Latest NewsArticle

ക്ലിന്റ്…പപ്പയോട് നീ ചോദിക്കുമോ പാവം മമ്മിക്ക് ഇനി ആരാണ് കൂട്ടെന്ന്…

രതി നാരായണന്‍

വ്യാഴാഴ്ച്ച ഹൃദയാഘാതം മൂലം അന്തരിച്ച എംടി ജോസഫിനെ വ്യക്തിപരമായി അറിയുന്നവര്‍ ചുരുക്കമാണ്. എന്നാല്‍ ഏഴ് വയസിനുള്ളില്‍ ഇരുപത്തി അയ്യായിരത്തോളം ചിത്രങ്ങള്‍ വരച്ച് വിട പറഞ്ഞുപോയ നിറങ്ങളുടെ രാജകുമാരനെ മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും കേരളം വിസ്മയത്തോടെ ഓര്‍ക്കുന്നുണ്ട്. അവന്റെ പപ്പയും മമ്മിയും എന്ന പേരിലാണ് എറണാകുളം സ്വദേശികളായ തോമസ് ജോസഫും ചിന്നമ്മയും പിന്നീട് വാര്‍ത്തകളില്‍ വന്നുപോയത്. ആ കുഞ്ഞുരാജകുമാരന്‍ ഏഴ് വര്‍ഷം പോലും പപ്പ ജോസഫിനും മമ്മി ചിന്നമ്മയ്ക്കുമൊപ്പം കഴിഞ്ഞിരുന്നില്ല. അവന്റെ മഹത്വവും പ്രതിഭാശക്തിയും എത്രയെന്നറിയാതെയായിരുന്നു മാതാപിതാക്കള്‍ അവന്‍ ആവശ്യപ്പെട്ടതെല്ലാം ഒരു മടിയുമില്ലാതെ ചെയത് നല്‍കിയത്. അതിന്റെ പേരില്‍ അന്ന് അവര്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

വീണ്ടും ഭൂമിയില്‍ ജനിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ആത്മാവ് തന്റെ കര്‍മവാസനകള്‍ക്ക് അനുസരിച്ച് ജനിക്കേണ്ട സ്ഥലവും മാതാപിതാക്കളേയും തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അമ്പരപ്പോടെയാണത് അന്ന് ശ്രദ്ധിച്ചത്. പക്ഷേ ക്ലിന്റിന്റെ ശൈലികളും ജീവിതവും ജോസഫും ചിന്നമ്മയും എങ്ങനെ ഏറ്റെടുത്ത് ഭംഗിയാക്കി അവനായി ജീവിച്ചെന്ന് കേട്ടപ്പോള്‍, പിന്നീട് അത് നേരിട്ട് കണ്ട് മനസിലാക്കിയപ്പോള്‍ ഉറപ്പിച്ചു, ശരിയാകണം ക്ലിന്റ് സ്വയം നിശ്ചയിച്ചിരുന്നു തന്റെ പപ്പയും മമ്മിയും ആരായിരിക്കണമെന്ന്. ജോസഫും ചിന്നമ്മയുമല്ലാതെ ഈ ലോകത്ത് മറ്റൊരാള്‍ക്കും ഇത്ര പൂര്‍ണതയോടെ ക്ലിന്റിനെ പാലിക്കാനാകില്ല, അവനായി ജീവിക്കാനാകില്ല.

കലൂര്‍ ജഡ്ജസ് അവന്യൂവിലെ ക്ലിന്റ് എന്ന് പേരിട്ട വീട്ടിലേക്ക് എംടി ജോസഫിനെയും ചിന്നമ്മയേയും കാണാനെത്തുന്നവര്‍ക്ക് ഒരിക്കലും ബോറടിക്കില്ല. അദൃശ്യമായൊരു ചരടാല്‍ വന്നവരൊക്കെ ആ കുടുംബവുമായി ബന്ധിക്കപ്പെടുകയാണ് പതിവ്. എല്ലാവരെയും നിറഞ്ഞ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി ക്ലിന്റിന്റെ വിശേഷങ്ങള്‍ വാ തോരാതെ പറഞ്ഞ് ജോസഫ് പിന്നെയും പിന്നെയും ഈ വീട്ടിലെത്തിക്കുകയായിരുന്നു. വിഷാദവും നര്‍മവും വിജ്ഞാനവും കോര്‍ത്തിണക്കി ജോസഫ് സംസാരിക്കുമ്പോള്‍ എല്ലാം ശരിവച്ച് എന്നും ഒപ്പമുണ്ടാകും ചിന്നമ്മ. പുരാണവും ഇതിഹാസവും പാശ്ചാത്യ സാഹിത്യവും ഇത്തിരിയില്ലാത്ത ഒരു കുഞ്ഞിന് പറഞ്ഞുകൊടുത്താണ് ജോസഫ് ജീവിച്ചത്. മകന് വിജ്ഞാനം പകരാനായി മാത്രം വലിയ പുസ്തകങ്ങള്‍ വാങ്ങി. ഉറക്കമിളച്ചിരുന്ന് വായിച്ച് പുതിയ പുതിയ കഥകള്‍ പപ്പ പറഞ്ഞ് കേള്‍പ്പിക്കുമ്പോള്‍ കുഞ്ഞ് ക്ലിന്റ് അവയൊക്കെ നിറച്ചാര്‍ത്തുകളില്‍ മുക്കി മനസില്‍ വരച്ചുകഴിഞ്ഞിരിക്കും. പപ്പയ്ക്ക് വിശ്രമം നല്‍കാതെ അവന്‍ ചിത്രരചന നടത്തി. കുഞ്ഞിവിരളുകള്‍ വേദനിച്ചാലും അവസാനിപ്പിക്കാതെ വര തുടരുന്ന മകനായി ജോസഫ് നിറങ്ങളുടെയും കടലാസുകളുടെയും അക്ഷയപാത്രമൊരുക്കി.

കരള്‍രോഗത്തിന്റെ പേരില്‍ മകന് കഴിക്കേണ്ടി വന്ന മരുന്നുകള്‍ ഏഴ് വയസ് തികയുന്നതിന് മുമ്പ് അവന്റെ ജീവനെടുത്തപ്പോള്‍ ജോസഫും ചിന്നമ്മയും ഒരുമിച്ച് തീരുമാനമെടുത്തിരുന്നു, മകന്റെ സംസ്‌കാരത്തിന് പിന്നാലെ അവനില്ലാത്ത ലോകത്ത് നിന്ന് വിടവാങ്ങാന്‍. പക്ഷേ പിറ്റേന്ന് പുറത്തിറങ്ങിയ പത്രങ്ങള്‍ തങ്ങളുടെ മകനെത്ര വലിയവനായിരുന്നെന്ന് ബോധ്യപ്പെടുത്തിയപ്പോള്‍ അവനെച്ചൊല്ലിയുള്ള തിരക്കൊന്നു ഒഴിഞ്ഞിട്ടാകാം ജീവനൊടുക്കുന്നതെന്ന തീരുമാനത്തിലെത്തി. ദിവസം കഴിയുന്തോറും ക്ലിന്റിനെ തേടിവരുന്നവരുടെ തിരക്ക് ഒഴിയാതെയായപ്പോള്‍ ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യകത ആ മാതാപിതാക്കള്‍ക്ക് ബോധ്യമായി. മുന്നിലെത്തിയവരെയെല്ലാം നിറഞ്ഞ സ്നേഹത്തോടെ മോനേ, മോളേ എന്നുമാത്രം വിളിച്ച് ജോസഫ് മകന്റെ പ്രായവുമായി താരത്യമപ്പെടുത്തിക്കൊണ്ടിരുന്നു. കലൂരിലെ വീട്ടില്‍ തങ്ങള്‍ മൂന്ന് പേരാണെന്ന് ജോസഫ് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ ആദ്യം അമ്പരക്കും. മുകളിലത്തെ നിലയില്‍ ക്ലിന്റിന്റെ മുറി തുറന്ന് അത്രയും വേണ്ടപ്പെട്ടവരെ ജോസഫ് മകന്റെ സാന്നിധ്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.

