ഡല്‍ഹി: മുന്‍ നിയമ സെക്രട്ടറിയും അരുണ്‍ ജെയ്റ്റ്ലിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന സുരേഷ് ചന്ദ്രയെ കേന്ദ്ര വിവരാവകാശ കമ്മീഷണറാക്കി നിയമിച്ച നടപടി വിവാദമാകുന്നു. അപേക്ഷ പോലും നല്‍കാത്ത സുരേഷ് ചന്ദ്രയെ ജനുവരി ഒന്നിനാണ് കേന്ദ്ര വിവരാവകാശ കമ്മീഷണറാക്കി നിയമിച്ചത്. എല്ലാ സ്ഥാപനങ്ങളെയും മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വാജ്‌പേയി സര്‍ക്കാറില്‍ ജയ്റ്റ്‌ലി നിയമമന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് ചന്ദ്ര രണ്ടുമാസം മുമ്പാണ് നിയമ സെക്രട്ടറി പദവിയില്‍ നിന്നും വിരമിച്ചത്. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ പദവിയിലേക്ക് അപേക്ഷ പോലും ചന്ദ്ര നല്‍കിയിരുന്നില്ല. പേഴ്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ് പുറത്തുവിട്ട രേഖകള്‍ അനുസരിച്ച് 280 അപേക്ഷകരില്‍ സുരേഷ് ചന്ദ്ര ഇല്ല. പിന്നീട് 14 പേരുടെ ചുരുക്കപ്പട്ടികയില്‍ ചന്ദ്രയെ ചേര്‍ത്തു.
സുരേഷ് ചന്ദ്ര കേന്ദ്ര വിവരാവകാശ കമ്മീഷണര്‍: നടപടി വിവാദമാകുന്നു
ഉന്നതതല അര്‍ധ ജുഡീഷ്യല്‍ സംവിധാനമായതിനാല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അപേക്ഷിക്കാറില്ലെന്നാണ് ചന്ദ്രയുടെ വിശദീകരണം. പദവി അപേക്ഷകര്‍ക്ക് മാത്രം പരിമിതപ്പെടുത്താനാകില്ലെന്നും, അപേക്ഷിച്ചവര്‍ ഏറെയും ജുഡീഷ്യല്‍ പശ്ചാത്തലമില്ലാത്തവരാണെന്നും ചന്ദ്ര കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റികളെയും മോദി മറികടക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
സുപ്രീം കോടതിയില്‍ 2018 ആഗസ്റ്റില്‍ പേഴ്സനല്‍ ആന്റ് ട്രെയിനിങ് വകുപ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ അപേക്ഷകരില്‍ നിന്നേ ചുരുക്കപട്ടിക തയ്യാറാക്കാവൂ എന്ന് പറയുന്നുണ്ട്. നടപടി ക്രമങ്ങള്‍ ഡിസംബര്‍ 13ന് പരസ്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതൊന്നും പാലിക്കാതെ നിയമനശേഷം ജനുവരി 18നാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.
Post Your Comments