Latest NewsKerala

ബ്രഹ്മപുരം മാലിന്യസംസ്‌ക്കരണ പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധം നിയന്ത്രിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍

കൊച്ചി : ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍നിന്നുള്ള ദുര്‍ഗന്ധം കുറയ്ക്കണമെന്നും മലിനജലം ജലസ്രോതസ്സുകളില്‍ എത്തുന്നത് തടയണമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ മേഖലാ മേല്‍നോട്ടസമിതി അധ്യക്ഷന്‍ പി ജ്യോതിമണി. സമീപത്ത് വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട്. ദുര്‍ഗന്ധം കുട്ടികള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കാതിരിക്കാന്‍ നടപടി വേണം. ഇത് നഗരസഭാ മേയര്‍ ശ്രദ്ധിക്കണം. പ്ലാന്റ്മൂലമുള്ള പ്രശ്‌നങ്ങള്‍ ജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അവരുടെ ആശങ്ക ന്യായമാണ്. ഇതു പരിഹരിക്കാന്‍ നടപടി വേണം. പ്ലാന്റ് സന്ദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ വേര്‍തിരിക്കുന്നത് പ്രധാനമാണ്. ഇത് നഗരസഭ ശ്രദ്ധിക്കണം. വേര്‍തിരിക്കുന്ന മാലിന്യം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലായിരിക്കണം വാഹനങ്ങളില്‍ കൊണ്ടുവരേണ്ടത്. കേരളത്തില്‍ 65 ശതമാനത്തോളം ജലാശയങ്ങളാണ്. അതിനാല്‍ മലിനജലം ഇവിടെയെത്താതെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഈ പദ്ധതി ഫലപ്രദമായി ചെയ്യുന്ന തദ്ദേശസ്ഥാപനങ്ങളെ മാതൃകയാക്കണം.

വെല്ലൂര്‍, തിരുപ്പതി എന്നിവിടങ്ങളില്‍ ഇത് ഫലപ്രദമായി ചെയ്യുന്നുണ്ട്. മാലന്യരഹിതമായ പ്രദേശമായിരിക്കണം അന്തിമലക്ഷ്യമെന്ന് പി ജ്യോതിമണി പറഞ്ഞു. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാനതലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലും നഗരസഭയില്‍ മേയറുടെ നേതൃത്വത്തിലും കലക്ടറുടെ നേതൃത്വത്തിലും മേല്‍നോട്ടസമിതികള്‍ രൂപീകരിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച അഡീണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button