അന്താരാഷ്ട്ര തലത്തില്‍ ആയൂര്‍വേദത്തിനും ഇതര ആയുഷ് ചികിത്സാ സമ്പ്രദായങ്ങള്‍ക്കും കേരളം പുകള്‍പെറ്റതാണ്. വിവിധ രോഗങ്ങള്‍ക്കുള്ള ആയൂര്‍വേദ ചികിത്സയ്ക്കും ആരോഗ്യസംരക്ഷണ സൗഖ്യ ചികിത്സാരീതികള്‍ക്കും കേരളം ലോകഭൂപടത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സംസ്‌കാരം, പാരമ്പര്യം, ജീവിത രീതി, ഭക്ഷണശീലം, സാമൂഹ്യ സൂചകങ്ങളിലുള്ള മികവ് എന്നിവയെല്ലാം ഈ ആരോഗ്യ ശാസ്ത്രങ്ങളുമായി ഏറിയും കുറഞ്ഞും ബന്ധപ്പെട്ടു നില്‍ക്കുന്നവയാണ്.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ബഹുജനങ്ങളുടെ ഭാഗത്തുനിന്നുമുള്ള വലിയ രീതിയിലുള്ള പിന്തുണയാണ് ആയൂര്‍വ്വേദത്തിന്റെയും ഇതര ആയുഷ് ചികിത്സാസമ്പ്രദായങ്ങളുടെയും കാര്യത്തില്‍ ഒരു കേരള ബ്രാന്‍ഡ് തന്നെ ഉയര്‍ന്നു വരാന്‍ കാരണമായത്. ഇന്റര്‍നാഷണല്‍ ആയുഷ്‌കോണ്‍ക്ലേവ് (IAC 2019), ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയമായ അടിത്തറ വിപുലപ്പെടുത്താനും ലോകസമക്ഷം പ്രസിദ്ധപ്പെടുത്താനുമുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ്. ആയുഷ് ചികിത്സാ സമ്പ്രദായങ്ങളില്‍ അധിഷ്ഠതമായ വെല്‍നെസ് ടൂറിസം മേഖലയില്‍ കേരളത്തെ ഒന്നാം സ്ഥാനത്ത് അടയാളപ്പെടുത്തുന്നതിന് ഐ.എ.സി. ലക്ഷ്യമിടുന്നു. വെല്‍നെസ് ചികിത്സാരംഗത്തെ വിദഗ്ധരെ കേരളത്തിന് പരിചയപ്പെടുത്താനും നമ്മുടെ ശേഷി അവരെ ബോധ്യപ്പെടുത്താനും സാധിക്കുക വഴി ഈ മേഖലയിലെ നമ്മുടെ വൈദഗ്ദ്ധ്യമാര്‍ന്ന മാനവ വിഭവശേഷി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഐ.എ.സി. 2019 നു കഴിയും.
ആയൂര്‍വേദം, യോഗ, പ്രകൃതിചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവകളുടെ വിവിധ സ്‌പെഷ്യാലിറ്റി ചികിത്സാരീതികള്‍ ലോകമെങ്ങും പരിചയപ്പെടുത്താനും അവയെ ശക്തിപ്പെടുത്താനും ഐ.എ.സി. 2019 കൊണ്ട് ഉദ്ദേശിക്കുന്നു.
ലോകമെങ്ങുമുള്ള ആയുഷ്, വിശിഷ്യ ആയൂര്‍വേദ സമൂഹത്തിന്റെ ഒത്തുചേരല്‍ ആയൂര്‍വ്വേദ ഹൃദയഭൂമിയായ കേരളത്തില്‍ ഐ.എ.സി. 2019 വഴി സാധിക്കുന്നു. ശാസ്ത്രസാങ്കേതിക വ്യാവസായിക മേഖലയിലെ പുതിയ കണ്ടെത്തലുകള്‍ ആയുഷ്‌മേഖലയ്ക്ക് മനസ്സിലാക്കാനും സ്വാംശീകരിക്കാനുമുള്ള ഒരവസരവും കൂടിയാണ് ഐ.എ.സി. 2019.
