KeralaLatest News

പ്രധാനമന്ത്രിയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം• സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം സത്യപ്രതിജ്ഞാ ലംഘനവും, പ്രധാനമന്ത്രിപദത്തിന്‌ യോജിച്ചതല്ലെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഈ നിലപാട്‌ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്‌. കേരളത്തിലെ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ്‌ ശ്രമിച്ചത്‌. അതൊരു കുറ്റമായിട്ടാണ്‌ പ്രധാനമന്ത്രി ആക്ഷേപിച്ചിരിയ്‌ക്കുന്നത്‌. സുപ്രീംകോടതിവിധി ഭരണഘടനാ ബെഞ്ചിന്റേതാണ്‌. വിധി നടപ്പാക്കാന്‍ പാടില്ലായെന്നാണ്‌ പ്രധാനമന്ത്രിയുടെ നിലപാടെങ്കില്‍ സുപ്രീംകോടതി വിധി റദ്ദാക്കാന്‍ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കാനോ പാര്‍ലമെന്റ്‌ വഴി നിയമം കൊണ്ടുവരാനോ പ്രധാനമന്ത്രി നടപടി സ്വീകരിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌. ഇത്തരം പ്രസംഗം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, കബളിപ്പിക്കാനുമാണ്‌ നരേന്ദ്രമോദി ശ്രമിയ്‌ക്കുന്നത്‌.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന്‌ സത്യപ്രതിജ്ഞ ചെയ്‌തുകൊണ്ടാണ്‌ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അധികാരമേല്‍ക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അംഗീകരിക്കാനും നടപ്പിലാക്കാനും ഉള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ട്‌. ഈ ഉത്തരവാദിത്തത്തില്‍ നിന്നുള്ള പിറകോട്ട്‌ പോക്കായാണ്‌ കൊല്ലത്ത്‌ ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി നടത്തിയ പ്രസ്‌താവനയെ കാണാനാവൂ. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ പ്രധാനമന്ത്രി തയ്യാറാവുന്നില്ലെങ്കില്‍ പിന്നെയാരാണ്‌ ഭരണഘടനാ കാഴ്‌ചപ്പാട്‌ നടപ്പിലാക്കുന്നതിന്‌ നേതൃത്വം നല്‍കുക. ഇത്‌ കാണിക്കുന്നത്‌ ഭരണഘടനയെ തകര്‍ക്കുക എന്ന സംഘപരിവാര്‍ അജണ്ടയുടെ വക്താവായി പ്രധാനമന്ത്രിയും മാറിയിരിക്കുന്നു എന്നാണ്‌.
കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ സംബന്ധിച്ച്‌ പ്രധാനമന്ത്രി സംസാരിച്ചുകണ്ടു. യാഥാസ്ഥിതികമായ ആശയങ്ങള്‍ക്കെതിരെ പോരടിച്ചുകൊണ്ടാണ്‌ നവോത്ഥാന നായകര്‍ ഈ നാടിനെ മുന്നോട്ടുനയിച്ചത്‌. ആ കാലങ്ങളിലെല്ലാം യാഥാസ്ഥിതികര്‍ക്കൊപ്പം നിലനിന്ന പാരമ്പര്യമാണ്‌ സംഘപരിവാറിനുള്ളത്‌. സംഘപരിവാര്‍ നേതൃത്വം നല്‍കിയ ഏതെങ്കിലും നവോത്ഥാന മുന്നേറ്റത്തെ പരാമര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക്‌ കഴിയാതെ പോയത്‌ അതുകൊണ്ടാണ്‌.

മുത്തലാഖിന്‌ സി.പി.ഐ(എം) അനുകൂലമല്ല. ആ നിലപാട്‌ പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. സുപ്രീംകോടതി തന്നെ നിരോധിച്ച ഒന്നിന്റെ പേരില്‍ വീണ്ടും നിയമമുണ്ടാക്കി തങ്ങളുടെ അജണ്ട ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെയാണ്‌ സി.പി.ഐ (എം) എതിര്‍ത്തിട്ടുള്ളത്‌.
ശബരിമല വിഷയത്തെ ഉപയോഗപ്പെടുത്തി വിശ്വാസി- അവിശ്വാസി വിഭജനം ഉണ്ടാക്കി രാഷ്‌ട്രീയക്കളി നടത്തുകയാണ്‌ ബിജെപി. പ്രധാനമന്ത്രിയുടെ പ്രസ്‌താവനയോടെ ഇക്കാര്യം വ്യക്തമായിരിക്കുകയാണ്‌. ത്രിപുരയില്‍ ബി.ജെ.പിക്ക്‌ അധികാരത്തിലെത്താനായത്‌ കോണ്‍ഗ്രസ്സിന്റെ വോട്ട്‌ പൂര്‍ണ്ണമായും തന്നെ ബി.ജെ.പിക്ക്‌ ലഭിച്ചതുകൊണ്ടാണ്‌. അത്തരമൊരു സ്ഥിതിവിശേഷം സംസ്ഥാനത്ത്‌ ഉണ്ടാകും എന്നാണ്‌ പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്‌. ഇത്‌ സംബന്ധിച്ച്‌ പ്രതികരിക്കേണ്ടത്‌ കോണ്‍ഗ്രസ്സുകാര്‍ കൂടിയാണ്‌.
കേരളത്തില്‍ അവസാനം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നത്‌ ബിജെപിയുടെ നില പരിതാപകരമാകുന്നു എന്നാണ്‌. ഈ സാഹചര്യത്തിലാണ്‌ കേരളത്തില്‍ വിജയമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്‌. മതനിരപേക്ഷതയുടെ മഹത്തായ പാരമ്പര്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടും നവോത്ഥാന മൂല്യങ്ങളുടെ അടിത്തറയിലും വികസിച്ചുവന്നതാണ്‌ കേരളം. അതിനെ തകര്‍ത്ത്‌ അധികാരം ഉറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ തന്നെ അവശേഷിക്കും. ലോകസഭയിലേക്കുള്ള വരുന്ന തെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ്‌ തന്നെ അവര്‍ക്ക്‌ ലഭിക്കില്ലെന്ന്‌ വ്യക്തമാണ്‌. കൊട്ടിഘോഷിക്കപ്പെട്ട എന്‍.ഡി.എ തന്നെ ശിഥിലമായി എന്നതാണ്‌ വസ്‌തുത.

കേന്ദ്രത്തില്‍ തന്നെ അധികാരത്തില്‍ ബിജെപി തിരിച്ചെത്തില്ലെന്ന്‌ ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്‌. പാര്‍ലമെന്റ്‌ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയവും നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലവും ഇതാണ്‌ വ്യക്തമാക്കുന്നത്‌. എന്നിട്ടും ഇവിടെ വന്ന്‌ നടത്തുന്ന പ്രസ്‌താവനകള്‍ അവജ്ഞയോടെ കേരളം തള്ളിക്കളയണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button