KeralaLatest NewsNews

സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ സമരത്തിലേക്ക്; കാരണം ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ സമരത്തിലേക്ക് നീങ്ങുന്നു. ശമ്പള വര്‍ദ്ധനവുള്‍പ്പെടെ നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്ത് സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കാതെ സര്‍ക്കാര്‍ അവഗണിക്കുന്നതായി ഉയര്‍ന്ന ആരോപണത്തെത്തുടര്‍ന്നാണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നിയമസഭ സമ്മേളിക്കുന്ന ഈ മാസം 25 മുതല്‍ തിരുവനന്തപുരത്ത് മാനേജ്‌മെന്റുകളുമായി ചേര്‍ന്ന് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനാണ് അധ്യാപകരുടെ നീക്കം.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കാനും പരിചരിക്കാനും സംസ്ഥാനത്തുളളത് 314 സ്‌പെഷ്യല്‍ സ്‌കൂളുകളാണ്. ഇതില്‍ ആറായിരത്തിലേറെ അധ്യാപകരാണിവിടെ ജോലി ചെയ്യുന്നത്. മിക്കവര്‍ക്കും മാസശമ്പളം ആറായിരം രൂപയില്‍ താഴെയാണ്. ശമ്പളവര്‍ദ്ധനവെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്ന് 2017ല്‍ സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ഈ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുളള ധനസഹായം വര്‍ദ്ധിപ്പിക്കുമെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ നൂറില്‍ കൂടുതല്‍ കുട്ടികളുളള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്ന പ്രഖ്യാപനവും സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍ കൊല്ലം രണ്ടുകഴിഞ്ഞിട്ടും നടപടിയൊന്നും ആയിട്ടില്ലെന്ന്  അധ്യാപകര്‍ പറയുന്നു.

shortlink

Post Your Comments


Back to top button