അബുദാബി: യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ വൈദ്യുതി നിരക്ക് 40 ശതമാനമായി വെട്ടിചുരുക്കി. കിലോവാട്ടിന് 45 ഫില്‍സ് ഈടാക്കിയിരുന്നത് 28 ഫില്‍സായി കുറയും. നാല് എമിറേറ്റുകളിലെ പ്രവാസികളടക്കം പതിനായിരക്കണക്കിന് പേര്‍ക്കാണ് ഈ ഇളവ് ആശ്വാസമാകുന്നത്. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ 53,000 താമസയിടങ്ങള്‍ക്കും വൈദ്യുതി നിരക്കിലെ ഇളവ് ബാധകമായിരിക്കുമെന്ന് ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
ഫ്രീഹോള്‍ഡ് കെട്ടിടങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്കും അടുത്തമാസം മുതല്‍ വൈദ്യുതി ചാര്‍ജ് കുറയും. കിലോവാട്ടിന് 45 ഫില്‍സ് നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 28 ഫില്‍സ് നല്‍കിയാല്‍ മതി. പരമാവധി 2000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ നിരക്ക്. ഇതില്‍ 23 ഫില്‍സ് വൈദ്യുതി നിരക്കും 5 ഫില്‍സ് സേവന നിരക്കുമായിരിക്കും ഉണ്ടാവുക.
70 ശതമാനം ഉപഭോക്താക്കളും ഈ സ്ലാബിന് കീഴില്‍ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. രണ്ടായിരം കിലോവാട്ടിന് മുകളില്‍ നാലായിരം കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് കിലോവാട്ടിന് 37 ഫില്‍സും, നാലായിരത്തി ഒന്ന് മുതല്‍ 6000 കിലോവാട്ട് ഉപയോഗിക്കുന്നവര്‍ക്ക് കിലോവാട്ടിന് 47 ഫില്‍സും ഈടാക്കും. സഹിഷ്ണുതാ വര്‍ഷത്തില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണിതെന്ന് ഫെവ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സാലിഹ് പറഞ്ഞു. എന്നാല്‍, വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കിയിരുന്ന കിലോവാട്ടിന് 45 ഫില്‍സ് എന്ന നിരക്ക് തുടരുകയും ചെയ്യും.
Post Your Comments