Latest NewsLife Style

വായ്‌നാറ്റം അകറ്റാം; ചില പൊടിക്കൈകൾ

വായ്‌നാറ്റം വരുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാകാം. എന്തുതന്നെയാണെങ്കിലും അത് ആളുകളോട് സ്വതന്ത്രമായി ഇടപെടുന്നതില്‍ നിന്ന് നമ്മളെ തടഞ്ഞേക്കാം. ക്രമേണ ആത്മവിശ്വാസത്തോടെ പൊതുവിടങ്ങളില്‍ പോകുന്നതില്‍ നിന്ന് വരെ അത് നമ്മളെ പിന്തിരിപ്പിക്കും. പങ്കാളിയുമായുള്ള ബന്ധത്തെ ബാധിക്കുന്ന സുപ്രധാനമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നായും ഈ പ്രശ്‌നത്തെ കണക്കാക്കിയേ പറ്റൂ.

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ചിലത്, വായ്ക്കകത്ത് നിര്‍ജലീകരണം സംഭവിക്കുന്നത്, പുകയില- ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, ചിലയിനം മരുന്നുകള്‍, പല്ലുകള്‍ നേരാംവണ്ണം വൃത്തിയാക്കാതിരിക്കുന്നത്- ഇവയെല്ലാമാണ് പ്രധാനമായും വായ്‌നാറ്റമുണ്ടാക്കുന്നത്. ചിലര്‍ ഇതിന് ഡോക്ടറെ കണ്ട് ചികിത്സ തേടാറുണ്ട്. എന്നാല്‍ നമ്മള്‍ സ്വയം എടുക്കുന്ന കരുതല്‍ തന്നെ ഒരു പരിധി വരെ ആ പ്രശ്‌നം പരിഹരിക്കാന്‍ സഹായകമാണ്.

വായ്‌നാറ്റം പരിഹരിക്കാം, ഒരു ചികിത്സയും കൂടാതെ തന്നെ…

വായ്‌നാറ്റമുള്ളവര്‍ എപ്പോഴും വായ ഉണങ്ങിപ്പോകാതെ സൂക്ഷിക്കണം. ഇതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഇതിനായി ഇടയ്ക്കിടെ വെള്ളം കുടിക്കാം. ഒപ്പം മദ്യപാനം, പുകയില ഉപയോഗം എന്നീ ശീലങ്ങള്‍ മാറ്റിവയ്ക്കണം. ഇവ വായ്ക്കകത്തെ ജലാംശം ഇല്ലാതാകാന്‍ ഇടയാക്കും.

ച്യൂയിംങ്ഗം ചവയ്ക്കുന്നതും എന്തെങ്കിലും മധുരം ഇടയ്ക്ക് കഴിക്കുന്നതുമെല്ലാം വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. ച്യൂയിംങ്ഗം ആണെങ്കില്‍ ‘ഷുഗര്‍ ഫ്രീ’ ആയത് തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. ഇത് വായ്ക്കകത്ത് എപ്പോഴും ഉമിനീരിന്റെ സാന്നിധ്യം ഉറപ്പുവരുത്തും. അതിലൂടെ വായ്‌നാറ്റം അകറ്റിനിര്‍ത്താനാകും.

ഉള്ളി, വെളുത്തുള്ളി, മസാലയടങ്ങിയ ഭക്ഷണം, ചില മധുരമടങ്ങിയ ഭക്ഷണം എന്നിവയും വായ്‌നാറ്റമുണ്ടാക്കിയേക്കും. അതിനാല്‍ കഴിവതും ഇത്തരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. അല്ലെങ്കില്‍ പുറത്തുപോവുകയോ പൊതുപരിപാടികളിലോ ആഘോഷങ്ങളിലോ ബിസിനസ് മീറ്റിംഗുകളിലോ പങ്കെടുക്കാനൊരുങ്ങുമ്പോഴും ഇവയെല്ലാം ഒഴിവാക്കാം.

വായ്‌നാറ്റമുള്ളവര്‍ രാവിലെ ബ്രഷ് ചെയ്യുമ്പോള്‍ പല്ല് വൃത്തിയാക്കുന്നതോടൊപ്പം തന്നെ നാക്കും ബ്രഷ് ചെയ്ത് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് യഥാര്‍ത്ഥത്തില്‍ എല്ലാവരും കരുതേണ്ട കാര്യമാണ്. എങ്കിലും വായ്‌നാറ്റമുള്ളവരാണെങ്കില്‍ ഇക്കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കുക.

അതുപോലെ തന്നെ പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിലും ചില ശ്രദ്ധയാകാം. പഴങ്ങള്‍ എന്തെങ്കിലും രാവിലെ ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആപ്പിളാണ് വായ്‌നാറ്റം അകറ്റാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഫ്രൂട്ട്. യോഗര്‍ട്ട് കഴിക്കുന്നതും വായ്‌നാറ്റത്തെ അകറ്റാന്‍ സഹായകമാണ്.

ബേക്കിംഗ് സോഡയും വായ്‌നാറ്റത്തെ മാറ്റിനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനായി ബേക്കിംഗ് സോഡ ഉപയോഗിച്ച് വീട്ടില്‍ തന്നെ ഒരു മൗത്ത് വാഷുണ്ടാക്കാവുന്നതാണ്. രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡ ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇത് മുപ്പത് സെക്കന്‍ഡ് നേരം വായില്‍ കൊണ്ട ശേഷം തുപ്പിക്കളയാം.

ചായയും കാപ്പിയും ഇടക്കിടെ കഴിക്കുന്നതും ചിലരില്‍ വായ്‌നാറ്റമുണ്ടാക്കിയേക്കും. ഇതിന് പകരം ഇടയ്ക്ക് ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ് കൂട്ടത്തില്‍ വായ്‌നാറ്റാവും മാറ്റിനിര്‍ത്താം. വായ എപ്പോഴും ഉണങ്ങിപ്പോകുന്നുണ്ടെങ്കില്‍, ഇതിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന മാര്‍ഗങ്ങളെല്ലാം പരാജയപ്പെടുന്നുവെങ്കില്‍ മാത്രം ഒരു ഡോക്ടറെ കാണുക. അള്‍സര്‍ പോലുള്ള രോഗങ്ങളുടെ ഭാഗമായും വായ്‌നാറ്റമുണ്ടായേക്കാം. അതിനാല്‍ രോഗങ്ങള്‍ കണ്ടെത്താന്‍ പരമാവധി വൈകിക്കാതിരിക്കുക.

shortlink

Post Your Comments


Back to top button