MollywoodLatest News

വിവാദമൊഴിയാതെ മമ്മൂട്ടി ചിത്രം ‘മാമാങ്കം’ : പുതുമുഖ നടനെ മാറ്റിയതിന് പിന്നാലെ സംവിധായകനെയും നിര്‍മ്മാതാവ് മാറ്റി 

തന്നെ കായികമായി ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായി സംവിധായകന്‍

കൊച്ചി : പുതുമുഖ താരം ധ്രുവനെ അപ്രതീക്ഷിതമായി മാറ്റിയതിനെ തുടര്‍ന്ന് വിവാദ കോളങ്ങളില്‍ നിറഞ്ഞ മമ്മൂട്ടി ചിത്രം മാമാങ്കത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഒഴിയുന്നില്ല. ചിത്രത്തിന്റെ മൂന്നാംെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി,  ചിത്രത്തില്‍ നിന്നും നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി തന്നെ പുറത്താക്കിയതായി പരാതിപ്പെട്ട് സംവിധായകന്‍ സജീവ് പിള്ള രംഗത്തെത്തി. തന്നെ കായികമായി ഇല്ലാതാക്കുവാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിക്കുന്നു.

വിഷയത്തില്‍ സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയിരിക്കുകയാണ് സംവിധായകന്‍. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം.പത്മകുമാറാണ്. ചിത്രത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ തന്നെ കായികമായി നേരിടുമെന്ന് ഭീഷണി നേരത്തെയും ഉണ്ടായിരുന്നെന്ന് സംവിധായകന്‍ പരാതിയില്‍ പറയുന്നു. രണ്ട് യുവാക്കള്‍ സംശയാസ്പദമായ രീതിയില്‍ തന്നെ അന്വേഷിച്ച് വന്നെന്നും സംവിധായകന്റെ പരാതിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ 18ന് രണ്ട് യുവാക്കള്‍ എറണാകുളത്തുനിന്ന് വിതുരയിലെ തന്റെ വീട് അന്വേഷിച്ച് എത്തിയെന്നുമാണ് പരാതിയില്‍. ‘ഇക്കഴിഞ്ഞ പതിനെട്ടാം തീയതി പകല്‍ പതിനൊന്നര മണിയോടെ രണ്ട് യുവാക്കള്‍ വിതുര പോസ്റ്റ് ഓഫീസിലെത്തി പോസ്റ്റ്മാനില്‍ നിന്ന് എന്റെ വീടിന്റെ ലൊക്കേഷന്‍ മനസിലാക്കി, സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ വരികയും ചെയ്തു. ഇക്കാര്യം പോസ്റ്റ്മാന്‍ എന്നെ വിളിച്ചറിയിച്ചു. എറണാകുളം ഭാഗത്തുനിന്നുള്ള ആള്‍ക്കാരാണെന്ന് അവര്‍ അറിയിച്ചു. ഇവര്‍ പോസ്റ്റ്മാനുമായി ബന്ധപ്പെട്ട നമ്പരിലേക്ക് പിന്നെ ബന്ധപ്പെടാനേ സാധിച്ചിട്ടുമില്ല. ഇവരുടെ വരവും പെരുമാറ്റവും ദുരൂഹവും സംശയാസ്പദവുമാണ്. ഇതിന് പിന്നില്‍ എന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്റെ വീട്ടില്‍ പ്രായമായ മാതാപിതാക്കളും ഞാനുമാണുള്ളത്. എന്റെ മാതാപിതാക്കളും ഞാനും ആശങ്കയിലാണ്. അതുകൊണ്ട് ഈ വിഷയത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ഇതിന്റെ പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം തരാനും അങ്ങയുടെ അങ്ങയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് സഹായിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

യുവാക്കള്‍ എത്തിയ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരും പോസ്റ്റ്മാനെ ബന്ധപ്പെട്ട മൊബൈല്‍ നമ്പരും വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളും അടക്കമാണ് സജീവ് പിള്ള പരാതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button