കൊച്ചി: ഔഷധനിയമം അനുശാസിക്കുന്ന ഗുണമേന്മാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍കഴിയാത്ത മരുന്നിനങ്ങള്‍ അമേരിക്കന്‍ വിപണിയില്‍നിന്ന് പിന്‍വലിച്ച് ഇന്ത്യന്‍ കമ്പനികള്‍. മരുന്നുകളുടെ കാര്യത്തില്‍ കര്‍ശന പരിശോധനകളാണ് അമേരിക്കയിലുള്ളത്.
സണ്‍ ഫാര്‍മ, ലുപിന്‍, ഗ്ലെന്‍മാര്‍ക്ക്, ടൊറന്റ് എന്നിവരാണ് ചില ബാച്ച് മരുന്നുകള്‍ പിന്‍വലിച്ചത്. അമേരിക്കയില്‍ മരുന്നുകളുടെ ഗുണനിലവാരം നിശ്ചയിക്കുന്ന യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
അണുബാധക്കെതിരായ സെഫ്ട്രിയാക്‌സോണ്‍ കുത്തിവെപ്പ് മരുന്നുകളുടെ 55,000 വൈലുകളും വിവിധ അളവിലുള്ള 1,60,241 പെട്ടി മരുന്നുകളുമാണ് ലുപിന്‍ തിരികെ വിളിച്ചത്. നിര്‍മാണവേളയില്‍ ഉപയോഗിച്ച റബ്ബറിന്റെ അംശം ശ്രദ്ധയില്‍പ്പെട്ടതാണ് പിന്‍വലിക്കാന്‍ കാരണം. നിലവിലെ മാതൃകാനിര്‍മാണച്ചട്ടം പാലിക്കാത്ത സെഫ്ഡിനിറിന്റെ 2,87,784 കുപ്പികളും കമ്പനി തിരികെയെടുത്തിട്ടുണ്ട്.
രോഗികളെ മയക്കി കിടത്താനായി ഉപയോഗിക്കുന്ന സണ്‍ഫാര്‍മയുടെ വെക്കുറോണിയം ബ്രോമൈഡ് കുത്തിവെപ്പ് മരുന്നിന്റെ 1,39,180 വൈലുകളാണ് കമ്പനി തിരികെ വിളിച്ചത് അണുബാധ ചികിത്സക്കുപയോഗിക്കുന്ന 96,240 ഉപകരണങ്ങളാണ് ഗ്ലെന്‍മാര്‍ക്ക് സാങ്കേതികപ്രശ്‌നംമൂലം തിരിച്ചെടുത്തത്. അമിതരക്തസമ്മര്‍ദത്തിന് ഉപയോഗിക്കുന്ന ലൊസാര്‍ട്ടന്‍ പൊട്ടാസ്യം ഗുളികകളാണ് ടൊറന്റ് ഫാര്‍മ പിന്‍വലിച്ചത്.
Post Your Comments