കണ്ണൂര്‍ : പണ്ടു കാലത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പ്രദേശമായിരുന്നു കണ്ണൂര്‍ ജില്ലയിലെ പാനൂര്‍. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. കഴിഞ്ഞ ഹര്‍ത്താലിനിടെ സംസ്ഥാനമൊട്ടകെ നടന്ന അക്രമ സംഭവങ്ങള്‍ക്കിടയിലും പാനൂര്‍ തലയുയര്‍ത്തി പിടിച്ച് പൊതുവെ ശാന്തമായി തന്നെ നില കൊണ്ടു.
പൊലീസുകാര്‍ പ്രദേശത്ത് നടത്തിയ ബോധവല്‍ക്കരണ ക്ലാസുകളും പദ്ധതികളുമാണ് ഈ മാറ്റത്തിന് പിന്നില്‍. യുവാക്കള്‍ക്കായി സൗജന്യ പിഎസ്‌സി പരിശീലന ക്ലാസു വരെ ഏര്‍പ്പെടുത്തി പൊലീസ് ഇവിടെ കൂടുതല്‍ ജനകീയമായി ഇടപെടല്‍ നടത്തി വരികയാണ്. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.
എന്നാലും പണ്ടു കാലത്തെ ഈ ‘ഭീകര ദേശത്ത്’ മകളെ കല്യാണം കഴിച്ച് പറഞ്ഞു വിടാന് ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിലെ രക്ഷിതാക്കള്‍ക്ക് ഇപ്പോഴും പേടിയാണ്. വിവാഹപ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത ആണുങ്ങള്‍ നാട്ടില്‍ പുര നിറഞ്ഞ് നില്‍പ്പാണ്.
എന്നാല്‍, വിധിയെ പഴിച്ച് ജീവിതം കളയാന്‍ അവരെ അനുവദിക്കില്ലെന്ന വാശിയിലാണ് പാനൂര്‍ പൊലീസ്. ഈ ചിന്താഗതി മാറ്റിയെടുക്കണം. വിവാഹ പ്രായം കഴിഞ്ഞ് ‘പുര നിറഞ്ഞു നില്‍ക്കുന്ന’ ആണുങ്ങളുടെ കണക്കെടുക്കലാണ് ആദ്യം. ഇതിന്റെ ആലോചനാ യോഗം കഴിഞ്ഞ മാസം നടന്നു. പാനൂര്‍ പൊലീസ് സര്‍ക്കിള്‍ പരിധിയിലെ ഒമ്പതിനായിരത്തോളം വീടുകളില്‍ സര്‍വേ നടത്തും. ഇവിടെ 30 ശതമാനം യുവാക്കളും പ്രായം കഴിഞ്ഞും അവിവാഹിതരായി കഴിയുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിര്‍ത്തി കടന്ന് കര്‍ണ്ണാടകത്തിലെ കുടകില്‍ നിന്ന് പെണ്‍ കെട്ടി കൊണ്ടുവന്നവരും ഇവിടെയുണ്ട്.
Post Your Comments