സ്ത്രീകള്‍ തട്ടമിട്ട് മുഖം മറച്ച് നടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതെല്ലെന്ന് ഖാപ് പഞ്ചായത്തിനും ബോധ്യം വരുന്നു. തട്ടമിട്ട് മുഖം മറച്ച് നടക്കാനല്ല ഉപരിപഠനത്തിനുള്ള അവസരമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കേണ്ടതെന്നാണ് ഛണ്ഡീഗഡിലെ ഖാപ് പഞ്ചായത്ത് നേതാവ് പറയുന്നത്.
തല ഉയര്‍ത്തി നടക്കുന്ന സ്ത്രീകളാണ് നാടിന് അഭിമാനമെന്നും തന്റെ കീഴില്‍ വരുന്ന 1440 ഓളം ഗ്രാമങ്ങള്‍ക്ക് അതിനുള്ള നിര്‍ദേശം നല്‍കുമെന്നും ഖാപ് നേതാവ് ബല്‍ജീത് സിംഗ് മാലിക് വ്യക്തമാക്കി. തന്റെ കുടുംബത്തിലെ സ്ത്രീകളോട് ദുപ്പട്ട ഇട്ട് മുഖം മറച്ച് നടക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും തന്റെ കുടുംബാംഗങ്ങല്‍ക്ക് ഇക്കാര്യങ്ങളില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖം മറച്ച് നടക്കുന്നത് അനാചാരമാണെന്നും മാലിക് ചൂണ്ടിക്കാട്ടി.
മുഖം മൂടി നടക്കുന്നത് മാത്രമല്ല ദുരഭിമാനക്കൊല പോലെയുള്ള കാര്യങ്ങളിലും മാലിക് വ്യക്തമായ നിലപാട് അറിയിച്ചു. ഒരാളുടെ ജീവനെടുത്ത് അഭിമാനം സംരക്ഷിക്കുന്നത് ഒരു ഗുണവും ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിക്ക് പുറത്ത് നടക്കുന്ന വിവാഹങ്ങളെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്നും ഖാപ് പഞ്ചായത്ത് നേതാവ് തുറന്നു പറഞ്ഞു. സമത്വമാണ് ഖാപ്പ് പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്നതെന്നും സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ച് കാണുന്നത് ശരിയല്ലെന്നും ബല്‍ജീത് സിംഗ് അഭിപ്രായപ്പെട്ടു.
ഖാപ് പഞ്ചായത്തിന്റെ തീരുമാനങ്ങള്‍ പലപ്പോഴും കാട്ടുനീതിയാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് ഇവരുടെ ഇടയില്‍ നിന്ന് തന്നെ ക്രിയാത്മകവും പരിഷ്‌കൃതവുമായ നിര്‍ദേശങ്ങള്‍ വരുന്നത്.
Post Your Comments