എട്ടുകാലി ‘മഴ’ പരിഭ്രാന്തരായി ജനങ്ങള്‍
തെക്കുകിഴക്കന്‍ ബ്രസീല്‍ ഗ്രാമമായ മിനാസ് ജെറയ്സില്‍ എട്ടുകാലി ‘മഴ’. സാവോപോളോക്ക് 250 കി.മീ. വടക്കുകിഴക്കുള്ള മിനാസ് ജെറയ്സിലൂടെ യാത്ര ചെയ്യുകയായിരുന്ന ജാവോ പെഡ്രോ മാര്‍ട്ടിനെല്ലി ഫോന്‍സേക എന്നയാളാണ് എട്ടുകാലി മഴയുടെ ദൃശ്യം പകര്‍ത്തിയത്. വീഡിയോ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ജനങ്ങള്‍ പരിഭ്രാന്തരാവുകയായിരുന്നു.
ഇവ ആകാശത്തുനിന്ന് വീഴുകയല്ലെന്നും സംഘം ചേര്‍ന്ന് വലകെട്ടുന്ന പ്രത്യേക വിഭാഗത്തില്‍പ്പെട്ട എട്ടുകാലികളാണ് ഇവയെന്നും വിദഗ്ധര്‍ വ്യക്തമാക്കി. മനുഷ്യര്‍ക്ക് കാണാനാവാത്തവിധം സംഘം ചേര്‍ന്ന് നെയ്ത ഭീമന്‍ വലയില്‍ തൂങ്ങിക്കിടക്കുന്നതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കാറില്‍ സഞ്ചരിക്കവെ പെട്ടന്ന് ആകാശത്ത് കറുത്ത പൊട്ടുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് ഫൊന്‍സേക പറഞ്ഞു. കാര്യം മനസ്സിലാവാതെ താന്‍ ഭയന്നതായും പെട്ടെന്ന് കാറിന്റെ വിന്‍ഡോയിലൂടെ ഒരു എട്ടുകാലി വീണപ്പോഴാണ് സംഗതി മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് അപൂര്‍വ പ്രതിഭാസം വീഡിയോയില്‍ പകര്‍ത്തിയത്. മുന്‍പും ഇത് കണ്ടിട്ടുണ്ടെന്ന് ഫൊന്‍സേകക്കൊപ്പമുണ്ടായിരുന്ന മുത്തശ്ശി ജെഴ്സീന മാര്‍ട്ടിനെല്ലി പറഞ്ഞു.2013ലും സമാന സംഭവം ബ്രസീലില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദക്ഷിണ ബ്രസീലിലെ സാന്റോ അന്റോണിയോ ഡ പ്ലാറ്റീന പ്രദേശവാസികളാണ് എട്ടുകാലി മഴ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Post Your Comments