Latest NewsKerala

ഓട്ടോയില് കയറിയ യുവതി വീട്ടിലെത്താന് വൈകി : ഓട്ടോ ഡ്രൈവര് കുത്തേറ്റ് മരിച്ചു

എടത്വ : ഓട്ടോറിക്ഷയില് യാത്രപോയ യുവതി തിരികെ വീട്ടിലെത്താന് വൈകിയതിനെച്ചൊല്ലിയുള്ള തര്ക്കത്തിനിടയില് ഓട്ടോ ഡ്രൈവര് കുത്തേറ്റു മരിച്ചു. തലവടി കളങ്ങര അമ്പ്രയില് പാലത്തിനു പടിഞ്ഞാറ് മൂലയില് പുത്തന്പറമ്പില് അനില് (38) ആണ് മരിച്ചത്. തടയാനെത്തിയ അനിലിന്റെ ഭാര്യ സന്ധ്യയ്ക്കും (30) കുത്തേറ്റു.

സംഭവത്തില് കളങ്ങര ഇരുപ്പുമൂട്ടില് അമല് (അപ്പു-22), കൊച്ചുപറമ്പില് കെവിന് (19) എന്നിവരെ പൊലീസ് പിടികൂടി.

ഞായറാഴ്ച അര്ധരാത്രി കഴിഞ്ഞാണു സംഭവം. കെവിന്റെ സഹോദരി അയല്ക്കാരിയോടൊപ്പം അവരുടെ ബന്ധുവിനെ സന്ദര്ശിക്കാന് ഞായറാഴ്ച രാത്രി 9ന് അനിലിന്റെ ഓട്ടോറിക്ഷയില് എടത്വയിലെ സ്വകാര്യ ആശുപത്രിയില് പോയി. രോഗിക്കു ഡ്രിപ്പ് ഇടേണ്ടതിനാല് ആശുപത്രിയില് നിന്ന് ഒന്നിച്ചു മടങ്ങാന് വൈകുമെന്നും ഓട്ടോറിക്ഷയില് തിരികെ പൊയ്‌ക്കൊള്ളാനും അയല്ക്കാരി നിര്‌ദേശിക്കുകയായിരുന്നു. തുടര്ന്ന് അനിലിന്റെ ഓട്ടോയില് യുവതി മടങ്ങി.

അയല്ക്കാരി വീട്ടിലെത്തിയിട്ടും യുവതി വീട്ടിലെത്തിയിരുന്നില്ല. ഇക്കാര്യം അവര് യുവതിയുടെ സഹോദരനെ അറിയിച്ചു. ഇതിനിടയില് യുവതി വീട്ടിലെത്തുകയും ചെയ്തു. യുവതിയെ വീടിനടുത്ത് ഇറക്കിയ ശേഷമാണ് അനില് വീട്ടിലേക്കു പോയത്. ഇരു വീടുകളും അടുത്ത പ്രദേശങ്ങളിലാണ്.

2 കിലോമീറ്റര് മാത്രം അകലെനിന്നു വീട്ടിലെത്താന് വൈകിയതിന്റെ കാരണം തിരക്കാന് കെവിന്, അമലിനെ കൂട്ടി അനിലിന്റെ വീട്ടിലെത്തി. ഉറങ്ങാന് കിടന്ന അനിലിനെ വിളിച്ചിറക്കി റോഡിലെത്തിച്ചു. തുടര്ന്നുണ്ടായ തര്ക്കത്തിനിടയിലാണ് അനിലിനും ഭാര്യയ്ക്കും കുത്തേറ്റത്. അനിലിന്റെ വലതു നെഞ്ചിലും ഇടതു തോളിലുമാണു കുത്തേറ്റത്.

സംഭവത്തിനു ശേഷം പ്രതികള് ഓടിപ്പോയി. കുത്തേറ്റു കിടന്ന അനിലിനെ വളരെ വൈകിയാണ് ആശ്രുപത്രിയില് എത്തിക്കാന് കഴിഞ്ഞത്. എടത്വയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം മെഡിക്കല് കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി മരിച്ചു.

shortlink

Related Articles

Post Your Comments


Back to top button