യുഎസ് : മാതാപിതാക്കള്‍ വെടിയേറ്റു കൊല്ലപ്പെട്ട ദിവസം കാണാതായ പതിമൂന്നുകാരിയെ മൂന്നു മാസത്തിനുശേഷം കണ്ടെത്തി. യുഎസിലെ വിസ്കോണ്‍സിനിലാണു സംഭവം.ഒക്ടോബര്‍ 15നാണു മാതാപിതാക്കളായ ജയിംസ് ക്ലോസ് (56), ഡെനിസ് ക്ലോസ് (46) എന്നിവരുടെ മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. അന്ന് തന്നെ മകളെയും കാണാതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
പെണ്‍കുട്ടിയെ കാണാതായ സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രണ്ടായിരത്തോളം വളന്റിയര്‍മാര്‍, മിനിപൊലിസിലെ കാടും മലയും അരിച്ചുപെറുക്കി പരിശോധിച്ചു. മാത്രമല്ല, കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25,000 യുഎസ് ഡോളര്‍ പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നാൽ മൂന്ന് മാസങ്ങൾക്കിപ്പുറം മകള്‍ ജയ്മി ക്ലോസിനെ വ്യാഴാഴ്ച കണ്ടെത്തിയപ്പോള്‍ ആഹാരം കഴിക്കാതെ എല്ലുന്തിയ നിലയിലായിരുന്നു. ജീവനോടെ കണ്ടെത്തിയതില്‍ പൊലീസ് ആശ്ചര്യം പ്രകടിപ്പിച്ചു.
ക്ലോസ് കുടുംബത്തിന്റെ വീട്ടില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്താലെത്തുന്ന ഗോര്‍ഡന്‍ നഗരത്തില്‍ നിന്നാണു ജയ്മിയെ കണ്ടെത്തിയത്. കുട്ടിയെങ്ങനെ രക്ഷപ്പെട്ടെന്നുള്ള വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. തട്ടിക്കൊണ്ടു പോയവരില്‍ നിന്നു രക്ഷപ്പെട്ട ജയ്മി എങ്ങനെയോ ഗോര്‍ഡന്‍ നഗരത്തിലെ ഒരു വീട്ടിലെത്തി ജയ്മി ക്ലോസ് ആണെന്നും പൊലീസിന്റെ നമ്പരായ 911 വിളിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഉടനെ പൊലീസെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി.
Post Your Comments