ദോഹ: യാത്രക്കാരുടെ എണ്ണത്തില്‍ പോയ വര്‍ഷം 20% വര്‍ധനവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. 2018ന്റെ അവസാന പാദത്തില്‍ മാത്രം ഹമദിലൂടെ കടന്നുപോയത് 81 ലക്ഷം യാത്രക്കാരാണ്. സ്മാര്‍ട് എയര്‍പോര്‍ട്ട് പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി മികവുയര്‍ത്താനായെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു. ഭാവിയുടെ വിമാനത്താവളമായി വളരുന്ന ഹമദ്, ഒഎജി കൃത്യതാ ലീഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തരതലത്തില്‍ മികച്ച രണ്ടാമത്തെ വിമാനത്താവളമായി കഴിഞ്ഞവര്‍ഷം തെരഞ്ഞെടുക്കപ്പെട്ടു.
ഇവിടെ നിന്നുള്ള 85.41% വിമാനങ്ങളും യാത്രാ സമയത്തില്‍ കൃത്യത പാലിച്ചതായി എയര്‍പോര്‍ട്ട് സിഇഒ ബദ്ര് മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. 95% യാത്രക്കാരുടെയും സുരക്ഷാ പരിശോധന 5 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. 2018ല്‍ 3.45 ലക്ഷം യാത്രക്കാര്‍ കടന്നുപോയി. 57,831 ലാന്‍ഡിങ്ങുകളാണ് നടന്നത്. 21,63,544 ടണ്ണാണ് ചരക്കുനീക്കം. വാര്‍ഷിക വര്‍ധന 8.4%. മധ്യപൗരസ്ത്യ മേഖലയിലെ മികച്ച വിമാനത്താവളത്തിനുള്ള സ്‌കൈട്രാക്സ് അവാര്‍ഡ് തുടര്‍ച്ചയായ 4 വര്‍ഷവും സ്വന്തമാക്കാനും ഹമദിനായി. സേവന മികവിനുള്ള പുരസ്‌കാരം മൂന്നാം തവണയും സ്വന്തമാക്കി.
പഞ്ചനക്ഷത്ര പദവിയാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് സ്‌കൈട്രാക്സ് നല്‍കിയിരിക്കുന്നത്. മികച്ച യാത്രാനുഭവം പ്രദാനം ചെയ്തതിനുള്ള 2018ലെ എഫ്ടിഇ ഏഷ്യ അവാര്‍ഡും ഹമദിനായിരുന്നു. 2022ന് മാത്രമേ വിമാനത്താവള വികസനം പൂര്‍ത്തിയാകൂ. അതോടെ പ്രതിവര്‍ഷം 5.3 കോടി യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലൂടെ കടന്നുപോകാനാകും.
Post Your Comments