ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘മൂത്തോന്’ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മഞ്ജു വാര്യര്‍ ചെയ്ത ട്വീറ്റിനെ പരിഹസിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന് ആശംസ നേരുന്ന ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ശ്രീകുമാര്‍ മേനോന്റെ പരിഹാസം. സിനിമയ്ക്ക് ഇപ്പോഴേ പിന്തുണയോ? നന്നായിരിക്കുന്നു എന്നാണ് ഒടിയന്‍ സംവിധായകന്റെ ട്വീറ്റ്.
പ്രിയപ്പെട്ട ഗീതു, രാജീവ്, നിവിന്‍ പിന്നെ മുഴുവന്‍ ടീമിനും എല്ലാ ആശംസകളും. സിനിമ കാണാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ ട്വീറ്റ്. ചലച്ചിത്ര വ്യവസായം വളരാന്‍ നിങ്ങളെപ്പോലെയുള്ള സൂപ്പര്‍സ്റ്റാറുകളുടെ ഈ വിധത്തിലുള്ള പിന്തുണ വേണമെന്ന് മറ്റൊരു പരിഹാസ ട്വീറ്റും ശ്രീകുമാര്‍ മേനോന്‍ ചെയ്തു.
ഒടിയന്റെ പ്രമോഷനില്‍ മഞ്ജു വാര്യര്‍ സഹായിച്ചില്ലെന്ന വിമര്‍ശനം ശ്രീകുമാര്‍ മേനോന്‍ നേരത്തേ ഉയര്‍ത്തിയിരുന്നു. ഒടിയനെതിരെയുണ്ടായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പോലും മഞ്ജു തയ്യാറായില്ലെന്നും ഒരു ദിവസം മാത്രം ഓടിയ ചിത്രങ്ങള്‍ക്കു വേണ്ടി രംഗത്തെത്തിയ മഞ്ജു ഒടിയനു വേണ്ടി സമയം മാറ്റിവെച്ചില്ലെന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്‍ ഒരു അഭിമുഖത്തില്‍ തുറന്നടിച്ചത്.
എന്നാല്‍ ശ്രീകുമാര്‍ മേനോന്റെ പരിഹാസത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ഒടിയനെ മഞ്ജു വാര്യര്‍ പിന്തുണച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
Post Your Comments