തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് കാട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പിഴവുകള്‍ വന്ന സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപി അനില്‍കാന്തിനാണ് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടിമുടി പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
വിഷയത്തില്‍ പോലീസും നിയമ വകുപ്പും പരസ്പരം പഴിചാരുകയാണ്. ലിസ്റ്റ് നല്‍കിയത് കോടതിയില്‍ നേരിട്ട് നല്‍കാനല്ലെന്നാണ് പോലീസ് പറയുന്നത്. ലിസ്റ്റിന്റ ആധികാരികതയില്‍ സംശയമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് നിയമവകുപ്പ് വ്യക്തമാക്കി. പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസിനോടും നിയമ വകുപ്പിനോടും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
വിര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുകയും പമ്പയില്‍ നിന്ന് പാസ് വാങ്ങുകയും ചെയ്തവരുടെ പേരുകളാണ് പട്ടികയില്‍ നല്‍കിയതെന്നാണ് പോലീസ് വാദം. ബിന്ദുവും കനകദുര്‍ഗയുമല്ലാതെ വേറെ ആരെങ്കിലും കയറിയോ എന്ന് ചോദിച്ചാല്‍ മാത്രം നല്‍കാനാണ് ഈ ലിസ്റ്റ് നല്‍കിയത്. പോലീസ് ഉത്തരവാദിത്തത്തോടെ നല്‍കിയ പട്ടികയാണ് ഇതെന്നും ലഭിച്ചതിനു ശേഷം ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് കോടതിയില്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്നും നിയമവകുപ്പ് അവകാശപ്പെടുന്നു. പോലീസ് കൈകഴുകുകയാണെന്നും വകുപ്പ് കുറ്റപ്പെടുത്തുന്നു.
Post Your Comments