തിരുവനന്തപുരം: ശബരിമലയില്‍ യുവതി ദര്‍ശനത്തിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിനു തന്ത്രിക്കു സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ദര്‍ശനം നടത്തിയ യുവതികളില്‍ ഒരാള്‍ ദളിത് ആയതിനാല്‍ ശുദ്ധി ക്രിയ അയിത്താചാരം ആയി കണക്കാക്കും എന്ന് കമ്മീഷന്‍ അംഗം എസ് അജയകുമാര്‍ വ്യക്തമാക്കി. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ഈ മാസം 17 നു ഹാജരാകാന്‍ തന്ത്രിക്കു നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ ആണ് നോട്ടീസ് നല്‍കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിൽ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി – വർഗ്ഗ കമ്മീഷൻ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജർ ആവാൻ നോട്ടീസ് അയച്ചിരുന്നു. കമ്മിഷൻ മുൻപാകെ ഹാജരാവാത്തതുകൊണ്ട് തുടർനടപടി എന്ന നിലക്ക് കമ്മീഷൻ മെമ്പറായ ഞാൻ തന്ത്രിക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണ് .
ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളിൽ പറക്കാൻ സവർണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തിൽ ഇത്തരത്തിൽ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിർക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന പട്ടിക ജാതി – പട്ടിക വർഗ കമ്മീഷൻ ശക്തമായി ഇടപെടുന്നതായിരിക്കും.
Post Your Comments