തിരുവനന്തപുരം: മലയാളം മിഷന്‍ ഒരുക്കിയ ധനസമാഹരണ പദ്ധതിയായ ചങ്ങാതിക്കുടുക്കയുടെ ഭാഗമായി ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ സഹായനിധിയുമായി കേരളത്തിലെത്തി . എന്നിട്ട് അവര്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കുടുക്കയില്‍ ശേഖരിച്ച സമ്പാദ്യമായ 27 ലക്ഷം രൂപയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചു.
കേരളത്തിന് പുറത്ത് 10 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും 15 വിദേശരാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍റെ 25000ഓളം വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും ചങ്ങാതിക്കുടുക്ക പദ്ധതിയില്‍ പങ്കുചേര്‍ന്നിരുന്നു. അകംകേരളം നേരിട്ട ദുരിതത്തിന് കൈത്താങ്ങുമായി പുറംകേരളത്തിലെ ഇത്രയുമേറെ വിദ്യാര്‍ഥികള്‍ അണിചേരുന്ന പദ്ധതി ആദ്യമായാണ് സംഘടിപ്പിച്ചത് .
തിരുവനന്തപുരത്ത് ജനുവരി 25 മുതല്‍ 27 വരെയായി നടക്കുന്ന ത്രിദിന സഹവാസ ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ചങ്ങാതിക്കുടുക്കയിലൂടെ തങ്ങള്‍ ശേഖരിച്ച തുക 27 ലക്ഷം രൂപയോളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചത് . കേരളം നേരിട്ട മഹാപ്രളയത്തിനുശേഷം നടക്കുന്ന നവകേരള നിര്‍മിതിയില്‍ പങ്കുചേരാന്‍ പ്രവാസിമലയാളികളിലെ പുതിയ തലമുറയ്ക്കും ഒരവസരം നല്‍കണം എന്ന ചിന്തയാണ് ചങ്ങാതിക്കുടുക്കയിലേക്കു നയിച്ചതെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു.
ചങ്ങാതിക്കുടുക്ക സമര്‍പ്പണത്തോടനുബന്ധിച്ചു നടക്കുന്ന മൂന്നു ദിവസത്തെ സഹവാസ ക്യാമ്പില്‍ 40 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഒന്‍പത് മുതല്‍ 14 വയസുവരെ പ്രായത്തിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും മലയാളം മിഷന്‍റെ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, തെലങ്കാന, ഗോവ എന്നിവിടങ്ങളിലെ വിവിധ പഠനകേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളാണ്.
ജനുവരി 25 വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ചങ്ങാതിക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പിച്ചത് . മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സാംസ്കാരികകാര്യ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷനായി.
Post Your Comments