റാന്‍ സ്പോര്‍ട്സ് അതോറിറ്റി ഗുജറാത്തിനു സാധിച്ചില്ല.നാല്‍പത്തി ഒന്‍പത്,അന്‍പത്തി മൂന്ന് മിനിറ്റുകളില്‍ സരിഗ നേടിയ ഗോളുകളിലൂടെ ആതിഥേയര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു. മത്സരത്തില്‍ കേരളത്തിന് വേണ്ടി സരിഗ മൂന്നു ഗോളും അമയ രണ്ടു ഗോളും നേടി.സ്പോര്‍ട്സ് അതോറിറ്റി ഗുജറാത്തിനു വേണ്ടി നൊറോന്‍ഹ സാനിയ ,പട്ടേല്‍ പ്രാചി എന്നിവര്‍ ഗോളുകള്‍ നേടി.
Post Your Comments