ദുബായ്: ദുബായ് നഗരത്തിന്റെ ‘ടൈം ലാപ്സ്’ ദൃശ്യവിസ്മയമൊരുക്കി കണ്ണൂര്‍ക്കാരന്‍. സച്ചിന്‍ രാംദാസ് എന്ന 29കാരനായ യുവ എന്‍ജിനീയറാണ് ദുബായിയുടെ ദൃശ്യ വിസ്മയമൊരുക്കിയത്.
ഫോട്ടോകള്‍ ചേര്‍ത്തുവച്ചു വിഡിയോ പോലെ ചിത്രീകരിക്കുന്ന സംവിധാനമാണ് ടൈം ലാപ്‌സ്. ചെറിയ ഇടവേളകളില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ ചേര്‍ത്തുവച്ച് അതിവേഗക്കാഴ്ചകള്‍ ഒരുക്കുന്നു. 1.5 ലക്ഷം ചിത്രങ്ങളാണ് സച്ചിന്‍ ഇതിനായി ചേര്‍ത്തുവച്ചത്.
യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യാഥാര്‍ഥ്യമാക്കിയ ദുബൈ എന്ന വിസ്മയനഗരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം, സമയത്തിനും മുന്‍പേ കുതിക്കുന്ന മരുഭൂമിയിലെ അദ്ഭുതലോകം തുടങ്ങിയ ചില അപൂര്‍വ നിമിഷങ്ങളാണ് സച്ചിന്‍ സ്വന്തമാക്കിയത്. ‘ഇമാജിന്‍ ദുബൈ’ എന്ന പേരിലുള്ള ‘ടൈം ലാപ്സ്’ ദൃശ്യവിസ്മയത്തില്‍ ദുബൈയുടെ നിശ്ചലദൃശ്യങ്ങള്‍ വാചാലമാകുന്നു.
‘ഇമാജിന്‍ ദുബൈ’ ഷെയ്ഖ് മുഹമ്മദിനുള്ള സമര്‍പ്പണം കൂടിയാണെന്ന് വര്‍ഷങ്ങളായി ഫുജൈറയില്‍ താമസിക്കുന്ന സച്ചിന്‍ പറയുന്നു. കൂറ്റന്‍ കെട്ടിടങ്ങളുടെ മുകളില്‍ രാത്രി മുഴുവന്‍ കാത്തിരുന്നാണ് മേഘത്തിനും മഞ്ഞിനും മുകളിലേക്കു തല ഉയര്‍ത്തി നില്‍ക്കുന്ന ദുബൈയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ദുബൈയുടെ രാത്രി സൗന്ദര്യം പകര്‍ത്താന്‍ നഗരത്തിലെ ഓരോ കോണിലും ക്യാമറയുമായി അലഞ്ഞു. ഇപ്പോഴാണ് അതിന് ഫലമുണ്ടായതെന്ന് സച്ചിന്‍ പറയുന്നു.
മേഘങ്ങള്‍ക്കും മുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ദുബൈയുടെയും താഴെ, തിരക്കിന്റെയും വേഗത്തിന്റെയും വര്‍ണങ്ങളുടെയും മോഹിപ്പിക്കുന്ന കാഴ്ചകളും രണ്ടു വര്‍ഷം കൊണ്ടാണു പകര്‍ത്തിയത്. ഫെയ്സ്ബുക്കില്‍ ജനുവരി നാലിന് ചലച്ചിത്ര താരം പൃഥിരാജാണ് ഇത് റിലീസ് ചെയ്തത്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയും ഫുജൈറ സീപോര്‍ട്ട് ഉദ്യോഗസ്ഥനുമായ രാംദാസ്, അമ്മ ജ്യോതി എന്നിവര്‍ക്കൊപ്പം 26 വര്‍ഷം മുന്‍പാണ് സച്ചിന്‍ യുഎഇയില്‍ എത്തിയത്. യുഎഇയില്‍ പഠിച്ച് എഞ്ചിനീയറായ ഈ 29കാരന്‍ ഫോട്ടോഗ്രഫിയോടുള്ള കമ്പം കൊണ്ടാണ് ഈ രംഗത്തേക്കു ചുവടുവച്ചത്.
തന്റെ രണ്ടാം വീടായ ഫുജൈറയെക്കുറിച്ചുള്ള ചിത്രമാണ് ടൈംപ് ലാപ്സ് ശ്രേണിയില്‍ ആദ്യത്തേത്. 32,000 ചിത്രങ്ങള്‍ ഇതിനായി ഉപയോഗിച്ചു. ഇതു കണ്ട ഫുജൈറ രാജകുടുംബം നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. 75,000 ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാര്‍ജയെക്കുറിച്ചുള്ളതായിരുന്നു ഈ ശ്രേണിയില്‍ രണ്ടാമത്തേത്. ഇമാജിന്‍ ദുബൈയുടെ രണ്ടാം ഭാഗമാണ് അടുത്തലക്ഷ്യം. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള സച്ചിന്‍ അഞ്ചുവര്‍ഷത്തിനിടെ അന്‍പതോളം പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Post Your Comments