ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളുമുണ്ടായാലും രോഗിയായ ഒരു വ്യക്തിക്ക് അതുകൊണ്ടെല്ലാം എന്ത് പ്രയോജനമുണ്ടാകാന്‍. അര്‍ബുദം കാര്‍ന്നു തിന്ന രോഗനാളുകളുടെ ദുരിതജീവിതത്തില്‍ നിന്ന് പുറത്ത് വന്ന പ്രശസ്ത ക്രിക്കറ്റ് താരം യുവരാജ് സിംഗ് അദ്ദേഹത്തെ കാത്തിരുന്ന ആരാധകരെ ഓര്‍മ്മിപ്പിച്ചതും ഇത് തന്നെ. രോഗികള്‍ക്കും രോഗികളായിരുന്നവര്‍ക്കും ഓര്‍മ്മിപ്പാക്കാന്‍ ഒരുപാടുണ്ട്. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവന്റെ നിസ്സഹാ യതയോടെ ജീവിക്കേണ്ടി വരുന്നതിനെക്കുറിച്ച്. പക്ഷേ അറിഞ്ഞു കൊണ്ട് രോഗങ്ങളിലേക്ക് പാഞ്ഞടുക്കുന്ന സമൂഹം ഇതിനൊന്നും ചെവി കൊടുക്കാറേയില്ല.
ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയെന്ന് പറഞ്ഞാല്‍ അത് വളരെ പഴയ ഒരു പ്രയോഗമാകും. ഉപ്പ് മുതല്‍ ഉപ്പ് വരെയെന്ന് വേണമെങ്കില്‍ മാറ്റിപ്പറയാം. നമുക്ക് ചുറ്റുമുള്ളതെല്ലാം വിഷം തുപ്പുകയാണ്. വീട് മോടി പിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന പെയിന്റ് , അരുമയോടെ കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്ന കളിപ്പാട്ടങ്ങള്‍ തുടങ്ങി എല്ലാത്തിലും വിഷം. ഇതിനൊക്കെയിടയില്‍ സമ്പൂര്‍ണ്ണ ആരോഗ്യത്തോടെ ആരെങ്കിലും ജീവിക്കുന്നുണ്ടെങ്കില്‍ മഹാതഭുതമെന്ന് പറയണം. ആരോഗ്യത്തിന്റെയും ശുചിത്വത്തിന്റെയും ആദ്യപാഠങ്ങള്‍ പഠിക്കേണ്ടതും പാലിക്കപ്പെടേണ്ടതും വീട്ടില്‍ നിന്നാണ്. ഭക്ഷണരീതിയും ജീവിതക്രമവും ഗൃഹാന്തരീക്ഷവുമെല്ലാം വ്യക്തികളെ പാകപ്പെടുത്തുന്നു. എന്നാല്‍ എല്ലാം കീഴ്‌മേല്‍ മറിയുന്ന ഒരു സാമൂഹിക വ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യന് എങ്ങനെ സമാധാനത്തോട് ജീവിക്കാന്‍ കഴിയും.
മാരകകീടനാശിനികള്‍ തളിച്ച പച്ചക്കറികളും ഫാസ്റ്റ് ഫുഡ് ഭ്രമവും ആരോഗ്യത്തിന് എത്രമാത്രം ഗുരുതരമായ പ്രത്യാഘാതമാകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പക്ഷേ ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. മായം ചേര്‍ത്ത മുളക് പൊടിയും മല്ലിപ്പൊടിയും തുടങ്ങി പൊടിയായ പൊടികളൊക്കെ യഥേഷ്ടം അടുക്കളയില്‍ സൂക്ഷിക്കുന്നുണ്ട് ഓരോ വീട്ടമ്മയും. മുളകും മല്ലിയും വറുത്ത് പൊടിക്കുന്നതിന് മാത്രമായി പണ്ടൊക്കെ ആഴ്ചയിലോ മാസത്തിലോ ഒരു ദിവസം മാറ്റി വയ്ക്കാറുണ്ടായിരുന്നു നമ്മുടെ വീട്ടമ്മമാര്‍. എന്നാല്‍ ഓഫീസും വീടുമായി പരക്കം പായുന്ന വീട്ടമ്മമാര്‍ ഇതിനൊക്കെ എവിടെ സമയമെന്ന് ആവലാതിപ്പെട്ടാല്‍ കുറ്റം പറയാനാകില്ല. പക്ഷേ, സമയമുള്ളവരും ഈ പണിക്കൊന്നും മെനക്കെടില്ല എന്നത് മറ്റൊരു വശം.
അരികുതിര്‍ത്ത് പൊടിച്ച് വറുത്ത് പുട്ടുണ്ടാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ എത്രപേര്‍ക്ക് ചിന്തിക്കാനാകും. അരയ്ക്കാനും പൊടിക്കാനുമുള്ള യന്ത്രങ്ങള്‍ അടുക്കളമൂലയില്‍ പൊടി പിടിച്ച് കിടന്നാലും എല്ലാവര്‍ക്കുമിഷ്ടം പാക്കറ്റുകളിലെത്തുന്ന ദോശമാവും അപ്പപ്പൊടിയുമൊക്കെത്തന്നെ. ഉഴുന്നിന്റെ അംശം കുറഞ്ഞിട്ടും ദോശമാവിന് ഇത്ര കൊഴുപ്പ് കിട്ടുന്നതെങ്ങനെ എന്ന് വാങ്ങിക്കുന്ന ആരെങ്കിലും ചിന്തിക്കാറുണ്ടോ. തീവില കൊടുത്ത് വാങ്ങുന്ന ഉഴുന്ന് ലോഭമില്ലാതെ ചേര്‍ത്ത് മാവ് തയ്യാറാക്കാന്‍ ഒരു ബിസിനസ്സുകാരനും തയ്യാറാകില്ലെന്ന് സമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാനുള്ളതേയുള്ളു. കാലം വല്ലാതെ മാറിപ്പോയി. അറിഞ്ഞ് കൊണ്ട് പണം നല്‍കി വിഷം വാങ്ങിക്കഴിക്കുന്ന ഒരു വിഭാഗമായി ആധുനിക മനുഷ്യന്‍ മാറുകയാണ്.
