KeralaNews

പണിമുടക്കില്‍ വലഞ്ഞ് മത്സ്യബന്ധന മേഖല

ആലപ്പുഴ: പ്രതിപക്ഷ സംഘടനകളുടെ തുടര്‍ച്ചയായ രണ്ടു ദിവസത്തെ പണിമുടക്കില്‍ മത്സ്യബന്ധന മേഖല പൂര്‍ണമായും നിലച്ചു. തോട്ടപ്പള്ളി തുറമുഖം, വളഞ്ഞവഴിതീരദേശം, പുന്നപ്ര ഫിഷ് ലാന്‍ഡിങ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നു വള്ളങ്ങളൊന്നും കടലില്‍ പോയില്ല. കായംകുളം, ആയിരം തെങ്ങ് എന്നിവിടങ്ങളില്‍ നിന്നു മീന്‍ കൊണ്ടു വന്നു തോട്ടപ്പള്ളി തുറമുഖത്തു നടന്നിരുന്ന വില്‍പനയും ഉണ്ടായില്ല. അതേസമയം, ദേശീയപാത അരികില്‍ മീന്‍ വിറ്റവര്‍ക്കു മെച്ചപ്പെട്ട വില കിട്ടി. പൊന്തു വള്ളത്തില്‍ കിട്ടിയ മീനുകളാണ് ഇവയിലധികവും.

കടല്‍ ശാന്തമായതിനാല്‍ പൊന്തു വള്ളത്തില്‍ ആയാസം കൂടാതെ പോകാനായി. മത്തി കിലോയ്ക്കു 150 രൂപ, അയല 240, ചെമ്മീന്‍ 350, പൊടിമീന്‍ 100 എന്നിങ്ങനെയാണു വിറ്റുപോയത്. വാഹനങ്ങളിലെത്തി പച്ച മീന്‍ വാങ്ങിക്കാന്‍ ഗുണഭോക്താക്കള്‍ക്കുമായി. പണിമുടക്കായതിനാല്‍ ബോട്ടുകളും കടലില്‍ പോയില്ല. ഇന്നു ബോട്ടുകള്‍ കടലില്‍ പോകുന്നതോടെ മേഖല വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ.

സമുദ്രോല്‍പന്ന കയറ്റുമതിശാലകള്‍ പ്രവര്‍ത്തിക്കുന്ന അരൂര്‍ മേഖലയില്‍ ഹര്‍ത്താലും പണിമുടക്കും കാരണമുണ്ടായതു കോടികളുടെ നഷ്ടമുണ്ടാക്കി. പണിമുടക്കുമൂലം 20 കോടിരൂപയുടെ നഷ്ടമാണു പീലിങ് മേഖലയില്‍ മാത്രം ഉണ്ടായത്. ഹര്‍ത്താലില്‍ നിന്നും പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ചേംബര്‍ ഓഫ് കേരള സീഫുഡ് ഇന്‍ഡസ്ട്രിയും അനുബന്ധ സംഘടനകളും തീരുമാനം എടുത്തിരുന്നു.എന്നാല്‍ മതിയായ പൊലീസ് സംരക്ഷണം ലഭിക്കാഞ്ഞതോടെ ഭൂരിഭാഗം കയറ്റുമതി ശാലകളും പീലിങ് ഷെഡുകളും അടഞ്ഞു കിടന്നു. ചെമ്മീന്‍ തൊണ്ടുകള്‍ സംസ്‌കരിക്കുന്ന കൈറ്റീന്‍ ശാലകള്‍ തുറക്കാഞ്ഞതു പീലിങ് ഷെഡുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു.

shortlink

Related Articles

Post Your Comments


Back to top button