നിനക്കെന്താ സുഖമില്ലേ? കണ്ണെഴുതാത്ത ദിവസങ്ങളില്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ഈ ചോദ്യം കേള്‍ക്കേണ്ടി വന്നിട്ടുണ്ടോ. എങ്കില്‍ നിങ്ങളുടെ സൗന്ദര്യത്തില്‍ കണ്‍മഷിക്ക് അത്രയേറെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. കണ്ണിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം കണ്ണിലെ അണുബാധ തടയാനും കണ്ണിന് കുളിര്‍മ ലഭിക്കുന്നതിനും കണ്‍മഷി സഹായിക്കും. കണ്ണെഴുതിയാല്‍ കാഴ്ച ശക്തി വര്‍ധിക്കും.
ഇന്ന് കണ്‍മഷിക്ക് പുതിയ രൂപവും ഭാവവും സ്വഭാവവും വന്നു. എൈലെനര്‍, ഐപെന്‍സില്‍, കാജല്‍, ഐപെന്‍ തുടങ്ങി നിരവധി മോഡലുകളില്‍ കണ്‍മഷി ലഭ്യമാണ്. കണ്ണിന് ഭംഗി നല്‍കുമെങ്കിലും ഇത്തരം കണ്‍മഷികളുടെ തുടര്‍ച്ചയായ ഉപയോഗം ദോഷകരമായി ബാധിക്കാം. അതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ തന്നെയാണ് പ്രധാന കാരണം. ഇതാ വീട്ടില്‍ തന്നെ കണ്‍മഷി നിര്‍മ്മിക്കാം. അതും പ്രകൃതിദത്തമായി…
ആവശ്യമായ സാധനങ്ങള്‍:
1. പൂവാങ്കുരുന്നില 2. വെള്ള കോട്ടണ്‍തുണി( തിരിത്തുണി) 3. നല്ലെണ്ണ 4. നിലവിളക്ക് 5. മണ്‍പാത്രം
ആദ്യം പൂവങ്കുരുന്നിലയുടെ ഇലകള്‍ വൃത്തിയായി കഴുകിയെടുക്കുക. എന്നിട്ട് ഇലകള്‍ ഇടിച്ചു പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് ചാറെടുക്കണം. വിളക്കിലെ തിരിയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന നല്ല വൃത്തിയുള്ള കൊട്ടന്‍ തുണി മുറിച്ചെടുത്തു പൂവാങ്കുരുന്നിലയുടെ ചാറില്‍ മുക്കി നനച്ച ശേഷം തണലത്ത് ഇട്ട് ഉണക്കണം. തുണി നന്നായി ഉണങ്ങിയ ശേഷം വീണ്ടും പൂവങ്കുരുന്നില-ചാറില്‍ നനച്ച് വീണ്ടും തണലത്തിട്ട് ഉണക്കണം. ഇപ്രകാരം 6-7 തവണ ആവര്‍ത്തിക്കുക. ഇപ്പോള്‍ പൂവാങ്കുരുന്നിലയുടെ ചാറ് നല്ലപോലെ തുണിയില്‍ പിടിച്ചിട്ടുണ്ടാകും. ഇനി ഈ തുണി വിളക്കിലിടാനുള്ള തിരിയായി തെറുത്തെടുക്കണം.ഒരു നിലവിളക്കില്‍ നല്ലെണ്ണ ഒഴിച്ച് ഈ തിരിയിട്ട് കത്തിക്കുക. പുക ഉയരുന്ന ഭാഗത്തായി വൃത്തിയുള്ള മണ്‍പാത്രം കമിഴ്ത്തി വയ്ക്കണം. വിളക്കില്‍ നിന്നുതിരുന്ന പുകമണ്‍പാത്രത്തില്‍ കരിയായി വന്നടിയും. ആവശ്യമായ ആത്രയും കരി മണ്‍പാത്രത്തില്‍ ആയാല്‍ തിരിയണയ്ക്കാം. മണ്‍പാത്രത്തില്‍ അടിഞ്ഞ കരി ശേഖരിക്കുക. ഈ കരി ഒരു പാത്രത്തിലിട്ട് രണ്ടോ മൂന്നോ തുള്ളി നല്ലെണ്ണ ഒഴിച്ച് നന്നായി ചാലിക്കുക.കണ്മഷി തയ്യാര്‍.
Post Your Comments