അന്താരാഷ്ട്ര മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും സംരംഭകരുമായി കേരളത്തിലെ ആയുഷ്‌മേഖലയ്ക്ക് പരസ്പര സഹകരണത്തിനുള്ള അവസരം സൃഷ്ടിക്കുകയാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. തെളിവധിഷ്ഠിതമായ വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ എന്ന നിലയില്‍ ആയുഷിനെ ഉയര്‍ത്തികൊണ്ട് വരുന്നതിനുള്ള ശ്രമം ഐ.എ.സി. 2019 ന്റെ ഭാഗമായി ഉണ്ടാകും. ആയുഷ് ഉത്പന്നങ്ങള്‍, ചികിത്സാരീതികള്‍, ചികിത്സകര്‍ എന്നിവയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഐ.എ.സി. 2019 അവസരം സൃഷ്ടിക്കും.
പൊതുജനാരോഗ്യ മേഖലയില്‍ ഏറ്റവും ജനകീയവും ചെലവുകുറഞ്ഞതും തദ്ദേശീയവുമായ വൈദ്യസമ്പ്രദായങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ കേരള ആരോഗ്യമാതൃകയെ ശക്തിപ്പെടുത്തുകയും ആയുഷ് അധിഷ്ഠിതമായ ചര്‍ച്ചകളിലൂടെ ആരോഗ്യമേഖലയിലെ നയരൂപീകരണ യത്‌നങ്ങളെ സമ്പുഷ്ടമാക്കുകയും ഐ.എ.സി. 2019 ന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.
ഐ.എ.സി. 2019ന്റെ പ്രധാന ഘടകങ്ങള്‍
അന്താരാഷ്ട്ര സെമിനാര്‍
പൊതുജനാരോഗ്യ മേഖലയുടെ വിവിധ തലങ്ങളില്‍ ആയുഷ് ചികിത്സാസമ്പ്രദായങ്ങളുടെ ഇടപെടലുകളും വിശാല സാധ്യതകളും എന്നതാണ് അന്താരാഷ്ട്ര സെമിനാറിന്റെ വിഷയം. ആയൂര്‍വ്വേദം ഉള്‍പ്പെടെ ആയുഷ് വൈദ്യ സമ്പ്രദായങ്ങളുടെ ഇടപെടല്‍ വിവിധ ജനസമൂഹങ്ങളില്‍ ഫലപ്രദമായ പൊതുജന ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന സമകാലീന സാഹചര്യത്തില്‍ ഈ വിഷയം വളരെ പ്രസക്തമാണ്.
മുഖ്യവിഷയത്തിന്റെ ഭാഗമായി നിരവധി ഉപ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന സെമിനാറില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രഗത്ഭരായ അക്കാദമിക് പണ്ഡിതര്‍, ക്ലിനീഷ്യന്മാര്‍, ഗവേഷകര്‍ എന്നിവര്‍ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും. ഈ സെമിനാറിന്റെ ഫലപ്രദമായ പരിസമാപ്തിയുടെ ഭാഗമായി ചര്‍ച്ചകളുടെ സമഗ്ര രേഖ പ്രസിദ്ധപ്പെടുത്തുകയും മേഖലയുടെ വികസനത്തിനു വേണ്ടി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യും.
നാഷണല്‍ ആരോഗ്യ എക്‌സ്‌പോ
ആയുഷ് വൈദ്യശാസ്ത്ര മേഖലയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് എക്‌സ്‌പോയുടെ ഉദ്ദേശം. ആയുഷ് സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ സ്ഥാപിക്കുന്നതരത്തിലുള്ള ഹോം പവിലിയന്‍, ആയുഷ് മേഖലയിലെ നൂതന വികാസപരിണാമങ്ങള്‍, ഔഷധ നിര്‍മ്മാതാക്കള്‍, രാജ്യത്തെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ അവരവരുടെ നേട്ടങ്ങളെയും മികവുകളെയും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന പവലിയനുകള്‍ എന്നിവ എക്‌സ്‌പോയില്‍ ഉണ്ടാകും. ഔഷധ നിര്‍മ്മാതാക്കള്‍ പുതിയതായി വികസിപ്പിച്ചെടുത്ത് പ്രൊപ്പറൈറ്ററി ലൈസന്‍സ് നേടിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് സൗകര്യവും എക്‌സ്‌പോയില്‍ ഒരുക്കുന്നുണ്ട്. ആയിരത്തിലേറെ ഔഷധച്ചെടികളെ ഉള്‍പ്പെടുത്തികൊണ്ട് ഔഷധസസ്യപ്രദര്‍ശനവും ഇതോടൊപ്പം നടക്കും,
ബിസിനസ്സ് മീറ്റ്
1) ഹെര്‍ബല്‍ ബസാര്‍: ഔഷധ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ മാര്‍ക്കറ്റ് വിപുലപ്പെടുത്തുന്നതിന് സഹായകമായി അന്താരാഷ്ട്രതലത്തിലുള്ള വില്‍പ്പനക്കാരുടെയും വാങ്ങുന്നവരുടെയും കൂടിച്ചേരലും (Buyer – Seller meet) അന്യോന്യമുള്ള ചര്‍ച്ചകളും ലോക വിപണിയില്‍ വിവിധ രാജ്യങ്ങളിലേയ്ക്ക് ഔഷധ / ആയുഷ് അധിഷ്ഠിത ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും സംബന്ധിച്ച അവതരണങ്ങളും ‘ഹെര്‍ബല്‍ ബസ്സാര്‍’ എന്ന സെഷനില്‍ ഉണ്ടാകും.
2) ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍: കേരളത്തിലെ വിവിധ ആയൂര്‍വേദ ചികിത്സാസ്ഥാപനങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും അന്താരാഷ്ട്ര-ആരോഗ്യ-വിനോദസഞ്ചാര മാധ്യമപ്രതിനിധികളും പങ്കെടുക്കുന്ന ‘ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍’ എന്ന സെഷനില്‍, ആയുഷ് ഹെല്‍ത്ത് ടൂറിസം മേഖലയില്‍ ഭൗതികസാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ഫലപ്രദമാക്കാം, അതിനുള്ള വിഭവസമാഹരണം സാധിക്കുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഈ സെഷനില്‍ അവതരണങ്ങള്‍ ഉണ്ടാകും. ടൂറിസം രംഗത്ത് ആയുഷിനെ കേരളത്തിന്റെ മികവുറ്റ ഉത്പന്നമായി മാറ്റുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ചര്‍ച്ച ചെയ്യും. ടൂര്‍ ഓപ്പറേറ്റര്‍മാരും സേവനദാതാക്കളും തമ്മിലുളള ഒറ്റയ്ക്കും കൂട്ടായും ഉള്ള ചര്‍ച്ചകള്‍ പുതിയ ബിസിനസ് സാധ്യതകള്‍ക്ക് വഴി തെളിക്കും.
ഈ രണ്ടു പരിപാടികളുടെയും ഭാഗമായി തയ്യാറാക്കപ്പെടുന്ന ധാരണാപത്രങ്ങള്‍ സംബന്ധിച്ച,് കോണ്‍ക്ലേവിനു ശേഷം കൃത്യമായ ഇടവേളകളില്‍ പുരോഗതി വിലയിരുത്തപ്പെടുകയും സംസ്ഥാന താത്പര്യത്തിനും യോഗ്യമായതരത്തില്‍ തടസങ്ങള്‍ നീക്കുന്നതിനുള്ള ഇടപെടല്‍ ഉണ്ടാകുകയും ചെയ്യും. അതിനായി കോണ്‍ക്ലേവിനു ശേഷം ഒരു വര്‍ഷക്കാലത്തേക്ക് പ്രവര്‍ത്തിക്കുന്നതിന് ഒരു സെക്രട്ടറിയേറ്റ് രൂപീകരിക്കും.
എല്‍.എസ്.ജി. ലീഡേഴ്‌സ് മീറ്റ്
ആയുഷ് സ്ഥാപനങ്ങളുടെ മുഖച്ഛായ മാറുന്നതരത്തില്‍ വികസനവും പുതിയ പദ്ധതികളിലൂടെ ജനങ്ങളുടെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് ഇടപെടുന്നതിനുള്ള അവസരവും ലഭിച്ചത് ജനകീയാസൂത്രണം വന്നതിനു ശേഷമാണ്. അതുകൊണ്ടു തന്നെ ഐ.എ.സി. 2019ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി നടത്തപ്പെട്ട, തെരഞ്ഞെടുക്കപ്പെട്ട പൊതുജനാരോഗ്യ പ്രോജക്ടുകള്‍ പരിശോധിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനും പ്രാദേശിക ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ വേദി ഒരുക്കുന്നതാണ്. കേരളത്തിലെ ആയിരത്തിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും തലവന്മാരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്ന ഈ പരിപാടി പൊതുജനാരോഗ്യത്തിലും പ്രാദേശിക വികസനത്തിനത്തിലും ആയുഷിന്റെ പ്രാധാന്യവും പ്രസക്തിയും ചര്‍ച്ച ചെയ്യും. മികച്ച പ്രോജക്ടുകള്‍ അവതരിപ്പിക്കപ്പെടുകയും അംഗീകാരം നല്‍കുകയും ചെയ്യുക ഈ പരിപാടിയുടെ ഉദ്ദേശങ്ങളില്‍ ഒന്നാണ്.
