തൃശ്ശൂര്‍ : കേരളം ഇത്തവണ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരമായിരിക്കുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. എന്‍ഡിഎയിലോ ബിജെപിയിലോ സീറ്റിനായി അടിപടി ഉണ്ടാവില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ട്രയല്‍ റണ്‍ ആണ് ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ള ഇരുപത് ലോക്‌സഭാ സീറ്റുകളില്‍ പതിനെട്ട് എണ്ണത്തിലും എന്‍ഡിഎയ്ക്ക് വിജയപ്രതീക്ഷയുണ്ട്. മലപ്പുറം, പൊന്നാനി സീറ്റുകളില്‍ ജയിക്കാമെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഫെബ്രുവരി 5 നകം എല്ലാ ബൂത്തിലും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കും. എന്റെ കുടുംബം, ബി ജെ പി കുടുംബം എന്ന പ്രചാരണ പരിപാടി സംസ്ഥാന വ്യാപകമായി നടത്തും. പ്രധാന നേതാക്കളെല്ലാം അടുത്ത മാസം കേരളത്തില്‍ പ്രചരണത്തിനെത്തും. അമിത് ഷാ, രവി ശങ്കര്‍ പ്രസാദ് ,നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കടുക്കും
സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച്ച മൂലം അമൃത് പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കേണ്ട ആയിരം കോടി രൂപയോളം നഷ്ടമാക്കിയതായി അദ്ദേഹം ആരോപിച്ചു. കുംഭമാസത്തില്‍ നട തുറക്കുന്‌പോള്‍ വീണ്ടും ആചാരലംഘനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിര്‍ത്ത് തോല്‍പിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും ശബരിമല വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം ബിജെപി തുടരുമെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments