ന്യൂഡല്‍ഹി: ഐടി ആക്ടിലെ റദ്ദ് ചെയ്യപ്പെട്ട 66 എ വകുപ്പ് ചുമത്തിയാല്‍ പോലീസ് അഴിയെണ്ണുമെന്ന് സുപ്രീം കോടതി. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (PUCL) എന്ന സംഘടനയാണ് റദ്ദു ചെയ്യപ്പെട്ട വകുപ്പിന്‍റെ ദുരുപയോഗത്തെക്കുറിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി പരിഗണിച്ച കോടതി മേല്‍പ്പറഞ്ഞ പരാമര്‍ശം നടത്തുകയായിരുന്നു.
ഐടി ആക്ടിലെ 66 എ എന്ന വകുപ്പ് 2015ല്‍ ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചെലമേശ്വറും അടങ്ങുന്ന രണ്ടംഗ ബെഞ്ച് 2015ല്‍ ശ്രേയാ സിംഗാള്‍ Vs യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ വിധിപ്രസ്താവിക്കവേ റദ്ദാക്കിയിരുന്നു. ചരിത്രപ്രധാനമായ ആ വിധിക്കു ശേഷം ഇന്നുവരെ അതേ വകുപ്പുപ്രകാരം 22 പേര്‍ക്കെതിരെ രാജ്യത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിവരം ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇനി മേല്‍ ഇത്തരം കേസുകള്‍ ചാര്‍ത്തപ്പെടുന്ന പക്ഷം, ബന്ധപ്പെട്ട പോലീസുകാര്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് കോടതി കര്‍ശനമായ മുന്നറിയിപ്പ് നല്‍കി.
66 എ പ്രകാരം ചുമത്തപ്പെട്ട 22 കേസുകളില്‍ 20 എണ്ണവും ഝാര്‍ഖണ്ഡിലെ ഖൂംടി ജില്ലയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ ടി ആക്‌ട് 66 എ’യ്ക്ക് പുറമെ ഐപിസി 121/ 121എ/ 124എ തുടങ്ങിയ വകുപ്പുകളും അവര്‍ക്കുമേല്‍ ചുമത്തപ്പെട്ടിരുന്നു. ഫേസ്‌ബുക്ക് പോലുള്ള മാധ്യമങ്ങളില്‍ പ്രകോപനപരമായ രീതിയില്‍ എഴുതി സാമൂഹികമായ പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കലാപത്തിന് ആഹ്വാനം ചെയ്തു, ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നൊക്കെയുള്ള കുറ്റങ്ങളാണ് എല്ലാ കേസുകളിലും ചുമത്തപ്പെട്ടിരിക്കുന്നത്.
Post Your Comments