ആയൂര്‍വേദ, സിദ്ധ, യുനാനി & ഹോമിയോപ്പതി ഔഷധനയം-ശില്പശാല
കേരളത്തിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ പ്രമുഖ പങ്കു വഹിക്കുന്നതോടൊപ്പം വലിയൊരു വ്യവസായമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ മുഖ്യ സ്ഥാനം ആയൂര്‍വേദ ഔഷധനിര്‍മ്മാണ മേഖലയ്ക്കുണ്ട്. ഒപ്പം ഇതര ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ഔഷധ നിര്‍മ്മാണ മേഖലയും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഔഷധ സസ്യകൃഷി മുതല്‍ വിപണനം വരെയുള്ള വിവിധ തലങ്ങളും കര്‍ഷകരുടെയും വ്യവസായികളുടെയും വില്‍പ്പനക്കാരുടെയും ചികിത്സകരുടെയും പൊതുജനങ്ങളുടെയും ഭാഗത്തു നിന്നും ഈ മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും അഭിപ്രായങ്ങളും ചര്‍ച്ചചെയ്യപ്പെടുന്ന ഒരു ശില്പശാലയായിരിക്കും ഇത്. കേരള ഗവണ്‍മെന്റിന്റെ പ്രകടന പത്രികയില്‍ ആയൂര്‍വേദ ഔഷധനയം രൂപീകരിക്കുമെന്ന പ്രഖ്യാപനം സാക്ഷാത്ക്കരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് പ്രസ്തുത ശില്പശാല.
ആരോഗ്യവും ആഹാരവും – ശില്പശാല
ആഹാരസംബന്ധിയായ വിവിധ ഘടകങ്ങള്‍ രോഗത്തെയും ആരോഗ്യത്തെയും നിര്‍ണയിക്കുന്നു എന്നത് ജീവിതശൈലി രോഗങ്ങള്‍ വ്യാപിക്കുന്ന സമകാലിക സാഹചര്യത്തില്‍ സര്‍വരാലും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ശില്പശാലയില്‍ രോഗങ്ങള്‍ അവയുടെ പ്രതിരോധം ചികിത്സ എന്നിവ നല്ല ഭക്ഷണം എന്ന ആശയത്തെ മുന്‍നിര്‍ത്തി ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതിനോടനുബന്ധിച്ച് ‘കിച്ചന്‍ ഫാര്‍മസി’ എന്ന പേരില്‍ ഹെല്‍ത്ത് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.
കാര്‍ഷിക സംഗമം
ഐ.എ.സി.യുടെ ഭാഗമായി ഔഷധസസ്യകൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നവരെയും പങ്കെടുപ്പിച്ച് കൊണ്ട് കര്‍ഷകസംഗമം നടത്തും. സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡാണ് ഇതിന് നേതൃത്വം നല്‍കുക.
ആയുഷ് ഐക്യദാര്‍ഢ്യസമ്മേളനം
ആയുഷ് വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ ശക്തിയും സാധ്യതകളും അനുഭവിച്ചറിഞ്ഞിട്ടുള്ള പൊതുസമൂഹത്തിന്റെ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയാണിത്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെ ആയുഷിനായി ഐക്യദാര്‍ഢ്യപ്പെടുത്തുന്ന ഈ പരിപാടി സമൂഹത്തില്‍ ആയുഷിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും.
ആയുഷ് സ്റ്റാര്‍ട്ട് അപ് കോണ്‍ക്ലേവ്
ഈ മേഖലയില്‍ പുതിയ ആശയങ്ങള്‍ വളര്‍ത്തുന്നതിനും അവയ്ക്ക് മൂലധനം കണ്ടെത്തുന്നതിനും വ്യവസായ സമൂഹത്തിന്റെ സഹായത്തോടെ നടത്തുന്ന സ്റ്റാര്‍ട്ട് അപ് കോണ്‍ക്ലേവ് കേരള സുസ്ഥിര വികസനത്തില്‍ ആയുഷിന്റെ നവസംരംഭകത്വം ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കും.
ആയുഷ് വിദ്യാര്‍ത്ഥി സംഗമം, ആയുഷ് വിഭാഗങ്ങളിലേക്ക് ആശമാരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള ആലോചനായോഗങ്ങള്‍, ഔഷധ സസ്യപ്രചരണം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പ്രഭാഷണങ്ങള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ എന്നിവ ഇതോടൊപ്പം അനുബന്ധ പരിപാടികളായി സംസ്ഥാനത്തുടനീളം നടക്കും.
