KeralaLatest News

മാര്‍സ് വണ്‍ കമ്പനിയുടെ ചൊവ്വാദൗത്യത്തിന് പിന്നിലെ നിഗൂഡതകള്‍ ; ശാസ്ത്ര എഴുത്തുകാരന്‍റെ വെളിപ്പെടുത്തല്‍ !

മേരിക്കയിലെ മാഴ്‌സ് വണ്‍ എന്ന കമ്പനി ചെവ്വയിലേക്ക് യാത്ര പോകാന്‍ ആഗ്രഹമുളളവരില്‍ നിന്ന് അപേക്ഷകള്‍ തേടിയിരുന്നു. 2025ഓടെ മനുഷ്യരെ ചൊവ്വയിലിറക്കും എന്നണ് അവര്‍ അവകാശപ്പെടുന്നത്. ഇതിനായാണ് അവര്‍ താല്‍പര്യമുളളവരില്‍ നിന്ന് അപേക്ഷകള്‍ തേടിയിരുന്നത്. 2 ലക്ഷത്തോളം പേരാണ് ചൊവ്വയിലേക്ക് കുതിക്കാനായി അപേക്ഷക്ക് മറുപടി നല്‍കിയത്. എന്നാല്‍ ഇതില്‍ നിന്ന് 100 പേരെ തിരഞ്ഞെടുക്കുകയും അവസാനമായി കുറച്ച് പേരെ മാത്രമാണ് കമ്പനി ചൊവ്വയിലേക്ക് അയക്കൂ എന്നാണ് അറിവ്.

ചൊവ്വയില്‍ എത്തിയാല്‍ തിരിക വരാന്‍ കഴിയില്ലെന്നും അവിടെ കോളനിയായി കഴിയണം അതിനായി നിരവധി പരിശീലങ്ങളും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ട്. ചൊവ്വയിലേക്ക് കുതിക്കുന്നതും അവിടെ കോളനി സ്ഥാപിക്കുന്നതുമൊക്കെ വാര്‍ത്തകളില്‍ വലിയ ഇടം നേടുകയും ചെയ്തു. എന്നാല്‍ മാര്‍സ് വണ്‍ കമ്പനിയുടെ ചൊവ്വയിലെ ക്കുളള ദൗത്യത്തിന് പിന്നില്‍ ചിലത് ഒളിഞ്ഞിരിക്കുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍ .

ശാസ്ത്ര എഴുത്തുകാരനായ വെെശാഖന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്..

ചൊവ്വായാത്ര; ഭാവനയും യാഥാർത്ഥ്യവും
**************************************

ചൊവ്വാഗ്രഹത്തിലേയ്ക്ക് യാത്ര പുറപ്പെടാനായി തെരെഞ്ഞെടുക്കപ്പെട്ട മലയാളി പെൺകുട്ടിയുടെ വാർത്ത നിരവധിപേർ ഷെയർ ചെയ്തു കണ്ടിരുന്നു. വളരെയധികം തിരക്കുള്ള സമയമായിരുന്നതിനാൽ അന്നതിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല. പിന്നീട് ഇതിനെപ്പറ്റി അന്വേഷിച്ചപ്പോഴാണ് രസകരമായ ചില കാര്യങ്ങൾ വെളിപ്പെട്ട് കിട്ടിയത്.

2013-ൽ മാഴ്സ് വൺ എന്ന സ്വകാര്യ പദ്ധതി പ്രഖ്യാപിക്കപ്പെട്ടപ്പോൾ തന്നെ അത് വാർത്തകളിൽ നിന്നറിയുകയും, ഞാനും അതിലേയ്ക്ക് പേര് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഒരു രസം! ഇതെന്ത് കളിയാണെന്ന് അറിയാനുള്ള ഒരു ജിജ്ഞാസ. അല്ലാതെ ചൊവ്വയിൽ പോയേക്കാം എന്ന തോന്നലിന്റെ ഭാഗമായിട്ടായിരുന്നില്ല അത്. കാരണം, ഒരു സാദാ ബഹിരാകാശയാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകളും യോഗ്യതകളും എന്തൊക്കെയാണെന്നും, അതൊന്നും ഞാൻ കൂട്ടിയാൽ കൂടില്ലാന്നും നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ചൊവ്വായാത്ര എന്റെ സങ്കല്പത്തിനകത്തെ സങ്കല്പത്തിൽ പോലും യാഥാർത്ഥ്യത്തിനോട് യാതൊരടുപ്പവും ഇല്ലാത്ത സാഹസമായിരിക്കും. ബഹിരാകാശ യാത്രകളുടെ ചെലവ് പരിഗണിക്കുമ്പോൾ ചൊവ്വയിലേയ്ക്ക് മനുഷ്യരെ അയയ്ക്കാൻ ഏതെങ്കിലുമൊരു സർക്കാർ ഏജൻസിയ്ക്ക് പണം കണ്ടെത്താനാവുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷേ സ്പെയ്സ്-എക്സ്, വിർജിൻ ഗാലക്റ്റിക് തുടങ്ങിയ സ്വകാര്യ കമ്പനികൾ രംഗത്ത് ഗൗരവകരമായ ചുവടുവെയ്പ്പുകൾ നടത്തുന്നുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ഒരു ചൊവ്വായാത്ര നടക്കുന്നെങ്കിൽ അത് സ്വകാര്യ സംരംഭകരിലൂടെ ആകാനേ സാധ്യത കണ്ടുള്ളൂ. പക്ഷേ അപ്പോഴും 2025-ഓടെ മനുഷ്യരെ ചൊവ്വയിൽ ഇറക്കും എന്ന അവകാശവാദം ഇത്തിരി കടുത്തതല്ലേ എന്ന് ബലമായ സംശയമുണ്ടായിരുന്നു.

