തൊടുപുഴ : ചിന്നക്കനാല്‍ നടുപ്പാറ എസ്റ്റേറ്റിൽ ഉണ്ടായ ഇരട്ട കൊലപാതകത്തിലെ പ്രതി പിടിയിലായി. ഒളിവിൽ പോയ പ്രതി ബോബിൻ തമിഴ്നാട്ടിലെ മധുരയിൽനിന്നാണ് അറസ്റ്റിലായത്. ചിന്നക്കനാല്‍ ഗ്യാപ് റോഡിനു താഴ്ഭാഗത്തെ കെ.കെ. വര്‍ഗീസ് പ്ലാന്റേഷൻസിന്റെയും റിഥംസ് ഓഫ് മൈ മൈന്‍ഡ് റിസോര്‍ട്ടിന്റെയും ഉടമ കോട്ടയം മാന്നാനം സ്വദേശി രാജേഷ്, തോട്ടത്തിലെ ജോലിക്കാരനായ പെരിയകനാല്‍ സ്വദേശി മുത്തയ്യ എന്നിവരെയാണ് ഞായറാഴ്ച രാവിലെ പതിനൊന്നോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രാജേഷിന്റെ മൃതശരീരം തോട്ടത്തില്‍ ഏലച്ചെടികള്‍ക്കിടയില്‍ നെഞ്ചിലും തോളിലും വെടിയേറ്റ നിലയിലും മുത്തയ്യയെ തോട്ടത്തിലെ ഏലക്ക ഡ്രയര്‍ മുറിയില്‍ മാരകായുധം ഉപയോഗിച്ചു തലയ്ക്ക് അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.
ഗ്യാപ് റോഡിനു താഴെഭാഗത്ത് ഒറ്റപ്പെട്ട സ്ഥലത്തെ 40 ഏക്കറോളം വരുന്ന ഏലത്തോട്ടത്തില്‍ ഹട്ടുകള്‍ ആയാണ് രാജേഷിന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. മരിച്ച രാജേഷിന്റെ പിതാവ് ഡോ. വര്‍ഗീസ് മൂന്നാറില്‍ ഹാരിസന് മലയാളം പ്ലാന്റേഷനില്‍ ജോലിചെയ്തിരുന്നപ്പോള്‍ വാങ്ങിയ തോട്ടത്തില്‍ റിസോര്‍ട്ട് സ്ഥാപിച്ചതും നടത്തുന്നതും ഇയാളായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരംമുതല്‍ രാജേഷിനെയും മുത്തയ്യയെയും കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെതുടര്‍ന്ന് മുത്തയ്യയുടെ ബന്ധുക്കളും മറ്റു ജോലിക്കാരും നാട്ടുകാരുംചേര്‍ന്ന് നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രതിയായ ബോബൻ 143 കിലോഗ്രാം ഉണക്ക ഏലക്കായ ഇയാള്‍ പൂപ്പാറയിലെ ഒരു കടയില്‍ വിറ്റതായി പോലീസ് കണ്ടെത്തി. കൊലപാതകത്തിനുശേഷം ഒളിവില്‍പോയ ബോബിനു താമസിക്കാന്‍ സഹായം നല്കിയ ശാന്തന്‍പാറ ചേരിയാര്‍ സ്വദേശി ഇസ്രവേല്‍, ഭാര്യ കപില എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് പ്രതിയിലേക്കുള്ള തെളിവുകൾ പൊലീസിന് ലഭിച്ചത്.
Post Your Comments