Kerala

വോട്ടവകാശം വിനിയോഗിക്കുന്നത് സാമൂഹ്യ യാഥാർഥ്യങ്ങൾ മനസിലാക്കിയാകണമെന്ന് ഗവർണർ പി. സദാശിവം

സാമൂഹ്യ യാഥാർഥ്യങ്ങൾ നന്നായി മനസിലാക്കിയാകണം വോട്ടവകാശം പൗരൻമാർ വിനിയോഗിക്കേണ്ടതെന്ന് ഗവർണർ പി. സദാശിവം അഭിപ്രായപ്പെട്ടു. ദേശീയ സമ്മതിദായകദിനാഘോഷം കനകക്കുന്ന് കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശം വിനിയോഗിക്കാൻ വേണ്ടി മാത്രമാകരുത് വോട്ടുചെയ്യുന്നത്. പൗരൻ എന്ന നിലയ്ക്ക് വിനിയോഗിക്കാൻ ആകുന്ന ശക്തമായ അവകാശമാണത്. ഇന്ത്യൻ ജനാധിപത്യവും തിരഞ്ഞെടുപ്പ് ലോകത്തിനു തന്നെ മാതൃകയാണ്. ഇത്രയും ആത്മാർഥതയോടെയും വിശ്വാസത്തോടെയും പ്രയോജനപ്പെടുത്തുന്നതും ഇന്ത്യയിലാണ്. വോട്ടവകാശം എല്ലാ ഭരണഘടനാ അവകാശങ്ങളുടെയും മാതാവാണ്.

ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ യുവാക്കൾ അഭിമാനത്തോടെ നിറവേറ്റണം. ഇലക്ടറൽ ലിറ്ററൽ ക്ലബ്ബുകൾ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ആരംഭിക്കുന്നത് വോട്ടർമാരുടെയും ഭാവി വോട്ടർമാരുടെയും ബോധവത്കരണത്തിന് നല്ലതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരുപാട് കാര്യങ്ങളിൽ കേരളം ഒന്നാമതാണ്. മാതൃകാപെരുമാറ്റച്ചട്ടം, ഇലക്‌ട്രോണിക് േവാട്ടിംഗ് മെഷീൻ തുടങ്ങിയവ ആദ്യം പ്രയോഗത്തിൽ വരുത്തിയത് ഇവിടെയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പ്രധാന പരിഷ്‌കാരങ്ങളായ നോട്ട, വി.വി പാറ്റ് തുടങ്ങിയ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ ഭാഗമാകാൻ കഴിഞ്ഞതിന് സന്തോഷമുണ്ട്. വി.വി പറ്റ് ഉൾപ്പെടെയുള്ള സമ്പ്രദായങ്ങൾ ചെലവ് കുറച്ച് കൂട്ടുമെങ്കിലും വിശ്വാസ്യത വർധിപ്പിക്കാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വോട്ടറും ഒഴിവാക്കപ്പെടരുത് എന്ന ഈ വർഷത്തെ മുദ്രാവാക്യം എറെ പ്രസക്തമാണ്. ഗവർണറായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ തന്റെ വോട്ട് ചെെൈന്നയിൽനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാൻ നടപടി സ്വീകരിച്ചതായും നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. ദേശീയ സമ്മതിദായക പ്രതിജ്ഞ ഗവർണർ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സംസ്ഥാനതല ഡോക്യുമെൻററി, പോസ്റ്റർ മത്സരവിജയികൾക്കുള്ള അവാർഡും ഗവർണർ വിതരണം ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ സ്വാഗതം ആശംസിച്ചു. ജില്ലാ കളക്ടർ ഡോ.കെ. വാസുകി കൃതജ്ഞത രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button