എന്നാൽ പിന്നീട് ഈ ദൗത്യത്തെ കുറിച്ച് കാര്യമായൊന്നും കേട്ടില്ല. അവിടേയും ഇവിടേയുമൊക്കെ പദ്ധതിയുടെ തീയതി നീട്ടിവെക്കുന്നു എന്നൊക്കെ കണ്ടിരുന്നു. പക്ഷേ തുടക്കം മുതലേയുള്ള സന്ദേഹം കാരണം വലിയ എന്തെങ്കിലും ചുവടുവെയ്പ്പുണ്ടായ ശേഷം മതി കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് എന്ന് കരുതി. ഇപ്പോ നമ്മുടെ പാലക്കാടുകാരിയുടെ വാർത്ത കണ്ടപ്പോഴാണ് സംഗതിയുടെ കിടപ്പ് മനസിലാക്കാൻ ശ്രമിച്ചത്. കാരണം, വാർത്തകളുടെ മട്ട് കണ്ടാൽ ആ കുട്ടി സ്യൂട്ട് കെയ്സ് ഒക്കെ പായ്ക്ക് ചെയ്ത് അടുത്ത വണ്ടിയ്ക്ക് ചൊവ്വാ പിടിക്കാൻ പോകുന്നതായിട്ടേ തോന്നൂ. ആകെപ്പാടെ ഒരു കൺഫ്യൂഷൻ.

തിരക്കിയിറങ്ങിയപ്പോഴാണ് വാർത്ത 2015-ൽ തുടങ്ങിയതാണെന്ന് മനസിലായത്. രണ്ട് ലക്ഷത്തിൽ പരം അപേക്ഷകരിൽ നിന്ന് അവസാനം ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട നൂറ് പേരിൽ മലയാളി പെൺകുട്ടിയും ഉണ്ട് എന്ന് മാഴ്സ് വൺ വെബ്സൈറ്റിൽ നിന്ന് മനസിലായി. ചരിത്രത്തിൽ, ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ തെരെഞ്ഞെടുക്കാനായി റഷ്യക്കാർ നടത്തിയ ട്രെയിനിങ് പ്രോഗ്രാമിന്റെ രസകരമായ കഥകളുണ്ട്. അന്നുവരെ ആരും പോയിട്ടില്ലാത്ത, എങ്ങനെയാണെന്ന് ഊഹം പോലും കൃത്യമായിട്ടില്ലാത്ത ഒരിടത്തേയ്ക്ക് പോകാൻ എന്ത് ട്രെയ്നിങ്ങാണ് വേണ്ടത് എന്നവർ വണ്ടറടിച്ചിരുന്നു. ആ പശ്ചാത്തലത്തിൽ, എന്ത് മാനദണ്ഡമായിരിക്കും ഈ ഷോർട് ലിസ്റ്റ് തയ്യാറാക്കാൻ ഉപയോഗിച്ചിരിക്കുക എന്നറിയാൻ കൗതുകമായി. വാർത്തകളിലോ മാഴ്സ് വൺ സൈറ്റിലോ അതേപ്പറ്റിയുള്ള വിവരങ്ങൾ കണ്ടില്ല.

