തിരുവനന്തപുരം: പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ അന്‍പതോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ രാത്രിയാണ് സംഭവം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അണമുഖം ഈറോഡ് സ്വദേശി കളായ രാജീവ് (24), ശ്രീദേവ് (21) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ആംഗ്യങ്ങള്‍ കാട്ടിയെന്ന പരാതിയിലുമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ രാത്രിയില്‍ ഡിവൈഎഫ്ഐ വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലെത്തിയ അന്‍പതോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എസ്ഐയെ കാണണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടു.
ഈ സമയം എസ്ഐയുടെ മുറിയില്‍ വേറെ പരാതിക്കാരുണ്ടായിരുന്നു. അവര്‍ പുറത്തിറങ്ങിയ ശേഷം കാണാമെന്ന് പോലീസുകാര്‍ പറഞ്ഞെങ്കിലും ഡിവൈഎഫ്ഐ നേതാവും കൂട്ടരും ക്ഷുഭിതരാവുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് പോലീസ് സ്റ്റേഷന് പുറത്തിറങ്ങി ജനല്‍ ഗ്ലാസിന് നേരെ കല്ലേറ് നടത്തുകയായിരുന്നുവെന്നു. കല്ലേറിന്റെ ദൃശ്യങ്ങള്‍ പോലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നുമാണ് വിവരം.
Post Your Comments