നാല്‍പ്പത്തി ആറാമത് കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായി. ലയണല്‍ മെസി, നെയ്മര്‍, അലക്‌സിസ് സാഞ്ചസ്, ലൂയി സുവാരസ് ഉള്‍പ്പടെ വമ്പന്‍ താരങ്ങള്‍ അണി നിരക്കുന്ന ലാറ്റിനമേരിക്കന്‍ പോരിന്, അഥിതി രാജ്യങ്ങളായി ഖത്തറും ജപ്പാനും ഇറങ്ങും. മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
ആതിഥേയരായ ബ്രസീലിനൊപ്പം ബൊളീവിയ, വെനസ്വേല, പെറു ടീമുകളാണ് ഗ്രൂപ്പ് എ യില്‍. മരണ ഗ്രൂപ്പായ ബി ഗ്രൂപ്പിലാണ് അര്‍ജന്റീന. കൊളംബിയ, പരാഗ്വെ ടീമുകള്‍ക്കൊപ്പം അതിഥിരാജ്യമായ ഖത്തറാണ് ഈ ഗ്രൂപ്പിലുള്ളത്. ഉറുഗ്വെ, ഇക്വഡോര്‍, ചിലി, ജപ്പാന്‍ ടീമുകളാണ് ഗ്രൂപ്പ് സിയില്‍ ഏറ്റുമുട്ടുന്നത്.
ജൂണ്‍ 14ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ആഥിതേയരായ ബ്രസീല്‍ ബോളീവിയയെ നേരിടും. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം ജൂണ്‍ 27 മുതല്‍ 29 വരെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കും. ജൂലൈ രണ്ട്, മൂന്ന് ദിവസങ്ങളിലായി സെമി മത്സരങ്ങളും, ജൂലൈ ആറിന് മൂന്നാം പ്ലേ ഓഫും നടുക്കും. രണ്ട് അഥിതി രാജ്യങ്ങളുള്‍പ്പടെ 12 ടീമുകളാണ് കോപ്പയില്‍ ഏറ്റുമുട്ടുന്നത്. ജൂലൈ ഏഴിന് വിഖ്യാതമായ മരക്കാന സ്റ്റേഡിയത്തിലാണ് ഫൈനല്‍.
Post Your Comments