മൂന്നര പതിറ്റാണ്ടിന് മുമ്പ് ഒരു കുഞ്ഞ് ഉപയോഗിച്ച സൈക്കിള്‍ , വരയ്ക്കാനുപയോഗിച്ച നിറക്കൂട്ടുകള്‍, ബാറ്റ്, അവനെ കഥ പറഞ്ഞ് ്കേള്‍പ്പിക്കാനായി വാങ്ങിക്കൂട്ടിയ പുസ്തകങ്ങള്‍ എല്ലാം ഭദ്രമായി ഇന്നും ആ മുറിയിലുണ്ട്. വ്യാഖ്യാനിക്കാനാകാത്ത ഒരു ഗൗരവത്തോടെ അവിടെ ക്ലിന്റിന്റെ ചിത്രമുണ്ട്. ആ മുറിയിലുടനീളം അജ്ഞാതമായ ഒരു ആധിപത്യം നിറഞ്ഞുനില്‍ക്കുന്നതായി അവിടം സന്ദര്‍ശിച്ചവര്‍ അനുഭവിച്ചിട്ടുണ്ടാകും. ആ ചിത്രത്തിന്റെ മുന്നിലാണ് ജോസഫും ചിന്നമ്മയും ക്ലിന്റിനോട് വിശേഷങ്ങള്‍ പറയുന്നത്. തങ്ങള്‍ക്കായി സന്ദര്‍ശകര്‍ കൊണ്ടുവരുന്നതൊക്കെ ആ മുറിയില്‍ അവര്‍ മൂന്നായി പകുത്തെടുക്കുകയാണ് പതിവ്. ജീവിച്ചിരിക്കുമ്പോള്‍ ക്ലിന്റിന് ചുട്ട തേങ്ങാക്കൊത്ത് വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം പോലും അത് തെറ്റിക്കാതെ ചിന്നമ്മ ഇന്നും അത് മകന്റെ മുറിയിലെത്തിക്കുന്നുണ്ട്. അങ്ങന ജീവിച്ചിരുന്നപ്പോള്‍ മകനുണ്ടായിരുന്ന എല്ലാ ഇഷ്ടങ്ങളും ഒരു പോറല്‍പോലുമേല്‍ക്കാതെ നടപ്പിലാക്കിയാണ് ജോസഫും ചിന്നമ്മയും ജീവിച്ചിരുന്നത്. അല്ലെങ്കില്‍ അതിനായി മാത്രമായിരുന്നു അവര്‍ ജീവിച്ചത്..

എല്ലാവരോടും കാരുണ്യവും മനസ് നിറയെ നന്‍മയും സൂക്്ഷിച്ച് ജീവിച്ച രണ്ട് പുണ്യാത്മാക്കളിലൊരാളാണ് വിട വാങ്ങിയിരിക്കുന്നത്. ജീവിതത്തിന്റെ സായാഹ്നത്തിലേക്ക് കടക്കുമ്പോള്‍ കൈപിടിച്ച് നടത്താനും സംരക്ഷിക്കാനും മകന്റെ ഭൗതിക സാന്നിധ്യമില്ലെന്ന് അറിഞ്ഞ് പരസ്പരം താങ്ങായി തണലായി ജീവിച്ചവര്‍. അ്വരില്‍ ഒരാള്‍ പോകുമ്പോള്‍ മറ്റേയാള്‍ അതെങ്ങനെ താങ്ങുമെന്ന നൊമ്പരമാണ് ആ ദമ്പതികളെ അറിയുന്നവര്‍ക്കെല്ലാം. എല്ലാ ദൈവങ്ങളിലും വിശ്വസിച്ചിരുന്ന മകനുവേണ്ടി മതപേപരമായ ആചാരങ്ങളും ചടങ്ങുകളും എന്നേ ഉപേക്്ഷിച്ചവരാണ് ജോസഫും ചിന്നമ്മയും. അതുകൊണ്ടുതന്നെ മരണ ശേഷം ശരീരം മെഡിക്കല്‍ കോളേജിന് ദാനം ചെയ്യുകയും ചെയ്തു. ആദ്യം പോയത് ജോസഫാണ്…നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞ് കൈപിടിച്ച് കൂടെ നടത്തിയിരുന്ന പ്രിയപ്പെട്ടവനാണ് ഒരു സൂചനയും നല്‍കാതെ മറഞ്ഞിരിക്കുന്നത്. കഴിഞ്ഞ 35 വര്‍ഷം വിടപറഞ്ഞുപോയ മകനായി ജീവിച്ചതുപോലെ ആ അമ്മ ഇനി മകനും ഭര്‍ത്താവിനുമായി ജീവിതം തുടരണം. ഏകാന്തത അറിയാതെ ചിന്നമ്മക്ക് ജീവിതയാത്ര തുടരാന്‍ ഇനിയും സന്ദര്‍ശകരുണ്ടാകും..ഇക്കുറി മകനെക്കുറിച്ച് മാത്രമല്ല അവന്റെ പപ്പയേക്കുറിച്ചും ഒരുപാട് പറയാനുണ്ടാകും ക്ലിന്റിന്റെ മമ്മിക്ക്.. മമ്മിയെ ഒരുപാട് സ്നേഹിച്ചിരുന്ന ക്ലിന്റ് പ്രിയപ്പെട്ട മമ്മിയെ ഒറ്റയ്ക്കാക്കി തന്റെ ലോകത്തേക്ക് വന്ന പപ്പയോട് പിണങ്ങുമോ എന്തോ..അവന് പപ്പയോട് ചോദിക്കാതിരിക്കാനാകുമോ പാവം മമ്മിക്ക് ഇനി ആരാണ് കൂട്ടെന്ന്…

shortlink

Post Your Comments


Back to top button