കൊൽക്കത്ത : സ്ത്രീകളുടെ കന്യകാത്വത്തെ സീൽ ചെയ്ത കുപ്പിയുമായി താരതമ്യപ്പെടുത്തിയ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കോളേജ് പ്രൊഫസറെ പ്രതിഷേധങ്ങൾക്കെടുവിൽ ജോലിയിൽ നിന്നും പുറത്താക്കി. പടിഞ്ഞാറൻ ബംഗാളിലെ ജാദവ്പൂർ സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം പ്രൊഫസർ കനക് സർക്കാറെയാണ് കോളേജിൽ നിന്ന് പുറത്താക്കിയത്. വിദ്യാർത്ഥി – അധ്യാപക കമ്മിറ്റിയുടേതാണ് തീരുമാനം.
സംഭവത്തിൽ കനക് സർക്കാറിനെതിരെ കോളേജ് അധികൃതരടക്കം രംഗത്തെത്തി. കനക് സർക്കാർ സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തിയെന്ന് ജാദവ്പൂർ സർവകലാശാല വൈസ് ചാൻസലർ സുരജ്ഞൻ ദാസ് വിമർശിച്ചു. കനക് സർക്കാറിനെതിരെ ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ നേരത്തേയും ഉയർന്നിരുന്നതായി ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം വകുപ്പ് മേധാവിയായ ഓംപ്രകാശ് മിശ്ര പറഞ്ഞു.
‘കന്യകയായ വധു എന്തുകൊണ്ടില്ല’ എന്ന തലക്കെട്ടോടുകൂടി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ പിൻവലിച്ചത്. “പല ആൺക്കുട്ടികളും ഇപ്പോഴും വിഡ്ഢികളാണ്. അവർ ഒരിക്കലും കന്യകയായ ഭാര്യയെ കുറിച്ച് ബോധവാൻമാരല്ല. കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെയോ പാക്കറ്റ് പോലെയോ ആണ്. സീൽ പൊട്ടിയ ശീതളപാനീയമോ ബിസ്ക്കറ്റ് പാക്കറ്റോ ആരെങ്കിലും വാങ്ങിക്കുമോ എന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു. ഇതുപോലെ തന്നെയാണ് നിങ്ങളുടെ ഭാര്യയുടെ കാര്യവും. ഒരു പെൺകുട്ടി ജന്മനാ സീൽ ചെയ്യപ്പെട്ടാണ് പിറക്കുന്നത്. കന്യകയായ പെൺകുട്ടിയെന്നാൽ മൂല്യങ്ങൾ, സംസ്കാരം, ലൈംഗിക ശുചിത്വം എന്നിവ കൂടിച്ചേർന്നതാണ്. ആൺകുട്ടികൾക്ക് കന്യകയായ ഭാര്യയെന്നാൽ ഒരു മലാഖ പോലെയാണെന്നും:” അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
എന്നാൽ പോസ്റ്റിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. ഇതോടെ കനക് സർക്കാർ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. പിന്നീട് പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണം നൽകി അദ്ദേഹം വീണ്ടും രംഗത്തെത്തി. “പോസ്റ്റ് തികച്ചും വ്യക്തിപരമാണെന്നും തന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പോസ്റ്റ് പങ്കുവച്ചതെന്നും കനക് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൽ ഏതെങ്കിലും വ്യക്തിക്ക് എതിരായി ഒന്നും എഴുതിയിട്ടില്ല. തെളിവുകളുടെ അഭാവത്തിലല്ല എഴുതിയത്. താൻ സാമൂഹിക ഗവേഷണമാണ് ചെയ്യുന്നത്. സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് എഴുതുന്നതെന്നും” കനക് സർക്കാർ കുറിച്ചു.
പിന്നീട് വിവാദമായതിനെതുടർന്ന് ക്ഷമ ചോദിച്ച് അദ്ദേഹം രംഗത്തെത്തി. സാമൂഹ്യമാധ്യമത്തിലെ ഒരു കൂട്ടം സുഹൃത്തുക്കൾക്കിടയിൽ തമാശയായിട്ടാണ് താൻ കുറിപ്പ് പങ്കുവച്ചതെന്നും പൊതുജനങ്ങൾക്ക് വേണ്ടിയല്ലെന്നും കനക് പറഞ്ഞു. കുറിപ്പിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ആരോ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു. ആരുടെയും വികാരത്തെ വ്രണപ്പെടുത്താനോ സ്ത്രീകളെ അപമാനിക്കുന്നതനോ വേണ്ടിയല്ല പോസ്റ്റ് ചെയ്തതെന്നും പ്രൊഫസർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Post Your Comments