അജ്മാന്‍: അജ്മാനില്‍ സ്ഥിരതാമസക്കാരായ മലയാളി ദമ്പതികള്‍ വീടില്ലാത്ത പതിനാലു കുടുംബങ്ങള്‍ക്കായി കേരളത്തിലെ ഒരേക്കര്‍ ഭൂമി ഇഷ്ടദാനം നല്‍കി നന്മയുടെ അപൂര്‍വ്വ മാതൃകകളായി.
കോഴിക്കോട് സ്വദേശിയും ഓര്‍ത്തോപീഡിക് സര്‍ജനുമായ ഡോക്ടര്‍ വി.കെ മനോജ്, ഭാര്യ കല്ലാനോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപിക ജയശ്രീ സെബാസ്റ്റ്യന്‍ എന്നിവരാണ് ദരിദ്രരായ, വീടില്ലാത്ത കുടുംബങ്ങള്‍ക്ക് നാട്ടിലുള്ള 500,000 ദിര്‍ഹം( ഏകദേശം 96,99,836.27) രൂപ വിലമതിക്കുന്ന ഭൂമി ദാനമായി നല്‍കിയത്. കഴിഞ്ഞ സെപ്തംബറിലാണ് മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഇവര്‍ ഭൂമി കൈമാറിയത്. ഇവിടെ വിവിധ സംഘടനകളുടെ സഹായത്തോടെ പതിനാലു കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും.
മാതാപിതാക്കളുടെ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ മക്കള്‍ മൂന്നുപേരും ഒപ്പം നിന്നു. ഇതിനായി ഇവരുടെ മൂത്തമകന്‍ ദുബായിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. സിവില്‍ എന്‍ജിനീയറായ മകന്‍ ആഷിഖ് ദുബായിയില്‍ നിന്നും നാട്ടിലെത്തി, തങ്ങളുടെ സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാക്കിയ ശേഷം കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയതെന്ന് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്‍.സി ) അംഗവും റാസ് അല്‍ ഖൈമ, അജ്മാന്‍ എന്നിവിടങ്ങളിലെ ക്ലിനിക്കില്‍ സര്‍ജനുമായ ഡോ. മനോജ് പറയുന്നു.
പത്തുവര്‍ഷം മുമ്പ് മകള്‍ അനുവിന്റെ പേരില്‍ വാങ്ങിയതാണ് ഭൂമി. അഖിലേന്ത്യാ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയംനേടി കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍ഐടി) പഠനം തുടങ്ങിയപ്പോഴാണ് മകളുടെ പേരില്‍ നാട്ടില്‍ ഒരേക്കര്‍ ഭൂമിവാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്.
സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിലാണ് താന്‍ ഭൂമി ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടെ തീരുമാനത്തിന് മകളും സമ്മതം മൂളിയതോടെ ഭൂമി പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 43,560 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഭൂമിയാണ് പതിനാല് കുടുംബങ്ങള്‍ക്കായി വീതിച്ചു നല്‍കിയതെന്നും ഇതില്‍ രണ്ടുപേര്‍ ഭാര്യ ജയശ്രീയുടെ ശിക്ഷ്യരാണെന്നും അഭിമാനത്തോടുകൂടി ഡോ. മനോജ് പറയുന്നു. മറ്റ് കുടുംബങ്ങളെ പ്രാദേശിക പ്രതിനിധികളാണ് തിരഞ്ഞെടുത്തത്. ‘രാഷ്ട്രീയം, മതം, ജാതി എന്നിവയൊന്നും പരിഗണിക്കാതെ ദരിദ്രരും വീടില്ലാത്തതുമായ കുടുംബങ്ങള്‍ക്ക് മാത്രമാണ് ഭൂമി നല്‍കിയത്.
ഡോ. മനോജും ഭാര്യയും തങ്ങളുടെ നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധമാക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഇത് വൈറല്‍ ആവുകയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തങ്ങള്‍ക്ക് നല്ല പിന്തുണ കിട്ടിയെന്ന് ഈ കുടുംബം പറയുന്നു. തുടക്കത്തില്‍ ജയശ്രീയുടെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള പദ്ധതിയായിരുന്നു ആലോചിച്ചിരുന്നെങ്കിലും പിന്നീട് മറ്റ് കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
യു.എ.ഇ കേരള മെഡിക്കല്‍ ഗ്രാജുവേറ്റ് അസ്സോസിയേഷന്‍ മറ്റ് രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍, സുഹൃത്തുക്കള്‍, കേരളത്തിലെ ചില സംഘടനകള്‍ എന്നിവയും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
പ്രശസ്ത ആര്‍ക്കിടെക്ടായ ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പ് വീടുകളുടെ രൂപകല്‍പ്പന നിര്‍വ്വഹിച്ച് തങ്ങളുടെ സ്വപ്‌നപദ്ധതിക്കൊപ്പമുണ്ടെന്ന് ഡോ. മനോജ് പറഞ്ഞു.
Post Your Comments