കോഴിക്കോട്: വർഗീയ കലാപം ലക്ഷ്യമിട്ട് കോഴിക്കോട് പേരാമ്പ്രയില്‍ ജുമുഅ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സിപിഎം നേതാവിന് ജാമ്യം ലഭിച്ച സംഭവത്തിൽ വിവാദം. മന്ത്രി ഇപി ജയരാജൻ അടക്കമുള്ളവർ അറസ്റ്റിനെതിരെ രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ നേതാവുമായ ചെറുവണ്ണൂര്‍ പന്നിമുക്ക് മാടമുള്ള മാണിക്കോത്ത് അതുല്‍ ദാസിന് ജാമ്യം ലഭിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഇയാളുടെ ജാമ്യാപേക്ഷയെ പോലീസ് എതിർത്തില്ലെന്നും ആരോപണമുണ്ട്.
പുറത്തിറങ്ങിയ അതുലിന് പാർട്ടി സ്വീകരണവും നൽകി. ഷാളണിയിച്ചാണ് അതുലിനെ ജയിലിൽ നിന്നും സ്വീകരിച്ച് പുറത്തിറക്കിയത്. ഇതോടെ പാർട്ടിയുടെ അറിവോടെ ബിജെപിക്കാരെ കുടുക്കാനാണ് അതുൽ പള്ളിക്ക് കല്ലെറിഞ്ഞതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഹർത്താലിന്റെ പേരിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് വർഗീയ കലാപം ലക്ഷ്യമിട്ടു പള്ളിക്ക് കല്ലെറിഞ്ഞ ഇയാൾക്കു ജാമ്യം ലഭിച്ചത്.
ഹർത്താൽ ദിവസം രാത്രിയായിരുന്നു അതുൽ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്ര കുറ്റ്യാടി റോഡിലുള്ള ജുമുഅ മസ്ജിദിന് നേരെയാണ് കല്ലെറിഞ്ഞത്. മതസ്പർദ്ധ ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് അതുൽ ദാസും സംഘവും കല്ലെറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പള്ളിക്കമ്മിറ്റി പ്രസിഡന്റ് എം.കെ.സി കുട്ട്യാലിയുടെ പരാതിയിലായിരുന്നു അതുൽദാസിനെ അറസ്റ്റ് ചെയ്തത്.
Post Your Comments