എന്നാൽ ആ നൂറ് പേരിൽ പ്രമുഖനായ ജോസഫ് റോഷ് എന്ന ഭൗതികശാസ്ത്ര അദ്ധ്യാപകന്റെ ഒരു ഇന്റർവ്യൂ വായിച്ചപ്പോൾ കഥ ഏതാണ്ടൊക്കെ വ്യക്തമായി (https://goo.gl/qaaZw3). റോഷ് പറയുന്നത് ഒരു ഓൺലൈൻ ഇന്റർവ്യൂവും, കാണാതെ പഠിച്ച് ഉത്തരമെഴുതാവുന്ന ഒരു ചോദ്യാവലിയും ഒക്കെയായിരുന്നു അതിന്റെ ആധാരം എന്നാണ്. താൻ തെരെഞ്ഞെടുക്കപ്പെട്ട ഒരു സ്ക്രീനിങ് ടെസ്റ്റ് ഒരു ബഹിരാകാശ യാത്രയ്ക്ക് ആളെ തെരെഞ്ഞെടുക്കാൻ തീരെ പര്യാപ്തമായിരുന്നില്ല എന്നദ്ദേഹം പറയുന്നു. ആസ്ട്രോഫിസിക്സിൽ പി.എച്ച്.ഡി. ഉള്ള, നാസയിൽ ജോലി ചെയ്ത് ആസ്ട്രോനോട്ട് തെരെഞ്ഞെടുപ്പിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് റോഷ് എന്നുകൂടി ഓർക്കണം. നാസയുടെയൊക്കെ ആസ്ട്രോനോട്ട് സെലക്ഷൻ പരിപാടിയുടെ പ്രാഥമിക ഘട്ടം കടന്നുകിട്ടാൻ തന്നെ അവരുടെ ഇഴകീറിപ്പരിശോധിക്കുന്ന ടെസ്റ്റുകൾ പാസ്സാകണം (അതേപ്പറ്റി മറ്റൊരിടത്ത് എഴുതാം). റോഷ് വേറെയും നിർണായകമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്; അപേക്ഷകരുടെ എണ്ണം രണ്ട് ലക്ഷമായിരുന്നു എന്ന് കമ്പനി അവകാശപ്പെടുമ്പോഴും അത് യഥാർത്ഥത്തിൽ മൂവായിരത്തിൽ താഴെയായിരുന്നു. ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് കമ്പനി നൽകിയ നിർദ്ദേശങ്ങളിൽ ‘മീഡിയ ഇന്റർവ്യൂവിൽ നിന്ന് കിട്ടുന്ന പ്രതിഫലത്തിന്റെ 75% കമ്പനിയ്ക്ക് നൽകണം’ എന്നൊരു ആവശ്യം കൂടി ഉണ്ടായിരുന്നുവത്രേ. ചുരുക്കിപ്പറഞ്ഞാൽ, മാഴ്സ് വണിന്റെ അവകാശവാദങ്ങളിൽ മൊത്തത്തിൽ ഒരു പന്തികേട് മണക്കുന്നുണ്ട് (https://goo.gl/iQ4Zsz).

ഒരു വ്യക്തിയുടെ മാത്രം വെളിപ്പെടുത്തലിനെ അവലംബമാക്കണ്ട എന്ന് കരുതിയാൽ പിന്നെയുള്ളത്, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ (MIT) രണ്ട് ഗവേഷകർ നടത്തിയ ഒരു അപഗ്രഥന റിപ്പോർട്ടാണ്. മാഴ്സ് വണിന്റെ അവകാശവാദങ്ങളൊന്നും ഇന്നത്തെ അവസ്ഥയിൽ പ്രായോഗികമല്ലായെന്നും, അവരുടെ പദ്ധതിയനുസരിച്ച് മനുഷ്യനെ അവിടെയെത്തിച്ചാൽ അവർക്കവിടെ അധികദിവസം ആയുസ്സുണ്ടാവില്ലായെന്നുമാണ് അവരുടെ നിഗമനം (https://goo.gl/jMNrFF). മാത്രമല്ല കമ്പനി കണക്കുകൂട്ടുന്ന ചെലവ് ഇത്തരമൊരു മിഷൻ നടത്താൻ വേണ്ടതിന്റെ പത്തിലൊന്ന് പോലും വരുന്നില്ല. MIT-വിദഗ്ദ്ധരുടെ ഈ നിഗമനങ്ങളെ ഏതെങ്കിലും രീതിയിൽ ഖണ്ഡിക്കാൻ ഇതുവരെ മാഴ്സ് വണിന് കഴിഞ്ഞിട്ടില്ല. സത്യം പറഞ്ഞാൽ ഈ പരിപാടി നടക്കുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ആരും തന്നെ കരുതുന്നില്ല. ആളുകളെ പറഞ്ഞ് മോഹിപ്പിച്ച് ഫണ്ട് സ്വരൂപിക്കാനുള്ള ഒരു തട്ടിപ്പാണോ ഇതെന്ന് സംശയിക്കുന്നവരും കുറവല്ല.

എന്തായാലും, എന്നെന്നേയ്ക്കുമായി ചൊവ്വയിലേയ്ക്ക് പോകുന്നുവെന്ന് പറയുന്ന പാലക്കാട്ടെ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് സന്തോഷിക്കാൻ വകയുണ്ട്; നിങ്ങളുടെ കുട്ടിയ്ക്ക് ഈ വഴിയ്ക്ക് യാതൊരപകടവും സംഭവിക്കാൻ സാധ്യതയില്ല.

https://www.facebook.com/vaisakhan.thampi/posts/10213598670188807

shortlink

Related Articles

Post Your Comments

Related Articles


Back to top button