തിരുവനന്തപുരം•തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി അവസാന നിമിഷം തലനാരിഴയ്ക്ക് ഒഴിവായി. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ഷാര്‍ജയില്‍ നിന്നും വന്ന എയര്‍അറേബ്യ വിമാനം ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവേ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദ്ദേശം ശ്രദ്ധിക്കാതെ ദുബായിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം ടാക്സി വേയില്‍ നിന്നും റണ്‍വേയിലേക്ക് പ്രവേശിക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ എ.ടി.സി നിമിഷങ്ങള്‍ക്കുള്ളില്‍ എയര്‍ അറേബ്യ വിമാനത്തിനോട് വട്ടമിട്ട് പറക്കാന്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്.
പിന്നീട് ഫ്ലൈ ദുബായ് വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷമാണ് എയര്‍ അറേബ്യ ലാന്‍ഡ് ചെയ്തത്. ഫ്ലൈ ദുബായ് വിമാനത്തിന് ടാക്സി വേയില്‍ കാത്ത് നില്‍ക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പൈലറ്റ് വിമാനം റണ്‍വേയില്‍ നിര്‍ത്തുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടയുടൻ എയർ അറേബ്യ പൈലറ്റിന് ലാൻഡ് ചെയ്യാതെ കറങ്ങിവരാനുള്ള ‘ഗോ എറൗണ്ട്’ നിർദേശം നൽകി. ലാൻഡിങിനു ശ്രമിക്കുകയായിരുന്ന പൈലറ്റ് ഉടൻ തന്നെ വിമാനത്തിന്റെ ഗതിതിരിച്ചുവിട്ടു.
പുലര്‍ച്ചെ 3 മുതല്‍ രാവിലെ 6 വരെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും തിരക്കേറിയ സമയം. ഈ സമയത്ത് ടേക്ക് ഓഫിനും ലാന്‍ഡിംഗിനും വിമാനങ്ങള്‍ ഏറെ നേരം കാത്ത് നില്‍ക്കേണ്ടി വരും.
Post Your Comments