തൃശൂര്‍: ഗോതമ്പില്‍ ചെള്ളിന്റെ കൂമ്പാരം. താലൂക്കിലെ റേഷന്‍ കടകളില്‍ വിതരണത്തിനെത്തിച്ച ഗോതമ്പിലാണ് ചെള്ളും പൂപ്പലും അഴുക്കും കണ്ടെത്തിയത്. 294 റേഷന്‍ കടകളിലെത്തിച്ച 2200 ക്വിന്റലോളം ഗോതമ്പില്‍ നല്ലൊരു പങ്കും ചെള്ളും പൂപ്പലും അഴുക്കും നിറഞ്ഞ നിലയിലായിരുന്നു. ഗോഡൗണുകളില്‍ 11,000 ക്വിന്റലോളം ഗോതമ്പ് ഇനിയും കെട്ടിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പ്രളയമുണ്ടായ ആഗസ്റ്റ് മാസത്തില്‍ തൃശൂരിലെ ഗോഡൗണുകളിലെത്തിച്ച അധിക സ്റ്റോക്കാണ് ഇപ്പോള്‍ വിതരണം ചെയ്തത്. അനര്‍ഹരെ ബിപിഎല്‍ പട്ടികയില്‍ നിന്നൊഴിവാക്കിയതോടെ താലൂക്കില്‍ റേഷന്‍ ധാന്യങ്ങള്‍ മിച്ചംവരുന്ന അവസ്ഥ ഉടലെടുത്തിരുന്നു. 16,000 അനര്‍ഹരെയാണ് പട്ടികയില്‍ നിന്നൊഴിവാക്കിയത്. ഇതോടെ ഇവരുടെ വിഹിതം മിച്ചംവരുന്ന അവസ്ഥയായി. ഓരോ മാസവും താലൂക്കിനു ലഭിക്കുന്ന 3000 ക്വിന്റലോളം ഗോതമ്പില്‍ 2000 ക്വിന്റലിനടുത്തു മാത്രമേ ചെലവാകുന്നുള്ളൂ. ഇങ്ങനെ മാസങ്ങളായി മിച്ചംവന്ന ഗോതമ്പ് ഗോഡൗണുകളില്‍ കുമിഞ്ഞുകൂടി 11,000 ക്വിന്റലിനടുത്തെത്തി. പഴയ ഗോതമ്പില്‍ ഈര്‍പ്പമടിച്ച് വ്യാപകമായി ചെള്ളും പൂപ്പലും നിറഞ്ഞിട്ടുണ്ട്. പഴയ സ്റ്റോക്ക് വിതരണം ചെയ്തു തീര്‍ക്കാതെ പുതിയ സ്റ്റോക്ക് കൊടുക്കാന്‍ പാടില്ലെന്നതിനാല്‍ ഗോഡൗണില്‍ 5 മാസമായി കെട്ടിക്കിടക്കുന്ന ധാന്യമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. വ്യാപക പരാതി ഉയര്‍ന്നതോടെ ഗോതമ്പ് മാറ്റിനല്‍കുന്ന കാര്യം ആലോചിക്കാമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിലപാട്.
Post Your Comments