തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തുമ്പോള്‍ ദേശീയ പാതയുടെ അവസ്ഥ വളരെ മോശമായിരുന്നു. എന്നാല്‍ ഇപ്പോഴുളള അവസ്ഥ അതല്ല. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഏറെക്കുറേ പൂര്‍ത്തിയായെന്നും ദേശീയപാത വികസനത്തിന് എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് വേഗത വര്‍ദ്ധിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കരമന കളിയിക്കാവിള റോഡ് വികസനം രണ്ടാം ഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏറ്റവും മികച്ച തീര്‍ത്ഥാടന കാലമായിരുന്നു ഇത്തവണ ശബരിമലയിലേതേന്നും തിരുപ്പതി വിമാനത്താവള മോഡലില്‍ ശബരിമലയില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നതായും പിണറായി വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിമാനത്താവളം ലേലത്തിലൂടെ സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുമെന്നും അറിയിച്ചു.
മലയോര – തീരദേശ ഹൈവേകള്‍ക്കായി 10000 കോടി സംസ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. കോവളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജലപാത 2020ല്‍ യാഥാര്‍ഥ്യമാക്കും. 600 കിലോമീറ്റര്‍ നീളുന്ന ജലപാത ടൂറിസം രംഗത്തിന് വലിയ കുതിപ്പേകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു
എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ സങ്കീര്‍ണ്ണതകള്‍ മൂലം അതിവേഗ റെയില്‍പ്പാത പ്രായോഗികമല്ലെന്നും പിണറായി വ്യക്തമാക്കി. നിലവിലുള്ള റെയില്‍ പാതയ്ക്ക് സമാന്തരമായി ഒരു സെമി ഹൈ-സ്പീഡ് പാത നിര്‍മ്മിക്കാനുള്ള ചര്‍ച്ചകള്‍ റെയില്‍വേയുമായി നടന്നുവരികയാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണം യുഡിഎഫിന്റെ ഭരണകാലത്ത് ഒച്ചിഴയും വേഗത്തിലായിരുന്നു. ഈ സര്‍ക്കാരാണ് നിര്‍മ്മാണത്തിന്‍റെ ഏറിയ പങ്കും നടത്തിയതെന്നും പിണറായി പറഞ്ഞു.
Post Your Comments