ദുബായ്: ലോകത്ത് മികച്ചതൊഴില്‍ സാഹചര്യങ്ങള്‍ ഉള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ യു.എ.ഇ. നാലാം സ്ഥാനം നിലനിര്‍ത്തി. എച്ച്.എസ്.ബി.സി. യുടെ എക്‌സ്പാറ്റ് എക്‌സ്പ്ലോറര്‍ സര്‍വേയില്‍ മൂന്നാംതവണയാണ് യു.എ.ഇ. നാലാംസ്ഥാനത്തെത്തുന്നത്. വിവിധ രാജ്യങ്ങളില്‍നിന്ന് ജോലി തേടിയെത്തുന്നവരുടെ പ്രിയപ്പെട്ട സ്ഥലമായി യു.എ.ഇ. മാറിക്കഴിഞ്ഞു. രാജ്യത്തെ മികച്ച പൊതു-സ്വകാര്യ സ്ഥപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ശമ്പളമാണ് ഇതിലെ പ്രധാന ഘടകമെന്നും സര്‍വേഫലം പറയുന്നു.
സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം പ്രവാസികളും പറഞ്ഞത് സ്വദേശത്ത് ജോലി ചെയ്തിരുന്നതിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുന്നത് യു.എ.എയിലാണെന്നാണ്. രാജ്യത്തെ 75 ശതമാനം പ്രവാസികള്‍ക്കും വര്‍ഷത്തിലൊരിക്കല്‍ സ്വദേശത്ത് പോയി വരാനുള്ള വിമാനടിക്കറ്റ് ലഭിക്കുന്നുണ്ട്. 85 ശതമാനം പേര്‍ക്കും ആരോഗ്യ- മെഡിക്കല്‍ പരിരക്ഷയും ലഭിക്കുന്നുണ്ട്.
ജോലിയില്‍ പുരോഗതിയും മികച്ച തൊഴില്‍ സാഹചര്യങ്ങളും ആഗ്രഹിക്കുന്നവര്‍ക്ക് യു.എ.ഇ. അനുയോജ്യമായ സ്ഥലമാണെന്ന് യു .എ.ഇ.എച്ച്.എസ്.ബി.സി. റീട്ടെയില്‍ ബാങ്കിങ് തലവന്‍ മര്‍വാന്‍ ഹാദി പറഞ്ഞു. യു.എ.ഇ. വൈവിധ്യവത്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മികച്ച തൊഴിലവസരങ്ങളും തൊഴില്‍സാഹചര്യങ്ങളും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഈ ആനുകൂല്യങ്ങള്‍ കണക്കിലെടുത്താല്‍ രാജ്യത്തെ പ്രവാസികള്‍ക്ക് തൊഴില്‍, സമ്പാദ്യം എന്നിവയില്‍ വ്യക്തമായ ആസൂത്രണം നടത്തി ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും മര്‍വാന്‍ ഹാദി പറഞ്ഞു.
Post Your Comments