ഇതിനെക്കാള്‍ എത്രയോ മടങ്ങ് അപകടകാരികളാണ് നാം വാങ്ങുന്ന പച്ചക്കറികള്‍. എന്‍ഡോസള്‍ഫാനില്‍ കുളിപ്പിച്ച കറിവേപ്പിലയാണ് കറികള്‍ക്ക് രുചിയും ഗന്ധവും നല്‍കുന്നത്. സ്വന്തമായി അഞ്ച് സെന്റെങ്കിലുമുണ്ടായിട്ടും അടുക്കളയിലേക്കാവശ്യമായ ഒരു പച്ചമുളകെങ്കിലും നട്ടുണ്ടാക്കാന്‍ കഴിയാത്തവര്‍ ലജ്ജിക്കണം. അദ്വാനത്തിന്റെ മഹത്തമല്ല പ്രശ്‌നം. പുറത്ത് നിന്നെത്തുന്ന ഓരോ പച്ചക്കറിയിലെയും വിഷാംശത്തെക്കുറിച്ച് അറിയുമ്പോള്‍ ഒന്നിനുപകരം ഒമ്പത് മുളക് ചെടികള്‍ നടണം നാം. വെണ്ടക്കയും പാവക്കയും മറ്റും വിപണിയില്‍ നിരന്നിരിക്കുന്നത് കണ്ടാല്‍ ഇതിലും നല്ലത് വേറെന്ത് എന്ന പരസ്യവാചകം ഓര്‍ത്തുപോകും.
മഞ്ഞള്‍ വെള്ളത്തില്‍ പച്ചക്കറികള്‍ മണിക്കൂറുകളോളം മുക്കി വച്ചാല്‍ പോലും പിന്നെയും വിഷം ബാക്കിയുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. പക്ഷേ വിപണിയില്‍ കിട്ടുന്ന മഞ്ഞളിന്റെ വിഷം പോകാന്‍ എന്ത് ചെയ്യണമെന്ന് ആരും പറയുന്നില്ല. ഒരാഴ്ചയില്‍ ഒരു ദിവസത്തെ കറിയ്ക്കുള്ള പച്ചക്കറിയെങ്കിലും ടെറസ്സിലോ മുറ്റത്തോ വിളിയച്ചെടുക്കാനുള്ള മനസ്സ് വീട്ടമ്മാര്‍ക്ക് ഉണ്ടായേ തീരൂ. ഈ മനസ്സുണ്ടെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം സ്വന്തം വിളവ് എന്നത് എല്ലാ ദിവസവുമെന്ന മാജിക്കിലേക്ക് പതുക്കെ കടന്നുകൊള്ളും. കൃഷിക്ക് അത്തരത്തിലൊരു മാന്ത്രികശക്തിയുണ്ട്. വിത്ത് കിളിര്‍ക്കുന്നതും തളിര്‍ക്കുന്നതും പൂക്കുന്നതും പിന്നെ കായ് വരുന്നതും കാത്തിരിക്കുന്നവര്‍ക്കറിയാം അതിന്റെ സുഖം. വിശാലമായ പറമ്പോ അടുക്കളപ്പുറത്ത് അല്‍പ്പം മണ്ണോ ഇല്ലെങ്കിലും വിഷാംശമില്ലാതെ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ നട്ടുവളര്‍ത്താമെന്ന് തെളിയിച്ച വീട്ടമ്മമാരും കര്‍ഷകരും ഒരുപാടുണ്ട്. ടെറസ്സിലോ മുറ്റത്തോ ചാക്കുകളില്‍ പച്ചക്കറി നടാന്‍ മെനക്കെട്ടാല്‍ പച്ചമുളകും തക്കാളിയും പയറുമെല്ലാം ഫ്രഷായി അടുക്കളയിലെത്തും.
ചുരുക്കത്തില്‍ ആധികളില്‍ നിന്നും വ്യാധികളില്‍ നിന്നും ആര്‍ക്കും പൂര്‍ണ്ണമായി രക്ഷപ്പെടാനാകില്ലായിരിക്കും. എന്നാല്‍ തൊട്ടുമുന്നില്‍ കാണുന്നത് ഒഴിവാക്കാന്‍ എല്ലാവര്‍ക്കും കഴിയും. ഭക്ഷണത്തിലും ജീവിതരീതിയിലും നല്‍കുന്ന കുറച്ച് ശ്രദ്ധ ആശുപത്രിക്കിടക്കയില്‍ നിന്ന് നമ്മെ മാറ്റിനിര്‍ത്തിയേക്കും. കാര്‍ഷികവിപ്ലവമോ ധവളവിപ്ലവമോ സൃഷ്ടിക്കാമെന്നല്ല, സ്വയം പര്യാപ്തത എന്ന സാധ്യതയുടെ കരുത്ത് തിരിച്ചറിയാനെങ്കിലും ശ്രമിക്കാം. വ്യക്തികള്‍ക്ക് അതിന് കഴിഞ്ഞാല്‍ സമൂഹം മാറും. പതുക്കെ രാജ്യവും.
Post Your Comments