Latest NewsKeralaIndia

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നും പണം തട്ടി; മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

നല്‍കിയ പണം തിരികെ ആവശ്യപ്പട്ടപ്പോള്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു

മാനന്തവാടി: പൊലീസിന് നല്‍കാനെന്ന് പറഞ്ഞ് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നും പണം വാങ്ങി തട്ടിപ്പ്. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പൊലീസിന് നല്‍കാനെന്നും പറഞ്ഞ് മൂവരും ചേര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാവില്‍ നിന്ന് മുപ്പതിനായിരം രൂപ തട്ടിയെന്നാണ് പരാതി.പിലാക്കാവ് വട്ടപ്പറമ്പന്‍ ഹമീദ്, ചന്ത്രോത്ത് ഷക്കീര്‍, റഫീഖ് കേസെടുത്തത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പീഡനവുമായി ബന്ധപ്പെട്ട് മാനന്തവാടി സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.റഫീക്കും ഷക്കീറുമായും പീഡനത്തിരയായ കുട്ടിയുടെ പിതാവ് സംസാരിച്ചപ്പോള്‍ ഇവര്‍ ഹമീദിനെ ഇടപെടുത്തിയെന്നാണ് രക്ഷിതാവ് പൊലീസില്‍ നല്‍കിയ പരാതിയിലുള്ളത്. കേസ് ശക്തിപ്പെടുത്തണമെങ്കില്‍ മാനന്തവാടി സിഐക്കും എസ്‌ഐക്കും മുപ്പതിനായിരം രൂപ നല്‍കണമെന്ന് പറഞ്ഞാണത്രേ പണം ആവശ്യപ്പെട്ടത്.

മകളുടെ കാര്യമോര്‍ത്ത് കൈയിലുണ്ടായിരുന്ന 24,000 രൂപ പിറ്റേ ദിവസംതന്നെ ഷക്കീര്‍, റഫീഖ് എന്നിവര്‍വഴി ഹമീദിന് നല്‍കി.എന്നാല്‍ മുഴുവന്‍ തുകയും വേണമെന്ന് ഹമീദ് ആവശ്യപ്പെട്ടപ്പോള്‍ ഷക്കീര്‍, തനിക്ക് നല്‍കാനുണ്ടായിരുന്ന 7000 രൂപയില്‍നിന്ന് 6000 രൂപ കൊടുത്തോളാന്‍ പറഞ്ഞു. പതിനായിരം രൂപ വീണ്ടും ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാതായപ്പോള്‍ ഭീഷണിപ്പെടുത്തി.

നല്‍കിയ പണം തിരികെ ആവശ്യപ്പട്ടപ്പോള്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button