രജിസ്റ്റര്‍ ചെയ്ത 2000 പ്രതിനിധികള്‍, വിദഗ്ദ്ധരായ 500 പ്രത്യേക ക്ഷണിതാക്കള്‍, ഗവേഷകര്‍ , വ്യവസായ മേഖലയില്‍ നിന്നുമുള്ള 200 വിദഗ്ദ്ധര്‍, 50 സര്‍ക്കാര്‍/സ്വയംഭരണ ഏജന്‍സികള്‍, പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നും 200 പ്രതിനിധികള്‍ എന്നിവര്‍ ഐ.എ.സി. 2019 ല്‍ പങ്കെടുക്കും. പ്രധാന സെമിനാര്‍ ഹാള്‍, 3 പാരലല്‍ സെഷന്‍ ഹാളുകള്‍, 2 ശില്പശാലാ ഹാളുകള്‍, പോസ്റ്റര്‍ പ്രദര്‍ശന ഹാള്‍, എഡ്യുകേക്കഷന്‍ എക്‌സ്‌പോ, 300 ഓളം പ്രദര്‍ശന സ്റ്റാളുകള്‍, ഹോം പവലിയന്‍, ഔഷധ സസ്യപ്രദര്‍ശനം എന്നിവയും ഐ.എ.സി. 2019 ല്‍ ഉണ്ടാകും. സംസ്ഥാന ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ആയുഷ് മിഷന്‍ (NAM) കേരള സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ ടൂറിസം വകുപ്പ്, വ്യവസായ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കായിക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, ശാസ്ത്രസാങ്കേതിക വകുപ്പ്, കെ.എസ്.ഐ.ഡി.സി. കിന്‍ഫ്ര, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സ്റ്റേറ്റ് മെഡിസിനില്‍ പ്ലാന്റ് ബോര്‍ഡ്, ആരോഗ്യ സര്‍വ്വകലാശാല, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, റ്റി.ബി.ജി.ആര്‍.ഐ തുടങ്ങിയ വകുപ്പുകളുടെയും ഏജന്‍സികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
2019 ഫെബ്രുവരി 15 മുതല്‍ 18 വരെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് 2019 (ഐ.എ.സി. 2019) ന്റെ നടത്തിപ്പിനു വേണ്ടി 501 അംഗ സംഘാടക സമിതിയെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷാധികാരിയായും കേരള ആരോഗ്യ സാമൂഹ്യ നീതി വനിത ശിശുവികസന ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചെയര്‍പേര്‍സണായും ടൂറിസം, സഹകരണ, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോ-ചെയര്‍പേഴ്‌സണായും ആയുഷ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജനറല്‍ കണ്‍വീനറായും ചുമതല വഹിക്കുന്നു.
കേരളത്തിലെ ആയുഷ് വൈദ്യ ശാസ്ത്ര വിഭാഗങ്ങളുടെ ചരിത്രത്തില്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ നടക്കുന്ന ആദ്യത്തെ സംരംഭമാണിത്. കേരളത്തിന്റെ സുസ്ഥിര വികസനമെന്ന സമീപനവും പൊതുജനാരോഗ്യസംരക്ഷണമെന്ന കാഴ്ചപ്പാടും മുന്‍നിര്‍ത്തി ആയുഷ്‌മേഖലയില്‍ ആദ്യമായി നടക്കുന്ന പ്രമുഖ പരിപാടിയും ഇതു തന്നെയാണ്. കേരളത്തിന്റെ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ സവിശേഷതകള്‍ ലോകമെമ്പാടും വിളംബരം ചെയ്യുന്ന പരിപാടിയായി ഐ.എ.സി. മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘാടകസമിതി നടത്തി വരികയാണ്.
ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസന ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. കോബ്രഗെഡെ, ഭാരതീയ ചികിത്സാ വിഭാഗം മേധാവി ഡോ. അനിത ജേക്കബ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. ജമുന, ആയുഷ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഉഷ കുമാരി, ഹോമിയോപ്പതി പ്രിന്‍സിപ്പല്‍ & കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. സുനില്‍രാജ്, ആയുഷ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. സുഭാഷ്, ഡോ. ജയനാരായണന്‍ എന്നിവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.
Post Your Comments