KeralaLatest News

മരണത്തെ തോൽപ്പിച്ചു; അമല്‍ ജീവിക്കും ആ നാല് പേരിലൂടെ

തിരുവനന്തപുരം: മകന്റെ അവയവങ്ങള്‍ നാല് പേര്‍ക്ക് ദാനം ചെയ്ത് അമ്മയുടെ ഉത്തമ മാതൃക. കൊല്ലം ശൂരനാട് നോര്‍ത്തില്‍ വിജയശ്രീയുടെ വലിയ മനസിന് മുന്നില്‍ വിധിപോലും തലകുനിക്കുകയാണ്. സംസ്ഥാനത്ത് അവയവദാനങ്ങള്‍ കുറയുന്നതിനിടയിലും 2019 ലെ ആദ്യ ദാതാവായി മാറി വിജയശ്രീയുടെ മകന്‍ അമല്‍ എന്ന ഇരുപത്തൊന്നുകാരന്‍. അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള (58) ഷാര്‍ജ പൊലീസിലെ ജോലിയില്‍ നിന്നു വിരമിച്ച്‌ നാട്ടിലേക്ക് മടങ്ങവെ അച്ഛനും മകനും സഞ്ചരിച്ച കാര്‍ ഭരണിക്കാവ് വച്ച്‌ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജന്‍ പിള്ള തത്ക്ഷണം മരിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതസഞ്ജീവനി പ്രവര്‍ത്തകര്‍ അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ വിജയശ്രീ സമ്മതം മൂളുകയായിരുന്നു. അമലിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും കിംസില്‍ ചികിത്സയിലുള്ള രണ്ടു രോഗികള്‍ക്കും കോര്‍ണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നല്‍കി. അടൂര്‍ ഏനാത്തെ സെന്റ് സിറിയന്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായിരുന്നു അമല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button