Latest NewsKerala

ഓപ്പറേഷൻ തണ്ടർ ; സ്റ്റേഷനുകളില്‍ ഗുരുതര വീഴ്ച

തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ സംസ്ഥാനത്തെ 53 പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തിയ വിജിൻസ് ഗുരുതര വീഴ്ച കണ്ടെത്തി. പരിശോധനയുട പൂര്‍ണ റിപ്പോര്‍ട്ട് നാളെ നൽകണമെന്ന് വിജിലന്‍സ് മേധാവി ബി.എസ് മുഹമ്മദ് യാസിന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. 54 എസ്.എച്ച്‌.ഒമാരില്‍ പകുതിയോളം ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് സൂചന.

വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന ശുപാര്‍ശാ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയ ശേഷമാവും നടപടിയുണ്ടാവുക. സാധാരണഗതിയില്‍ രണ്ടാഴ്ചയോളമെടുക്കുന്ന നടപടികളാണ് അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്. മണല്‍, ക്വാറി മാഫിയകളുമായി പോലീസിന്റെ ബന്ധം കണ്ടെത്താന്‍ തുടങ്ങിയ മിന്നല്‍പരിശോധനയില്‍ കഞ്ചാവും കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവുമാണ് സ്റ്റേഷനുകളില്‍ നിന്ന് പിടിച്ചെടുത്തത്. കാസര്‍കോട് ബേക്കല്‍ സ്റ്റേഷനില്‍ കാല്‍കിലോ കഞ്ചാവ് സൂക്ഷിച്ചത് കണ്ടെത്തി. 2018ല്‍ ലഭിച്ച 108പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്റ്റേഷനില്‍ പിടിച്ചിട്ട 170 വാഹനങ്ങള്‍ക്ക് ഒരു രേഖയുമില്ല.

കണ്ണൂരിലെ ഒരു സ്റ്റേഷനില്‍ രണ്ടുലോറി ഗ്രാനൈറ്റും രണ്ട് ലോഡ് വെട്ടുകല്ലും പിടിച്ചിട്ടിരിക്കുന്നെങ്കിലും ഒരു രേഖയുമില്ല, കേസുമില്ല. രസീതുമില്ല. ബാലരാമപുരം സ്റ്റേഷനില്‍ ഡ്രൈവര്‍ മരിച്ചതടക്കമുള്ള 8 വാഹനാപകടക്കേസുകളില്‍ ഒരു അന്വേഷണവും നടത്തിയിട്ടില്ല. ശംഖുംമുഖം സ്റ്റേഷനില്‍ 51ദീര്‍ഘകാല വാറണ്ട് കൂട്ടിയിട്ടിരിക്കുന്നു. നേമം സ്റ്റേഷനില്‍ മണ്ണു കടത്തിയ ലോറി ഒരു രേഖയുമില്ലാതെ പിടിച്ചിട്ടിരിക്കുന്നു,

കരുനാഗപ്പള്ളി സ്റ്റേഷനില്‍ 75,000രൂപയും കോഴിക്കോട് ടൗണ്‍, ബേക്കല്‍ സ്​റ്റേഷനുകളില്‍ കണക്കില്‍പെടാത്ത സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. ഇത് തൊണ്ടിമുതലാണെന്നാണ് പോലീസുകാരുടെ വാദം. എന്നാല്‍ സി.ആര്‍.പി.സി 102പ്രകാരം ഇവ പിടികൂടിയാലുടന്‍ കോടതിയില്‍ ഹാജരാക്കേണ്ടതാണ്. പ്രളയത്തില്‍ സ്വര്‍ണം ഒഴുകിവന്നതാണെന്ന അടിമാലിയിലെ പോലീസുകാരുടെ വാദം വിജിലന്‍സ് തള്ളിക്കളയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button