പാലിയേക്കര: : ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ വരിതെറ്റിച്ചുവന്ന ബസ് കാറിലിടിച്ച് അപകടം. ശനിയാഴ്ച വൈകീട്ട് 4.30-നായിരുന്നു സംഭവം.
ടോള്‍ബൂത്തിനുമുന്നിലെ വാഹനങ്ങളെ മറികടക്കാന്‍ ബസ് ടോള്‍പ്പാതയോടു ചേര്‍ന്നുള്ള പെട്രോള്‍പമ്പിനുള്ളിലൂടെ കടന്നതാണ് അപകടകാരണം. ടോള്‍ നല്‍കാന്‍ കാത്തുനില്‍ക്കുന്ന വാഹനങ്ങളുടെ മുന്നിലേക്ക് കടക്കുന്നതിനിടെ ബസ് ഡീസല്‍ നിറച്ച് പുറത്തേയ്ക്കിറങ്ങുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് ബസ് കാറിനെ അമ്പതുമീറ്റര്‍ മുന്നോട്ടു നിരക്കിക്കൊണ്ടുപോയി.
തൃശ്ശൂരില്‍നിന്ന് ചിമ്മിനിഡാമിലേക്കു പോവുകയായിരുന്ന അഖില്‍ദാസ് എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്. അയ്യന്തോള്‍ സ്വദേശിയുടെ കാര്‍ തൃശ്ശൂരില്‍നിന്നു ചാലക്കുടിഭാഗത്തേക്ക് പോവുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. സ്വകാര്യബസ് ഡ്രൈവറുടെ പേരില്‍ പുതുക്കാട് പോലീസ് കേസെടുത്തു.
ടോള്‍പാതയിലെ കാത്തുനില്‍പ്പൊഴിവാക്കാന്‍ സ്വകാര്യബസുകള്‍ വരിതെറ്റിച്ച് ടോള്‍പ്ലാസയില്‍ പ്രവേശിക്കുന്നത് ഇവിടെ പതിവാണ്. അപകടരമാംവിധം വാഹനനിരയില്‍ തിക്കിക്കയറുന്നത് പലപ്പോഴും അപകടങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കാറുണ്ട്. മണിക്കൂറുകളോളം കാത്തുനിന്ന് ടോള്‍ബൂത്തിനു മുന്നിലെത്തുന്ന വാഹനങ്ങള്‍ ബസുകള്‍ എളുപ്പത്തില്‍ മുന്നില്‍ക്കയറുന്നത് ചോദ്യം ചെയ്യുന്നത് തര്‍ക്കങ്ങള്‍ക്കു കാരണമാകാറുണ്ട്. വരിയില്‍ പിന്നിലെത്തുന്ന ബസുകളിലെ ജീവനക്കാര്‍ ടോള്‍പ്ലാസയിലിറങ്ങി മുന്നിലെ വാഹനങ്ങളോട് ആക്രോശിക്കുന്നതും ബലമായി ഗതാഗതം നിയന്ത്രിക്കുന്നതും സ്ഥിരം സംഭവമാണ്.
Post Your Comments