Latest NewsLife Style

പേശിവേദന ഉറക്കം കെടുത്തുന്നുവോ ? പരിഹാരം ഇതാണ്

ശരീരത്തിന് വഴക്കവും ബാലന്‍സും നല്‍കുന്നതിലും പേശികള്‍ക്ക് ഒരു വലിയ പങ്കുണ്ട്. പുതിയ കാലത്തെ ജീവിതരീതികളില്‍ മിക്കതും പേശികളുടെ ശക്തിയെ ഇല്ലാതാക്കുന്നതാണ്. പേശികളുടെ ബലം നഷ്ടപ്പെടുന്നതോടെ നടുവേദന തുടങ്ങുകയായി. പ്രായഭേദമെന്യേ സര്‍വരും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്‌നമായി നടുവേദന മാറിയിരിക്കുന്നു.

ഇതിന് പുറമെ എന്തെങ്കിലും തരത്തിലുള്ള പരിക്കുകളോ മുറിവുകളോ സംഭവിച്ചാലും അത് പേശികളെ ബാധിച്ചേക്കാം. അതുപോലെ തന്നെ ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുന്നവരിലും പേശികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരുപാട് സമയം ഒരിടത്തിരിക്കുന്നവരിലെ പേശികള്‍ സങ്കോചിക്കും. ഇതിന്റെ ഫലമായി രക്തപ്രവാഹം കുറയുകയും വേദനയനുഭവപ്പെടുകയും ചെയ്യുന്നു. ഇത് ക്രമേണ നീര്‍ക്കെട്ടിലേക്കും വഴിവയ്ക്കും.

മുട്ടുവേദന…

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്പോള്‍, ഓടുമ്പോള്‍, പടി കയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ ഭാരം മുട്ടുകള്‍ താങ്ങിനിര്‍ത്തുന്നു. ഇത്തരം സമ്മര്‍ദ്ദങ്ങളെ സ്വാഭാവികമായി തരണം ചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുന്നത്. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, ഘടനാപരമായ വൈകല്യങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കിയേക്കാം. ഇവയെല്ലാം മുട്ടുവേദനയ്ക്ക് കാരണമാകുന്നു.

മുട്ടിന് തേയ്മാനം സംഭവിച്ച്, വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം- അഥവാ ‘ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്’ ആണ് മുട്ടുവേദനയുണ്ടാക്കുന്ന ഒരു പ്രധാന പ്രശ്‌നം. പ്രായമാകുമ്പോള്‍ മിക്കവരിലും സ്വാഭാവികമായിത്തന്നെ സന്ധിവാതം കാണാറുണ്ട്. എന്നാല്‍, ചിലപ്പോഴൊക്കെ കൗമാരക്കാരിലും യുവാക്കളിലും ഇത് കാണാറുണ്ട്. വ്യായാമക്കുറവോ അമിതഭാരമോ ആകാം ഇതിന് പിന്നിലെ കാരണം. ഇതില്‍ അമിതവണ്ണമാണ് മുട്ടിന്റെ ആരോഗ്യത്തെ പ്രധാനമായി ബാധിക്കുന്ന ഒരു ഘടകം. താങ്ങാനാകാത്തതിലും അധികം ഭാരം കുറേനാള്‍ ചുമക്കുന്നതോടെ മുട്ടുകള്‍ ക്ഷീണിക്കും. ക്ഷീണം മാത്രമല്ല, ഇത് മുട്ടുകളില്‍ ക്ഷതവുമുണ്ടാക്കിയേക്കാം.

കായികതാരങ്ങള്‍ക്കാണ് പരിക്കുകള്‍ മൂലമുള്ള മുട്ടുവേദനകള്‍ക്ക് സാധ്യതകള്‍ കൂടുതല്‍. ഇത് കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് നീങ്ങാനും മതി.

നടുവേദന…

നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, കശേരുക്കളുടെ സ്ഥാനഭ്രംശം, നീര്‍ക്കെട്ട്, സുഷുമ്ന സംബന്ധമായ പ്രശ്നങ്ങള്‍, അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷയം, ജീര്‍ണത, ട്യൂമര്‍ തുടങ്ങി നട്ടെല്ലിനെ ബാധിക്കുന്ന നിരവധി അസുഖങ്ങളുടെ ലക്ഷണമായി നടുവേദനയെ കണക്കാക്കാം. കൂടാതെ പേശികള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ട്, വൃക്ക രോഗങ്ങള്‍, സ്ത്രീകളില്‍ ആര്‍ത്തവത്തകരാറുകള്‍, ഗര്‍ഭാശയ രോഗങ്ങള്‍ ഇവ മൂലവും നടുവേദന അനുഭവപ്പെടാം.

നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ‘സെര്‍വിക്കല്‍ ആന്റ് ലംബാര്‍ സ്പോണ്‍ഡൈലോസിസ്’, ‘ലംബാര്‍ ഡിസ്‌ക് പ്രൊലാപ്സ്’ എന്നിവ. നട്ടെല്ലിലെ കശേരുക്കളുടെ സ്ഥാനഭ്രംശം മൂലമാണ് ഈ രണ്ട് അവസ്ഥകളുമുണ്ടാകുന്നത്.

നടുവേദനയുണ്ടാകുമ്പോള്‍ തന്നെ അതിന്റെ കാരണം തേടേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ എക്‌സ് റേ, സ്‌കാനിംഗ് തുടങ്ങിയ ഉപാധികള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താനാകും. മുന്‍കാലങ്ങളിലെ പരിക്കുകളും നടുവിന് പില്‍ക്കാലത്ത് പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇക്കാര്യവും എപ്പോഴും പരിഗണിക്കണം. മുമ്പ് പറ്റിയ ഒരു പരിക്ക് നട്ടെല്ലിന്റെ ഭാഗങ്ങളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും, അതിന്റെ ഫലമായി വേദന അനുഭവപ്പെടുകയും ചെയ്‌തേക്കാം. നീര്‍ക്കെട്ടുണ്ടായാല്‍ ആ വശങ്ങളിലേക്കുള്ള രക്തയോട്ടത്തെ അത് ബാധിക്കും, ക്രമേണ ഇവിടങ്ങളിലെ പേശികള്‍ ക്ഷയിക്കുകയും ചലനം പോലും അസാധ്യമാകുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഡിസ്‌കുകള്‍ തെന്നിമാറുന്ന പ്രശ്‌നവും സമാനമായി പഴയ പരിക്കുകളുടെ ബാക്കിപത്രമായി സംഭവിക്കാം. ഡിസ്‌കുകള്‍ തെറ്റിനില്‍ക്കുന്നത് ആ ഭാഗത്തെ നാഡികള്‍ ഞെരുങ്ങുന്നതിനും ശക്തമായ വേദന അനുഭവപ്പെടുന്നതിനും കാരണമാകാം.

തോള്‍ വേദന…

എല്ലാ വശങ്ങളിലേക്കും ചലിപ്പിക്കുവാന്‍ സാധിക്കുന്ന സന്ധിയാണ് തോള്‍സന്ധി. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ സഥാനഭ്രംശവും ചതവും പൊട്ടലും സംഭവിക്കാനുള്ള സാധ്യതയും ഈ സന്ധിയ്ക്ക് കൂടുതലാണ്. ഭാഗികമായ ക്ഷതം, പൂര്‍ണമായ ക്ഷതം എന്നിങ്ങനെ പല രീതിയിലും തോള്‍ സന്ധിക്ക് ക്ഷതം സംഭവിക്കാറുണ്ട്. തോളിന് മുകളില്‍ കയ്യുയര്‍ത്തി ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് തോള്‍ സന്ധിയില്‍ കൂടുതല്‍ പരിക്കുകള്‍ വരാന്‍ സാധ്യതയുള്ളത്. ഉദാഹരണത്തിന് ലോഡിംഗ് ജോലി ചെയ്യുന്നവര്‍, പെയിന്റിംഗ് തൊഴിലാളികള്‍, കാര്‍പെന്റിംഗ് ചെയ്യുന്നവര്‍, കായികവിനോദങ്ങളായ വോളിബോള്‍, ബേസ് ബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍- തുടങ്ങിയവ ചെയ്യുന്നവര്‍ എന്നിങ്ങനെ.

പെട്ടെന്ന് ഭാരം എടുത്തുയര്‍ത്തുന്നതും തോള്‍ സന്ധികളില്‍ ക്ഷതം ഏല്‍പിച്ചേക്കാം. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ കഴിവതും ഒഴിവാക്കുക. ആവശ്യാനുസരണം സപ്പോര്‍ട്ട് കിട്ടുന്ന രീതിയില്‍ കാലുകള്‍ അകത്തിവച്ച് ഭാരം ഉയര്‍ത്തുക. പെട്ടെന്നുള്ള തോളിന്റെ തിരിയല്‍ ഒഴിവാക്കുക. കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരാണെങ്കില്‍, ശരിയായി സ്ട്രെച്ചിംഗ് വ്യായാമങ്ങളും കൃത്യമായ വാം അപ്പും ചെയ്യുക. തൊഴിലാളികള്‍ക്ക് ആയാസകരമായ ജോലിയുടെ ഇടവേളകളില്‍ കഴുത്തിനും തോളിനും വിശ്രമം ഉറപ്പുവരുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button