Latest NewsIndia

മലയാളികളുടെ സ്വന്തം ലിറ്റില്‍ ഷെഫ് ‘കിച്ച’ ഇന്ത്യന്‍ യൂത്ത് ഐക്കണ്‍ പദവിയോടടുക്കുന്നു; ഇനി വേണ്ടത് മലയാളികളുടെ പിന്തുണ

പുട്ട് എന്ന മലയാളികളുടെ ഇഷ്ട ഭക്ഷണത്തെ അമേരിക്കന്‍ ജനതയ്ക്ക് പ്രിയങ്കരമാക്കി മാറ്റിയ കേരളത്തിന്റെ സ്വന്തം ലിറ്റില്‍ ഷെഫ് കിച്ച ഇന്ത്യയുടെ യൂത്ത് ഐക്കണ്‍ പദവിയിലേക്ക് നടന്നടുക്കുകയാണ്. മത്സരത്തില്‍ അവസാന 40 പേരില്‍ കേരളത്തില്‍ നിന്ന് കൊച്ചിയുടെ സ്വന്തം കിച്ചാ ഇടം നേടിയിട്ടുണ്ട്. കേരളത്തിന്റെ അഭിമാനമായി പ്രസ്തുത പദവി അലങ്കരിക്കാന്‍ കിച്ചയ്ക്ക് ഇനി വേണ്ടത് മലയാളികളുടെ ഹൃദയം നിറഞ്ഞ പിന്തുണ മാത്രം. യോനോ എസ്ബിഐയുടെ ഇന്ത്യയുടെ യൂത്ത് ഐക്കണ്‍ മത്സരത്തില്‍ അവസാന 20 പേരെ തിരഞ്ഞെടുക്കുമ്പാള്‍ കേരളത്തിന്റെ അഭിമാന പ്രതീകമായി കൊച്ചിക്കാരന്‍ നിഹാല്‍ രാജെന്ന കിച്ചയുണ്ടാകണമെന്നാണ് ഓരോ മലയാളിയുടെയും തീവ്രമായ ആഗ്രഹം. ഇതിനോടകം പല പ്രമുഖരും കിച്ചയെ പിന്തുണച്ച് രംഗത്തെത്തിക്കഴിഞ്ഞു.

എന്‍ബിസി ടെലിവിഷന്റെ ലിസ്റ്റില്‍ ബിഗ് ഷോട്‌സ് പരിപാടിയിലൂടെയാണ് എറണാകുളത്ത് നിന്നുമുള്ള ലിറ്റില്‍ ഷെഫ് കിച്ച താരമായി മാറിയത്. ലോക പ്രസിദ്ധ ടെലിവിഷന്‍ ആങ്കര്‍ സ്റ്റീവ് ഹാര്‍വയോടൊപ്പമാണ് കിച്ച പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തത്. ലോകമെമ്പാടുമുള്ള നിരവധി ടാലന്റഡ് കിഡ്‌സില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏതാനും കട്ടികളില്‍ ഒരാള്‍ കിച്ചയായിരുന്നുവെന്നുള്ളത് മലയാളികള്‍ക്കു സമ്മാനിച്ചത് അഭിമാന നിമിഷങ്ങളായിരുന്നു. മിഷേല്‍ ഒബാമയടക്കം പ്രമുഖര്‍ അതിഥികളായി എത്തിയിട്ടുള്ള എലന്‍ ഡിജെനറസിന്റെ പ്രശസ്തമായ ടോക്‌ഷോയിലാണ് പുട്ടുകുറ്റികളുമായെത്തി കിച്ച പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. അന്ന് കിച്ചയുടെ പുട്ടുണ്ടാക്കല്‍ കഥ കേട്ട് വിസ്മയം പൂണ്ടത് ഓസ്‌കര്‍ അവാര്‍ഡിനടക്കം അവതാരകയായിട്ടുള്ള, ടെലിവിഷന്‍ ഷോയില്‍ നേരംപോക്കുപറഞ്ഞ് അതിഥികളെ പൊട്ടിച്ചിരിപ്പിക്കാറുള്ള എലനുള്‍പ്പെടെയുള്ളവരായിരുന്നു. എലനടങ്ങുന്ന മലയാളം വഴങ്ങാത്തവരെക്കൊണ്ട് പുട്ടെന്നും പുട്ടുകുറ്റിയെന്നും പറയിപ്പിച്ചാണ് കിച്ച പുട്ടുണ്ടാക്കി പേരെടുത്തത്.

കൊച്ചി ചോയ്സ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കിച്ച മൂന്നര വയസുള്ളപ്പോഴാണ് യൂട്യൂബില്‍ ഹരമായത്. മാംഗോ ഐസ്‌ക്രീമിന്റെ റസിപ്പി അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നാലെ 140 ഓളം റെസിപ്പികളുമായി കിച്ചയുടെ യൂട്യൂബ് അരങ്ങുവാഴ്ന്നു. ലോകമെമ്പാടും ആരാധകരുള്ള ഈ ലിറ്റില്‍ ഷെഫ് പങ്കെടുത്ത അന്താരാഷ്ട്ര പരിപാടികളില്‍ അമേരിക്കയിലെ എലെന്‍-ഡി-ജെനെറസ് ഷോ, ലിറ്റില്‍ ബിഗ് ഷോട്ട്സ് യു.കെ, ലിറ്റില്‍ ബിഗ് ഷോട്ട്സ് യു.എസ്.എ, ലിറ്റില്‍ ബിഗ് ഷോട്ട്സ് വിയറ്റ്നാം എന്നിവയിലും സാന്നിധ്യമറിയിച്ചു.

ലിറ്റില്‍ ബിഗ് ഷോട്ട്സിലും എലന്‍ ഡിജെനെറസ് ഷോയിലും പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും, മലയാളിയും എന്ന പ്രത്യേകതയും എട്ടു വയസുകാരനായ കിച്ചയ്ക്കുണ്ട്. നിരധി പ്രമുഖ ബ്രാന്റുകളുടെ ബ്രാന്റ് അംബാസിഡറുമാണ് കിച്ച. സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗിലെ വികെ രാജഗോപാലനും, റൂബിയുമാണ് കിച്ചയുടെ മാതാപിതാക്കല്‍. അമേരിക്കയിലുള്ള സഹോദരി നിധയാണ് കിച്ചയുടെ മാനേജര്‍.

shortlink

Post Your Comments


Back to top button