തിരുവനന്തപുരം: മാലിന്യകൂമ്പരാരമായി മാറിയിരുന്ന പാര്‍വതീ പുത്തനാറിന് പുതു രൂപം കൈവരുന്നു. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുകൂടി ഒഴുകി കഠിനംകുളം കായലില്‍ അവസാനിക്കുന്ന പതിനെട്ടു കിലോമീറ്റര്‍ നീളമുള്ള പാര്‍വതീ പുത്തനാര്‍ മാലിന്യം കൊണ്ട് നിറഞ്ഞ അവസ്ഥ യിലായിരുന്നു. ഒരുകാലത്ത് ആയിരക്കണക്കിനു പേര്‍ക്ക് തെളിനീര് നല്‍കുകയും മൂന്നു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്ത പുത്തനാറിനെ ഈ ദുരവസ്ഥയില്‍ നിന്നും രക്ഷിക്കണമെന്നത് കാലങ്ങളായുള്ള തലസ്ഥാന വാസികളുടെ ആഗ്രഹമായിരുന്നു.
അറവുമാടുകളുടെ അവശിഷ്ടങ്ങളും ഫ്‌ളാറ്റുകളിലും ആശുപത്രികളിലും വീടുകളിലും നിന്നുമുള്ള മാലിന്യങ്ങളും പായലും ചെളിയും നിറഞ്ഞ് ആറ് തീര്‍ത്തും വികൃതമായ അവസ്ഥയിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാറ്റ് പാക്ക് നടത്തിയ പഠനത്തില്‍ ഇവിടെ മാരകമായ രാസവസ്തുളുടെ സാന്നിധ്യമുണ്ടെന്നും കണ്ടെത്തി. എന്നാല്‍ ഒഴുക്ക് നിലച്ച പാര്‍വതീ പുത്തനാറിനിന്ന് പുതുരൂപം കൈവന്നിരിക്കുകയാണ്. കോവളം മുതല്‍ ആനക്കുളം വരെയുള്ള ഭാഗത്തെ മാലിന്യങ്ങള്‍ മുഴുവന്‍ നീക്കി കേരള വാട്ടര്‍വെയ്‌സ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ഇപ്പോള്‍ പാര്‍വതീ പുത്തനാറിന്റെ ആഴം കൂട്ടല്‍ പ്രവര്‍ത്തിയാണ് നടക്കുന്നത്. വീടുകളിലെ സെപ്റ്റിക് മാലിന്യങ്ങള്‍ ആറിലേക്കെത്തുന്നത് തടയാനും പദ്ധതിയുണ്ട്. ശുചിത്വ മിഷനുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അരനൂറ്റാണ്ട് മുമ്പത്തേത് പോലെ പാര്‍വതീ പുത്തനാറിലൂടെ ബോട്ടുകള്‍ ഓടിക്കാനുള്ള നിശ്ചയ ദാര്‍ഢ്യവുമായാണ് പുനരുജ്ജീവന പദ്ധതി പുരോഗമിക്കുന്നത്. മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും അതേപോലെ പ്രകൃതിയുടെ നിലനില്‍പ്പിന് പോലും ബാധകമായേക്കാവുന്ന തരത്തില്‍ നാശത്തിന്റെ വക്കിലെത്തിയ പാര്‍വതീ പുത്തനാറിന് പുതുജീവന്‍ നല്‍കിയ വിവരം അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.
Post Your Comments