മൊബൈൽ ഫോൺ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പരമാവധി സമയം സോഷ്യല്‍ മീഡിയകളിലും യൂട്യൂബിലും നെറ്റ്ഫ്‌ളിക്‌സിലുമൊക്കെ ചിലവിട്ട ശേഷമാണ് ഇപ്പോള്‍ മിക്കവാറും ചെറുപ്പക്കാര്‍ ഉറങ്ങാന്‍ കിടക്കുന്നത്. ഉണരുമ്പോഴും ആദ്യം തേടുന്നത് മൊബൈല്‍ ഫോണ്‍ തന്നെയായിരിക്കും. എന്നാല്‍ രാവിലെ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്ത ശേഷം നിങ്ങള്‍ ആദ്യം നോക്കുന്നത് എന്താണ്? ഫേസ്ബുക്കില്‍ തലേന്ന് രാത്രിയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ ലൈക്കാണോ? അതോ കമന്റുകളോ?
ഇതൊന്നുമല്ല നോക്കുന്നതെങ്കില്‍ നിങ്ങള്‍ പാതി രക്ഷപ്പെട്ടുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. മറിച്ച് സോഷ്യല്‍ മീഡിയയിലേക്ക് തന്നെയാണ് ഉണരുന്നതെങ്കില്‍ നിങ്ങള്‍ അല്‍പം കരുതേണ്ടതുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യു.കെയിലെ സറേ സര്‍വകലാശാലയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് സമൂഹമാധ്യമങ്ങളുടെ ഉപയോഗം ആരോഗ്യത്തെ എത്തരത്തിലെല്ലാം ബാധിക്കുന്നുവെന്ന വിഷയത്തില്‍ ഒരു പഠനം നടത്തിയത്. മുമ്പ് നടന്ന പഠനങ്ങളിലെല്ലാം കണ്ടെത്തിയതിന് സമാനമായി സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം നമ്മളില്‍ ആദ്യമുണ്ടാക്കുന്നത് സാമൂഹികമായ മാറ്റം തന്നെയാണെന്നാണ് ഈ സംഘവും കണ്ടെത്തിയത്.
മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്തുകൊണ്ടേയിരിക്കുന്ന മാനസികാവസ്ഥയിലേക്ക് അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം നമ്മളെ കൊണ്ടെത്തിക്കുമത്രേ. ഈ താരതമ്യപ്പെടുത്തല്‍ സമൂഹമാധ്യമങ്ങള്‍ വരുന്നതിന് മുമ്പും മനുഷ്യര്‍ക്കിടയിലുണ്ട്. എന്നാല്‍ സമൂഹമാധ്യങ്ങളുടെ വരവോടെ ഇത് നിയന്ത്രണാതീതമായി.
നിരന്തരമുള്ള ഈ താരതമ്യപ്പെടുത്തല്‍ ക്രമേണ മാനസികമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. ഉറക്കമില്ലായ്മ, ഉത്കണ്ഠ, നിരാശ, ജീവിതത്തോട് തൃപ്തിയില്ലാതാവുക- ഇങ്ങനെ പോകും മാനസിക പ്രശ്‌നങ്ങള്‍. ഇത് വൈകാതെ തന്നെ ശരീരത്തെയും ബാധിക്കുന്നു. രക്തസമ്മര്‍ദ്ദം, വിളര്‍ച്ച, ക്ഷീണം, പേശീവേദന, വണ്ണം കുറയുന്നത്- തുടങ്ങിയ ശാരീരിക വിഷമതകളിലേക്ക് നമ്മളെത്തുന്നു.
സ്ത്രീകളിലും വിഷാദരോഗമുള്ളവരിലും ആണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കണ്ടുവരുന്നതെന്നും പഠനം കണ്ടെത്തി. സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം കാലക്രമേണ മനുഷ്യരിലുണ്ടാക്കാന്‍ പോകുന്ന ശാരീരിക മാറ്റങ്ങള്‍ കൃത്യമായി പ്രവചിക്കുക എളുപ്പമല്ലെന്നും, എന്നാല്‍ അത് ഗുരുതരമായ മാറ്റങ്ങള്‍ക്ക് തന്നെയായിരിക്കും വഴിയൊരുക്കുകയെന്ന് കൂടി, പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.
Post Your Comments